Image

ജേക്കബ് ഗ്രൂപ്പില്‍ പാര്‍ട്ടി ലീഡര്‍ പദവിയെ ച്ചൊല്ലി തര്‍ക്കം

Published on 24 April, 2012
ജേക്കബ് ഗ്രൂപ്പില്‍ പാര്‍ട്ടി ലീഡര്‍ പദവിയെ ച്ചൊല്ലി തര്‍ക്കം

കോട്ടയം: കേരള കോണ്‍ഗ്രസ് -ജേക്കബ് ഗ്രൂപ്പില്‍ പാര്‍ട്ടി ലീഡര്‍ പദവിയെ ച്ചൊല്ലി തര്‍ക്കം രൂക്ഷമായി. ചൊവ്വാഴ്ച വൈകുന്നേരം കോട്ടയത്തെ പാര്‍ട്ടി ഓഫിസില്‍ മന്ത്രി അനൂപ് ജേക്കബിന്റെ സാന്നിധ്യത്തില്‍ നടന്ന ഹൈപവര്‍ കമ്മിറ്റി യോഗത്തിലാണ് രൂക്ഷമായ വാഗ്വാദത്തിന് വഴിയൊരുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്.

ടി.എം. ജേക്കബ് വഹിച്ചിരുന്ന പാര്‍ട്ടിലീഡര്‍ പദവി അനൂപ് ജേക്കബിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈപവര്‍ സമിതി അംഗമായ കെ.ജി. പുരുഷോത്തമന്‍ അവതരിപ്പിച്ച പ്രമേയമാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്.

പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അടക്കം സമിതിയിലെ നാലുപേര്‍ ഇതിനെ എതിര്‍ത്തതോടെ വാഗ്വാദത്തിലേക്ക് വഴിതുറന്നു. പാര്‍ട്ടി ലീഡര്‍ എന്നത് ജേക്കബിന് മാത്രം നല്‍കിയിരുന്ന പ്രത്യേക പദവിയായിരുന്നെന്നും ഇനി അത്തരമൊരു തസ്തിക വേണ്ടെന്നും പാര്‍ട്ടിയുടെ തലപ്പത്ത് പ്രഥമസ്ഥാനം ചെയര്‍മാനാണെന്നുമായിരുന്നു ജോണിയോടൊപ്പമുണ്ടായിരുന്നവരുടെ വാദം. ആവശ്യമെങ്കില്‍ പാര്‍ട്ടിയില്‍ ഒരു ജനറല്‍ സെക്രട്ടറി പദവി അനൂപിന് നല്‍കാമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, പാര്‍ട്ടി ചെയര്‍മാന്‍ ഏറ്റവും ഉയര്‍ന്ന പദവിയായാല്‍ അദ്ദേഹത്തിന് മന്ത്രിയെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വേണമെങ്കില്‍ ഇലക്ഷന്‍ കമീഷനടക്കം കത്ത് നല്‍കാന്‍ അധികാരം ലഭിക്കുമെന്നും അത് കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിലേതുപോലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അനൂപിനുവേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. മന്ത്രിയെ തന്റെ വരുതിയില്‍ നിര്‍ത്താനുള്ള ആയുധമായി ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ചിലര്‍ പറഞ്ഞു. ഇതിനിടെ, ജോണി നെല്ലൂര്‍ രാജിഭീഷണിയും മുഴക്കി.

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ താന്‍ ലീഡര്‍ പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഒടുവില്‍ സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും പുരുഷോത്തമന്റെ പ്രമേയത്തെ പിന്താങ്ങിയെങ്കിലും അനൂപ് ഇടപെട്ട് പാര്‍ട്ടി ചെയര്‍മാനുമായി ചര്‍ച്ചചെയ്ത് പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച് പ്രശ്നം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

പാര്‍ട്ടി ഹൈപവര്‍ സമിതിയില്‍ അംഗമല്ലാതിരുന്ന അനൂപ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയിലാണ് ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തത്. ജോണി സെബാസ്റ്റ്യന്‍, ജോര്‍ജ് ജോസഫ്, ജോര്‍ജ് കുന്നപ്പുഴ എന്നിവരാണ് ജോണി നെല്ലൂരിനുവേണ്ടി യോഗത്തില്‍ സംസാരിച്ചത്.

(Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക