Image

മഅ്ദനിക്ക് വീണ്ടും ലേസര്‍ തെറപ്പി

Published on 30 April, 2012
മഅ്ദനിക്ക് വീണ്ടും ലേസര്‍ തെറപ്പി
ബംഗളൂരു: കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഇരു കണ്ണുകളുടെയും കാഴ്ച തകരാറിലായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്്ദുന്നാസിര്‍ മഅ്ദനിക്ക് ലേസര്‍ തെറപ്പി നടത്തി. ബംഗളൂരു രാജാജി നഗര്‍ നാരായണ നേത്രാലയ ആശുപത്രിയിലാണ് 50 ശതമാനത്തിന് മുകളില്‍ കാഴ്ച നഷ്ടപ്പെട്ട ഇടതു കണ്ണിന് വീണ്ടും ലേസര്‍ തെറപ്പി നടത്തിയത്.
2008ലെ ബംഗളൂരു സ്ഫോടന കേസില്‍ 2010 ആഗസ്റ്റിലാണ്് കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍െറ ഭാഗമായി മേയ് 17ന് അദ്ദേഹമുള്‍പ്പടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
മാര്‍ച്ച് 19ന് ഇതേ കണ്ണിന് തെറപ്പി നടത്തിയിരുന്നുവെങ്കിലും ഫലപ്രദമാവാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചെയ്യേണ്ടി വന്നത്. പ്രമേഹ രോഗികള്‍ക്കുണ്ടാവുന്ന ഡയബറ്റിക് റെറ്റിനോപ്പതിയാണ് മഅ്ദനിയെ ബാധിച്ചത്. കണ്ണിലെ ഞരമ്പുകള്‍ പൊട്ടി രക്്തം കട്ടപിടിച്ച് കാഴ്ച മങ്ങുന്ന അവസ്ഥയാണിത്.
കഴിഞ്ഞവര്‍ഷം പ്രമേഹം രൂക്ഷമായി മഅ്ദനിയെ ജയദേവാ മെഡിക്കല്‍ ഇന്‍സ്്റ്റിറ്റ്യൂട്ടിലെ ഡയബറ്റിക് സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്നു. റെറ്റിനോപ്പതി ബാധിച്ചതിനാല്‍ തുടര്‍ ചികിത്സകള്‍ മുടങ്ങാതെ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ജയിലധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. കാഴ്ച കൂടുതല്‍ മങ്ങിയതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് മഅ്ദനി പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 19ന് നാരായണ നേത്രാലയത്തില്‍ പ്രവേശിപ്പിച്ചത്. അവിടുത്തെ പരിശോധനയിലാണ് ഇടതു കണ്ണിനെ ഗുരുതരമായി രോഗം പിടികൂടിയതായി കണ്ടെത്തി ആദ്യ ലേസര്‍ തെറപ്പി നടത്തിയത്. അപ്പോഴേക്കും വലതു കണ്ണിനെയും അസുഖം ബാധിച്ചിരുന്നു. കാഴ്ചക്ക് മങ്ങല്‍ ബാധിച്ചതോടെ ഏപ്രില്‍ നാലിന് വലതു കണ്ണിനും ഏപ്രില്‍ 27ന് ഇടതു കണ്ണിനും തെറപ്പി നടത്തി. തെറപ്പി ചികിത്സകൊണ്ട് ഫലം കണ്ടില്ലെങ്കില്‍ കണ്ണിന് കുത്തിവെപ്പ് നടത്തുകയാണ് അടുത്ത ഘട്ടം. എന്നിട്ടും സുഖം പ്രാപിച്ചില്ലെങ്കില്‍ ഓപറേഷന്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിച്ചു. രക്തസമ്മര്‍ദവും മറ്റു അസുഖങ്ങളും മൂലം കഷ്ടപ്പെടുന്ന മഅ്ദനി കാഴ്ചകൂടി മങ്ങിയതോടെ തീര്‍ത്തും അവശനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക