Image

റാങ്കുകളുടെ സ്വാമിക്ക് ഒരു അപൂര്‍വ നേട്ടം കൂടി

Published on 24 April, 2012
റാങ്കുകളുടെ സ്വാമിക്ക് ഒരു അപൂര്‍വ നേട്ടം കൂടി
കോട്ടയം: റാങ്കുകളുടെയും ഒന്നാം സ്ഥാനങ്ങളുടെയും റിക്കാര്‍ഡുകാരന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി. ഗവണ്മെന്റ് സെക്രട്ടറിയും ഇപ്പോള്‍ സിവില്‍ സപ്ലൈസ് കമ്മീഷണറുമായ ഡോ. രാജു നാരായണസ്വാമി മറ്റു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അക്കഡേമിക് വിജയമാണിപ്പോള്‍ കൈവരിച്ചിരിക്കുന്നത്. ലോകബാങ്കിന്റെ ദുരന്തനിവാരണ വിഭാഗമായ ഗ്ലോബല്‍ ഫസിലിറ്റി ഫോര്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍(ജിഎഫിഡിആര്‍ആര്‍) ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ചേര്‍ന്നു നടത്തുന്ന പത്ത് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുയാണദ്ദേഹം. 

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാന കോഴ്‌സും ഒമ്പതു പ്രത്യേക കോഴ്‌സുകളും ഉള്‍പ്പെടുന്നതാണിത്. ഈ പത്തു കോഴ്‌സുകളും പാസാകുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണദ്ദേഹം. ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങി വ്യത്യസ്തങ്ങളായ ദുരന്തങ്ങളെ നേരിടാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും ഇതര സഹായങ്ങളും ലോകബാങ്ക് പോലുള്ള ഏജന്‍സികളില്‍നിന്നു ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചതാണ് ഈ കോഴ്‌സുകള്‍. നിരവധി പ്രോജക്ടുകളും ഓണ്‍ലൈന്‍ അസൈന്‍മെന്റുകളും ഇതിന്റെ ഭാഗമായി അദ്ദേഹം ചെയ്തു. 

ഈ കോഴ്‌സ് പാസായതിന്റെ അടിസ്ഥാനത്തില്‍ രാജു നാരായണസ്വാമിയെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ വിദഗ്ധസമിതിയില്‍ അംഗമായി ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായി നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിരീക്ഷകനായിരുന്നു. ചങ്ങനാശേരി എസ്ബി കോളജ് മുന്‍ അധ്യാപകന്‍ കെ.എസ്. വെങ്കിടാചെലം അയ്യരുടെയും എല്‍. രാജമ്മാളുടെയും പുത്രനാണ്. അഡ്വ. എം.ഡി. ബീനയാണ് ഭാര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക