Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള 23കപ്പല്‍ ജീവനക്കാരും സുരക്ഷിതരെന്ന്‌ തെളിയിക്കുന്ന വീഡിയോ പുറത്ത്‌ വിട്ട്‌ ഇറാന്‍

Published on 23 July, 2019
മലയാളികള്‍ ഉള്‍പ്പെടെയുള്ള 23കപ്പല്‍ ജീവനക്കാരും സുരക്ഷിതരെന്ന്‌ തെളിയിക്കുന്ന വീഡിയോ പുറത്ത്‌ വിട്ട്‌ ഇറാന്‍


ഹോര്‍മുസ്‌ കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ്‌ കപ്പല്‍ സ്റ്റെന ഇംപോറയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 23 ജീവനക്കാരും സുരക്ഷിതരെന്ന്‌ തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇറാന്‍ ഇന്നലെ പുറത്തു വിട്ടു. മലയാളി ഡിജോ പാപ്പച്ചനേയും വിഡിയോയില്‍ കാണാം. എല്ലാവരും സുരക്ഷിതരാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ദൃശ്യങ്ങള്‍ .

ചുവന്ന യൂണിഫോം അണിഞ്ഞ ജീവനക്കാര്‍ മേശയ്‌ക്കു ചുറ്റുമിരിക്കുന്നതും ഇറാന്‍കാരനായ ഒരാള്‍ തങ്ങളേടുളള സഹകരണത്തിന്‌ അവരോടു നന്ദി പറയുന്നതും വീഡിയോ ദ്യശ്യങ്ങളില്‍ കാണാന്‍ സാധിക്കും. 

കൂടാതെ ഒരു ജീവനക്കാരന്‍ കപ്പല്‍ പരിശോധിക്കുന്നതും കാപ്പി കുടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്‌. അതുപേലെ ഭക്ഷണം പാകം ചെയ്യുന്നവരെ കാണിക്കുന്ന ദൃശ്യത്തില്‍ പാചകം ചെയ്യുന്നവരില്‍ ഒരാള്‍ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനാണെന്നു ദൃശ്യങ്ങള്‍ ചാനലില്‍ കണ്ട വീട്ടുകാര്‍ സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്‌. കപ്പലില്‍ ഇറാന്റെ പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്‌.

ഇറാന്‍ കസ്റ്റഡിയില്‍ എടുത്ത കപ്പലിലെയും ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെയും ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷിതരാണെന്ന്‌ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. 3 മലയാളികളടക്കം 18 ഇന്ത്യക്കാരാണു ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളത്‌. 

 കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍കുമാര്‍, കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍, കാസര്‍ക്കോട്‌ സ്വദേശി പ്രജിത്ത്‌ മേലേക്കണ്ടി, ആലുവ സ്വദേശി ഷിജു എന്നിവരാണ്‌ കപ്പലിലെ മലയാളികള്‍.

ഇതിന്‌ സമാനമായി ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള ഇറാന്‍ കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്ന്‌ അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ സ്വദേശി അജ്‌മല്‍ ഉള്‍പ്പെടെ 3 മലയാളികളാണ്‌ ഈ കപ്പലിലുമുള്ളത്‌. 

രണ്ടു കപ്പലിലെയും ജീവനക്കാരെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍ വ്യക്തമാക്കി. മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുകയാണെന്നു തന്നെ സന്ദര്‍ശിച്ച കേരള എംപിമാരോട്‌ മന്ത്രി അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക