Image

ബാലഭാസ്‌കർ പിൻ സീറ്റിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു , അപകട സമയത്ത് വണ്ടിയോടിച്ചത് അര്‍ജുനെന്ന് ദൃക്‌സാക്ഷി

Published on 09 June, 2019
ബാലഭാസ്‌കർ പിൻ സീറ്റിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു , അപകട സമയത്ത് വണ്ടിയോടിച്ചത് അര്‍ജുനെന്ന് ദൃക്‌സാക്ഷി

കൊല്ലം: വയലിനിസ്റ്റ് ബാലഭാസ്‌‌കറിന്റെ  അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന നന്ദുവാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കാർ ഓടിച്ചത് അർജുൻ തന്നെയാണെന്നും, ബാലഭാസ്‌കർ പിൻ സീറ്റിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നും നന്ദു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലും ഇയാൾ ഇതേ കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്.

'അപകടം നടന്ന് രണ്ട് മൂന്ന് മിനിട്ട് ആയിട്ടേയുണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നു ഞാനും സഹോദരനും. പള്ളിപ്പുറം കഴിഞ്ഞപ്പോൾ വാഹനം മരത്തിലിടിച്ചു കിടക്കുകയായിരുന്നു. മുൻവശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. സീറ്റ് ബെൽറ്റ് എടുത്ത് മാറ്റി ചേച്ചിയെ രക്ഷിച്ചു. വണ്ടി ഓഫ് ചെയ്‌തു.

നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവർക്ക് ബോധമുണ്ടായിരുന്നു. ബാലഭാസ്‌കർക്ക് അനക്കമില്ലായിരുന്നു. ടീഷർട്ടും ബർമുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങൾ കണ്ടത്', നന്ദു പറയുന്നു. നാലു പേർ കാറിനു സമീപത്തും പതിനഞ്ചോളം പേർ പിന്നിലായും നിൽക്കുന്നതാണ് കണ്ടത്. പരിക്കുള്ളതിനാൽ കാറിൽ നിന്ന് സ്വയം ഇറങ്ങാൻ കഴിയില്ലെന്ന് ഡ്രൈവർ അർജുൻ തന്നോട് പറഞ്ഞതായും നന്ദു വെളിപ്പെടുത്തി.

എന്നാല്‍ അപകടം നടന്നത് കണ്ട് ഓടിച്ചെന്നപ്പോള്‍ ബാലഭാസകറായിരുന്നു ഡ്രൈവിംഗ് സീറ്റിലെന്ന മറ്റൊരു സാക്ഷിയുടെ മൊഴിയാണ് പോലിസിനെ കുഴപ്പിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറായ വെള്ളറട സ്വദേശി സി അജിയാണ് വണ്ടിയോടിച്ചത് ബാലാഭാസ്കറായിരുന്നു എന്ന തരത്തിലെ മൊഴി നല്‍കിയത്. 

"ആറ്റിങ്ങലിൽ നിന്നു ഞാനും കണ്ടക്ടറും ചായകുടിച്ച ശേഷം ബസ് എടുത്തു. കുറെ ദൂരം പിന്നിട്ടപ്പോൾ 2 വാഹനങ്ങൾ ഓവർടേക് ചെയ്തു. അതിലൊരു കാർ പള്ളിപ്പുറം സിഗ്നൽ പിന്നിട്ടപ്പോൾ വളവു കഴിഞ്ഞു റോഡ‍ിന്റെ വലതുവശത്തേക്കു വേഗത്തിൽ നീങ്ങി. പെട്ടെന്നു വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു. ബസ് വശത്ത് ഒതുക്കി ഞാൻ ചാടിയിറങ്ങി. ഗിയർ ലിവറിനു സമീപം കുട്ടിയും മുൻവശത്തെ ഇടതു സീറ്റിൽ ഒരു സ്ത്രീയും ബോധമറ്റു കിടക്കുകയായിരുന്നു. അതുവഴിപോയ കാർ നിർത്തിച്ചു ജാക്കിലിവർ വാങ്ങി കാറിന്റെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തെടുത്തു; പിന്നാലെ സ്ത്രീയെയും. പിന്നിൽ കിടക്കുകയായിരുന്നയാളെ നാട്ടുകാർ ചേർന്നു വാതിൽ പൊളിച്ചു പുറത്തെടുത്തു. ഡ്രൈവിങ് സീറ്റിലായിരുന്നയാളെയും പിന്നാലെ പുറത്തെടുത്തു. ബാലഭാസ്കറായിരുന്നു ഡ്രൈവിങ് സീറ്റിൽ". എന്നായിരുന്നുഅജിയുടെ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക