Image

ആദിവാസികള്‍ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസ് നടി മഞ്ജു വാര്യര്‍ ഒത്തുതീര്‍പ്പാക്കി

Published on 15 July, 2019
ആദിവാസികള്‍ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസ് നടി മഞ്ജു വാര്യര്‍ ഒത്തുതീര്‍പ്പാക്കി


കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടി മഞ്ജു വാര്യര്‍ വഞ്ചിച്ചുവെന്ന കേസ് ഒത്തുതീര്‍പ്പാക്കി. സര്‍ക്കാരിന് പത്ത് ലക്ഷം രൂപ നല്‍കി ആദിവാസി കോളനി നവീകരണത്തില്‍ പങ്കാളിയാകുമെന്ന് മഞ്ജു അറിയിച്ചു. ഈ വിഷയത്തില്‍ ഇനിയും നാണക്കേട് സഹിക്കാന്‍ വയ്യെന്നും താരം സര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കി

2017ലാണ് പണിയ വിഭാഗക്കാരായ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വേ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനമനുസരിച്ച് പനമരം പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിന് ശേഷം അവര്‍ പിന്‍മാറുകയായിരുന്നു

പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളാണ് പരക്കുനി, പരപ്പില്‍ എന്നിവ. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടി രൂപയിലധികം ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി അവിടെ വേറ ഫണ്ട് അനുവദിക്കേണ്ടന്ന് അധികൃതര്‍ തീരുമാനിച്ചതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. ഇതേതുടര്‍ന്ന് നടിക്കെതിരെ പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. 

കേസില്‍ ഈ മാസം 15ന് നടി നേരിട്ട് ഹാജരാകണമെന്ന് അതോറിറ്റി നടിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതേ പരാതിയില്‍ മുന്‍ ഹിയറിംഗുകളില്‍ മഞ്ജു വാര്യര്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് പതിനഞ്ചിന് നിര്‍ബന്ധമായി ഹാജരാകണമെന്ന് അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക