Image

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന‌് മമത; പിന്മാറ്റവിവരം ചൂണ്ടികാണിച്ച‌് കത്ത‌യച്ചു

Published on 29 May, 2019
മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന‌് മമത; പിന്മാറ്റവിവരം ചൂണ്ടികാണിച്ച‌് കത്ത‌യച്ചു

ന്യൂഡൽഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം നിരസിച്ച‌് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിലെ രാഷ്ട്രീയസംഘർഷങ്ങളിൽ 54 ബിജെപി പ്രവർത്തകർ മരണപ്പെട്ടു എന്ന പ്രചാരണത്തിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം. കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെക്കൂടി മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ബംഗാളിൽ പ്രവർത്തകർ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നത‌് തെറ്റാണെന്നും പശ്ചിമബംഗാളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ലെന്നും ചൂണ്ടികാണിച്ച‌് കത്ത‌് നൽകിയാണ‌് പിന്മാറ്റ വിവിരം മമത അറിയിച്ചത‌്.

"അഭിനന്ദനങ്ങൾ, നിയുക്ത പ്രധാനമന്ത്രി. ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. എന്നാൽ പശ്ചിമബംഗാളിൽ 54 ബിജെപി പ്രവർത്തകർ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി അവസാന മണിക്കൂറുകളിൽ ചില മാധ്യമറിപ്പോർട്ടുകൾ കണ്ടു. ഇത് പൂർണമായും തെറ്റാണ്. പശ്ചിമബംഗാളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. വ്യക്തി വിരോധമോ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കോ, മറ്റ് സംഘർഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല. 

അതുകൊണ്ടു തന്നെ ക്ഷമിക്കണം മോഡിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല. 

സത്യപ്രതിജ്ഞാ ചടങ്ങുകൾ ജനാധിപത്യത്തിന്‍റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്. അല്ലാതെ ചില രാഷ്ട്രീയ പാർട്ടികൾ സത്യപ്രതിജ്ഞയെ രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്. എന്നോട് ക്ഷമിക്കുക'. എന്നാതായിരുന്നു കത്തിലെ ഉള്ളടക്കം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക