Image

ഭൂമികുംഭകോണം സര്‍ക്കാര്‍ നയമാണോയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം: വി.എസ്.

Published on 24 April, 2012
ഭൂമികുംഭകോണം സര്‍ക്കാര്‍ നയമാണോയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം:  വി.എസ്.
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമികുംഭകോണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുജിസി നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വൈസ് ചാന്‍സലറുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്‌ടോയെന്ന് വ്യക്തമാക്കണമെന്നും വി.എസ് പറഞ്ഞു. തീരുമാനം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറാകാത്തത് ദുരൂഹമാണ്. സര്‍വകലാശാല ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരേ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരും. കാലിക്കറ്റ് സര്‍വകലാശാലയുടെ ഒരിഞ്ചു ഭൂമി പോലും സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെയും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയുടെയും എം.കെ. മുനീറിന്റെയും ബന്ധുക്കള്‍ ചെയര്‍മാന്‍മാരായ സൊസൈറ്റികള്‍ക്കാണ് 40 ഏക്കറോളം ഭൂമി നല്‍കിയിരിക്കുന്നത്. ഭൂമിദാനത്തിന്റെ ഒന്നാം ഘട്ടമാണിത്. ലക്ഷക്കണക്കിന് വിലയുള്ള ഭൂമിയാണ് അവസരം മുതലെടുത്ത് കച്ചവടം ചെയ്തിരിക്കുന്നത്. ഇനിയും ഭൂമി നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റിന്റെ നയപരമായ തീരുമാനമെന്നും റിപ്പോര്‍ട്ടുള്ളതായി വി.എസ് പറഞ്ഞു. 36 സ്വാശ്രയ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തെയും വി.എസ് വിമര്‍ശിച്ചു. കേരള ചരിത്രത്തില്‍ ഇത്രയധികം കോളജുകള്‍ക്ക് ഒറ്റയടിക്ക് അംഗീകാരം നല്‍കിയ ചരിത്രം മുന്‍പില്ല. അഫിലിയേഷന്‍ അനുവദിച്ച 36 കോളജുകളില്‍ 28 ഉം ലീഗുമായി ഏതെങ്കിലും ബന്ധമുള്ള സൊസൈറ്റികള്‍ക്കോ ട്രസ്റ്റുകള്‍ക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാരലല്‍ കോളജുകള്‍ പോലെ അഫിലിയേഷന്‍ കോളജുകള്‍ ആരംഭിക്കാനാണ് നീക്കമെന്നും ഇതും സര്‍ക്കാര്‍ നയത്തിന് അനുസൃതമാണോയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക