Image

ബംഗാളില്‍ സംഘര്‍ഷം വ്യാപിക്കുന്നു; രണ്ടു പേര്‍ കൊല്ലപ്പെട്ടു, മമത പ്രത്യേക യോഗം വിളിച്ചു

Published on 20 June, 2019
ബംഗാളില്‍ സംഘര്‍ഷം വ്യാപിക്കുന്നു; രണ്ടു പേര്‍ കൊല്ലപ്പെട്ടു, മമത പ്രത്യേക യോഗം വിളിച്ചു


കൊല്‍ക്കത്ത: ബംഗാളിലെ ഭത്‌പാരയില്‍ വ്യാപക സംഘര്‍ഷം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയോട്‌ ചേര്‍ന്ന പ്രദേശമാണ്‌ ഭത്‌പാര. അജ്ഞാത സംഘങ്ങളാണ്‌ ഏറ്റുമുട്ടിയത്‌ എന്നാണ്‌ വിവരം. ആദ്യം ഒരു മരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 

 പിന്നീടാണ്‌ പരിക്കേറ്റ വ്യക്തി കൂടി മരിച്ച വിവരം പുറത്തുവന്നത്‌. അടിയന്തര യോഗം ചേര്‍ന്ന്‌ വിഷയം ചര്‍ച്ച ചെയ്യാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി.

തുടര്‍ന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി, ചീഫ്‌ സെക്രട്ടറി, മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്നു. 17കാരനായ റാംബാബു ഷാവുവാണ്‌ കൊല്ലപ്പെട്ടതില്‍ ഒരാള്‍. ഇയാള്‍ തെരുവ്‌ കച്ചവടക്കാരനാണ്‌. ഗുരുതരമായ പരിക്കേറ്റ്‌ ആശുപത്രിയിലെത്തിച്ച വ്യക്തിയും മരണപ്പെട്ടു. മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌.

പെട്രോള്‍ ബോംബ്‌ എറിഞ്ഞ ശേഷമാണ്‌ ആക്രമണം തുടങ്ങിയത്‌ എന്നാണ്‌ വിവരം. വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്‌. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

ആകാശത്തേക്ക്‌ വെടിയുതിര്‍ക്കുകയും ചെയ്‌തു. ഭത്‌പാരയില്‍ പുതിയ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം ഡിജിപി ഉദ്‌ഘാടനം ചെയ്യുന്നതിന്‌ തൊട്ടുമുമ്‌ബാണ്‌ എല്ലാ സംഭവങ്ങളുമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക