Image

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണം; പുനഃപരിശോധനാഹര്‍ജി സുപ്രീം കോടതി തള്ളി

Published on 11 July, 2019
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണം; പുനഃപരിശോധനാഹര്‍ജി സുപ്രീം കോടതി തള്ളി


കൊച്ചി ; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാടില്‍ ഉറച്ച്‌ സുപ്രീംകോടതി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായ പുനപരിശോധനാഹര്‍ജി കോടതി തള്ളി. ഫ്‌ളാറ്റ്‌ നിര്‍മാതാക്കളുടെ ഹര്‍ജികളില്‍ ഇടപെടേണ്ടതില്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. 

ജസ്റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ്‌ തീരുമാനം. നാല്‌ ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ പുനപരിശോധനാഹര്‍ജികളാണ്‌ തള്ളിയത്‌.

മരട്‌ നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ച്‌ നിര്‍മിച്ച ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന്‌ സുപ്രീം കോടതി മെയ്‌ എട്ടിനാണ്‌ വിധിച്ചത്‌. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ്‌ ഇരട്ട ഫ്‌ളാറ്റ്‌ സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്‌ത്‌ എച്ച്‌ടുഒ, ഹോളിഡേ ഹെറിറ്റെജ്‌, നെട്ടൂര്‍ കേട്ടേഴത്ത്‌ കടവ്‌ ജെയ്‌ന്‍ കോറല്‍ കോവ്‌, ഗോള്‍ഡന്‍ കായലോരം എന്നിവയുടെ മുന്നൂറ്റി അന്‍പതോളം ഫ്‌ളാറ്റുകളാണ്‌ പൊളിക്കേണ്ടത്‌. 

നിര്‍മാണങ്ങള്‍ക്ക്‌ കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല- മൂന്നില്‍ (സിആര്‍സെഡ്‌) ഉള്‍പ്പെട്ട പ്രദേശത്താണ്‌ ഫ്‌ളാറ്റുകള്‍. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ മരട്‌ പഞ്ചായത്ത്‌ 2006-07 ല്‍ നിര്‍മാണാനുമതി നല്‍കുകയായിരുന്നു. സിആര്‍സെഡ്‌ - 3ലെ പ്രദേശത്ത്‌ തീരമേഖലയില്‍ നിന്ന്‌ 200 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മാണങ്ങള്‍ പാടില്ല എന്നീ കാരണങ്ങളാലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക