Image

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.64

Published on 25 April, 2012
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.64
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു. 2008 ല്‍ രേഖപ്പെടുത്തിയ 92.09 ശതമാനമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിജയശതമാനം.

മോഡറേഷന്‍ ഇക്കൊല്ലവും നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഇതില്‍ 210 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടും. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ എ പ്ലസുകള്‍. കണ്ണൂര്‍ ജില്ല ഏറ്റവും ഉയര്‍ന്ന വിജയശതമാനം (96.93) നേടിയപ്പോള്‍ ഏറ്റവും കുറവ് വിജയശതമാനം പാലക്കാട് ജില്ലയ്ക്കാണ് (86.91).

മാര്‍ച്ച് 26 നാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചിരുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മാസം തികയുമ്പോള്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നത്. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും തിരികെ കൊണ്ടുവന്നതിലൂടെ പഠനരംഗത്തെ മികവ് മെച്ചപ്പെട്ടതായി മന്ത്രി പറഞ്ഞു. രണ്ട് സ്‌കൂളുകളില്‍ മാത്രമാണ് വിജയശതമാനം അമ്പതില്‍ താഴെയായത്. പരീക്ഷാഫലത്തിലും ഇത് ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മെയ് 15 ന് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 30 മുതല്‍ അടുത്ത മാസം നാല് വരെ സമര്‍പ്പിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക