Image

ജനിച്ചത് മന്ത്രിയായിട്ടല്ലാഞ്ഞതിനാല്‍ മന്ത്രിയാകാഞ്ഞതില്‍ യാതൊരു വിഷമവുമില്ല,കണ്ണന്താനം

Published on 31 May, 2019
ജനിച്ചത് മന്ത്രിയായിട്ടല്ലാഞ്ഞതിനാല്‍ മന്ത്രിയാകാഞ്ഞതില്‍ യാതൊരു വിഷമവുമില്ല,കണ്ണന്താനം


തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യ വട്ടം അധികാരത്തിലേറിയപ്പോള്‍ സ്വതന്ത്ര ചുമതലയോടെ കൂടിയ ടൂറിസം മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രണ്ടാം മോദി മന്ത്രിസഭയില്‍ അവസരം ലഭിച്ചില്ല. മന്ത്രി പദവിയില്‍ നിന്നും പുറത്തായെങ്കിലും അതില്‍ നിരാശയില്ലെന്നാണ് കണ്ണന്താനം പറയുന്നത്. താന്‍ മന്ത്രിയായല്ല ജനിച്ചതെന്നും മന്ത്രിയാക്കാത്തതില്‍ വിഷമമില്ലെന്നുമാണ് കണ്ണന്താനം പറയുന്നത്. അതേസമയം മന്ത്രിയായിരുന്നപ്പോള്‍ നല്ലത് ചെയ്‌തെന്നും, ഇനി എംപിയെന്ന നിലയില്‍ ചെയ്യാനുള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബിജെപിക്ക് വളര്‍ച്ച പോരെന്നും ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തിനുണ്ടായില്ലെന്നും, കൂട്ടായ ശ്രമങ്ങളിലൂടെ വളര്‍ച്ച വേഗത്തിലാക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.'ജീവിതം എന്ന് പറഞ്ഞാല്‍ സന്തോഷിക്കാനുള്ളതാണ്.

ഞാന്‍ മന്ത്രിയായല്ല ജനിച്ചത്. മന്ത്രിസ്ഥാനം വന്നു, നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നു.ഇപ്പോള്‍ എംപിയായി തുടരുന്നു.മൂന്ന് വര്‍ഷവും രണ്ട് മാസവും ഉണ്ട്.ആരെ ക്യാബിനറ്റ് മന്ത്രിയാക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമാണ്. ഇപ്രാവശ്യം കേരളത്തില്‍ നിന്ന് മുരളീധരനെ തിരഞ്ഞെടുത്തു. വളരെ സന്തോഷം. അദ്ദേഹം അനുഭവ സമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. കേരളത്തില്‍ 2014നേക്കാള്‍ ബിജെപി വോട്ടുകള്‍ നേടി. എന്നാല്‍ തൃപുരയിലൊക്കെ വളര്‍ച്ച പെട്ടെന്നാണ്. കേരളവും പെട്ടെന്ന് വളരണം. കൂട്ടായ ശ്രമങ്ങളിലൂടെ വളര്‍ച്ച വേഗത്തിലാക്കാം. രാജസ്ഥാനില്‍ കുറച്ച് ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. അവിടെപ്പോയി പ്രവര്‍ത്തിക്കണം. കേരളം എന്റെ ഹൃദയത്തിന്റെ ഭാഗമാണ്.'കണ്ണന്താനം പറഞ്ഞു.

18 മാസമാണ് തനിക്ക് മന്ത്രിയായിരിക്കാന്‍ കഴിഞ്ഞത്. ഇതിലൂടെ വലിയ അവസരം പ്രധാനമന്ത്രി തനിക്ക് നല്‍കിയതില്‍ നന്ദിയുണ്ട്. ടൂറിസം മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഈ 18 മാസം കൊണ്ട് ലോക ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ നമുക്ക് ലോകത്ത് മൂന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. വലിയ വലിയ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. പുതിയ മന്ത്രി അതൊക്കെ ചെയ്ത് തീര്‍ക്കും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക