Image

അഴകന്‍ അനി കൊലക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

Published on 24 April, 2012
അഴകന്‍ അനി കൊലക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: കുര്യാത്തി അഴകന്‍ അനി കൊലക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ ഇടപ്പകത്താണ് ശിക്ഷ വിധിച്ചത്. 2005 ജൂണ്‍ 5ന് കുര്യാത്തി പുത്തന്‍ കോട്ടയിലെ ജനകീയ വായനശാല പൊളിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തിനിടെയാണ് അഴകന്‍ അനി എന്ന അനില്‍കുമാര്‍ കൊല്ലപ്പെട്ടത്.

കുര്യാത്തി ദേവി നഗര്‍ സ്വദേശികളായ ഷൈലന്‍ എന്ന സുനില്‍കുമാര്‍ (33), സിന്ധു എന്ന് വിളിക്കുന്ന സജികുമാര്‍ (30), കുട്ടന്‍ എന്നു വിളിക്കുന്ന ശ്രീകുമാര്‍(29), പ്രശാന്ത്(29) കരമന നെടുംകാട് സ്വദേശി രാജേഷ് (30), ആര്‍. ശേഖര്‍ (30), കൊല്ലം നീണ്ടകര മാമന്‍ തുരുത്ത് സ്വദേശിയും കുര്യാത്തിയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ പ്രദീപ്(38) എന്നിവരെയണ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേരെ വെറുതെ വിട്ടു. കുര്യാത്തി ദേവിനഗര്‍ സ്വദേശികളായ ശിവകുമാര്‍ (40), എസ്.സുരേഷ്‌കുമാര്‍ (41)എന്നിവരെയാണ് വെറുതെ വിട്ടത്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികളായ ഷൈലന്‍, സജികുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സഹോദരന്മാരാണ്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ്.വിജയകുമാര്‍, അഭിഭാഷകരായ കാട്ടായിക്കോണം അജിത്ത് പ്രസാദ്, ചന്തവിള ഷമീര്‍ എന്നിവര്‍ ഹാജരായി. കേസില്‍ 34 സാക്ഷികളെ വിസ്തരിച്ചു. 76 രേഖകളും 37 തൊണ്ടി മുതലുകളും ഹാജരാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക