Image

ഭൂമിവിവാദം: തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി

Published on 24 April, 2012
ഭൂമിവിവാദം: തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി
തൃശൂര്‍: വിവാദമായ കോഴിക്കോട് സര്‍വകലാശാലയിലെ ഭൂമിദാന തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി. നേരത്തെയെടുത്ത തീരുമാനം മരവിപ്പിക്കുന്നതായി കഴിഞ്ഞദിവസം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച്ച വീണ്ടും അടിയന്തര യോഗം ചേര്‍ന്ന് തീരുമാനം റദ്ദാക്കുകയും ചെയ്തു. 

അതേസമയം യൂണിവേഴ്‌സിറ്റിയില്‍ ലീഗ് നേതാക്കളും വൈസ് ചാന്‍സലറും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ഹര്‍ജി മെയ് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. ലീഗ് നേതാക്കള്‍ക്കെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫാണ് ഹര്‍ജി നല്‍കിയത്. ലീഗ് സ്വന്തം പാര്‍ട്ടി നേതാവിന്റെ പേരിലുള്ള ട്രസ്റ്റിന് വന്‍തോതില്‍ ഭൂമി കൈമാറാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 

ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവരെ എതിര്‍കക്ഷികളാക്കുന്നതാണ് വിജിലന്‍സ് കോടതിയില്‍ വന്ന ഹര്‍ജി. വിവിധ സ്വകാര്യ ട്രസ്റ്റുകള്‍ക്കായി 20 ഏക്കറോളം ഭൂമിയാണ് കൈമാറാന്‍ തീരുമാനിച്ചത്. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക