അവസാന നിമിഷം വരെ പാര്‍ട്ടിയ്ക്കുവേണ്ടി പോരാടിയ ഒരു നേതാവായിരുന്നു ഷീലാ ദീക്ഷിത്..
അവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നല്കിയ അവസാന നിര്‍ദ്ദേശം തെളിയിക്കുന്നത് അതാണ്. ഭൂമി തര്‍ക്കത്തില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെയായിരുന്നു അവരുടെ ആഹ്വാനം. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അവര്‍ ആഹ്വാനം ചെയ്തത്.
15 വര്‍ഷം ഡല്‍ഹിയെ നയിച്ച അവര്‍ ജനമനസ്സുകളില്‍ ഇടം നേടിയത് അവരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടാണ്.
പഞ്ചാബില്‍ ജനിച്ച്, ഡല്‍ഹിയില്‍ പഠിച്ച്, യു.പിയുടെ മരുമകളായി മാറിയ ഷീല ദീക്ഷിത് ഡല്‍ഹിയുടെ രാഷ്ട്രീയവും അധികാരവും കീഴടക്കുമ്ബോള്‍ ഒരു ചരിത്രവുംകൂടി രചിക്കപ്പെടുകയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി അവര്‍ ഡല്‍ഹി ഭരിച്ചു. ഒരു അമ്മയുടെ അധികാരത്തോടെയും സ്നേഹത്തോടെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് അവരുടെ കൈമുതലായുള്ളത്.
1998ല്‍ ബിജെപിയില്‍നിന്ന് ഡല്‍ഹിയുടെ അധികാരം കോണ്‍ഗ്രസ് പിടിച്ചെടുക്കുമ്ബോള്‍ പി.സി.സി അദ്ധ്യക്ഷയായിരുന്നു ഷീല ദീക്ഷിത്. സോണിയ ഗാന്ധിയുമായുള്ള അടുത്ത ബന്ധമാണ് അവരെ മുഖ്യമന്ത്രിപദത്തിലെത്തിച്ചത്. ജനപ്രിയ ഭരണത്തിന്റെ ഇടപെടലുകളാണ് പിന്നീട് ഡല്‍ഹിയില്‍ കാണുവാന്‍ കഴിഞ്ഞത്. ആശുപത്രിയും സ്കൂളുകളും ഗതാഗത, പ്രാഥമിക സൗകര്യങ്ങളും കെട്ടിപ്പൊക്കി. കുരുക്കുനിറഞ്ഞ മഹാനഗരത്തില്‍ ഇന്നു കാണുന്ന വന്‍കിട ഫ്ലൈഓവറുകളൂം റോഡുകളും ഷീല ദീക്ഷിത് സര്‍ക്കാറിന്റെ ഭരണനിപുണതയുടെ സംഭാവനയാണ്. ഡല്‍ഹി മെട്രോയുടെ മുന്നേറ്റവും അക്കാലത്താണ് ഉണ്ടായത്. ഇതെല്ലാം വഴി വികസന നായികയെന്ന പ്രതിച്ഛായ ഷീല ദീക്ഷിത് നേടിയെടുത്തു.
വിസ്മയകരമായ മറ്റൊരു വസ്തുത ഒരിക്കല്‍പോലും കേന്ദ്ര സര്‍ക്കാരുമായി ഒരഭിപ്രായ വ്യത്യാസം പോലും ഈ കാലയളവില്‍ കേള്‍ക്കാനുണ്ടായിരുന്നില്ല എന്നതാണ്. എന്‍ഡിഎ സര്‍ക്കാരിന് കീഴിലും യുപിഎ സര്‍ക്കാരിന് കീഴിലും ഡല്‍ഹിയെ സമഗ്രമായി മുന്നോട്ടു നയിക്കുകയായിരുന്നു ഷീലാ ദീക്ഷിത്.
15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം, മൂന്നാമൂഴത്തില്‍ എത്തിയപ്പോള്‍ വികസന പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റി ചില അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങി. സ്വകാര്യ മേഖലക്കു വിട്ടുകൊടുത്തതു വഴി വൈദ്യുതിക്ക് ഉണ്ടായ നിരക്കു വര്‍ദ്ധന, ഭരണവിരുദ്ധ വികാരം, സ്ത്രീസുരക്ഷ പ്രശ്നം, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി ഇവയെല്ലാം ഡല്‍ഹി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.
ഒപ്പം, അഴിമതിക്കെതിരേ പട നയിച്ച്, ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്, ഡല്‍ഹിയിലെ സാധാരണക്കാരോട് സംവദിച്ച് അരവിന്ദ് കെജ്രിവാള് നയിച്ച ചൂല് വിപ്ലവത്തിനു മുന്നില്‍ ഷീല ദീക്ഷിതിന് മുട്ടുമടക്കേണ്ടി വന്നു. 2014ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമ്ബോള്‍ ഒരു ചരിത്രമാണ് പടിയിറങ്ങിയത്.
എന്നാല്‍ തന്റെ ജീവിതത്തിലെ അവസാന നിമിഷംവരെ കോണ്‍ഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവരുടെ ശ്രമവും ശ്രദ്ധേയമാണ്. പല നേതാക്കളെയും പരീക്ഷിച്ചു തോറ്റ കോണ്‍ഗ്രസ് ഒടുവില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഷീല ദീക്ഷിതിനെ തന്നെ ആശ്രയിക്കുന്ന കാഴ്ച കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കാണുവാനും ഇടയായി.
വീഴ്ചകള്‍ക്കു മുന്പില് തളരരുതെന്നും തിരിച്ചടികള്‍ മറക്കാരുതെന്നും അവര്‍ പഠിപ്പിച്ചു..