Image

സ്വാതന്ത്ര്യദിനം- ഒരനുസ്മരണം (തൊടുപുഴ കെ. ശങ്കര്‍, മുംബൈ)

Published on 14 August, 2019
സ്വാതന്ത്ര്യദിനം- ഒരനുസ്മരണം (തൊടുപുഴ കെ. ശങ്കര്‍,  മുംബൈ)
മറഞ്ഞു  പോയിട്ടില്ല,ബാപ്പുജിയിന്നും ഹൃത്തില്‍
നിറഞ്ഞു നില്‍ക്കുന്നൊരു  ത്യാഗത്തിന്‍ പ്രതീകമായ്!
ഉറഞ്ഞു മായാതെന്നുമോര്‍മ്മതന്‍ ഫലകത്തില്‍
ഉയര്‍ന്നു  നിലകൊള്ളു, ന്നാമഹാത്മാവിന്‍ നാമം!

സ്വാതന്ത്ര്യ  സമരത്തിന്‍ തിക്തക  സ്മരണകള്‍
സ്വാദുള്ള  ഫലം  പോലെ, യിന്നും  നാം  സ്വദിക്കുന്നു!
പൈതൃകമാകും  ത്യാഗബുദ്ധിതന്‍,സമത്വത്തിന്‍,
മാതൃകാ പുരുഷനായ്,ജീവിച്ച  മഹാരഥന്‍!

വീറോടെ  പൊരുതിനാന്‍ മാതൃ  തുല്യയാ മാര്‍ഷ
ഭാരത  ദേശത്തിനു സ്വാതന്ത്ര്യം  നേടിത്തരാന്‍!
ഭാവനയ്ക്കതീതമാം  കര്‍മ്മോല്‍സുകനാമൊരു
ഭാസുര  നക്ഷത്രമായുദിച്ചാന്‍ പോര്‍ബന്തറില്‍!

സ്വതന്ത്ര  സന്തുഷ്ടമാം ഭാരതം! അതു മാത്രം
സ്വപ്നംകണ്ടതു നേടാന്‍, അടരാടിയ  മഹാന്‍!
സ്വച്ഛതയിച്ഛിക്കാതെ,തന്‍ സുഖം കാംക്ഷിക്കാതെ
സ്വാര്‍ത്ഥനായിരിക്കാതെ, രാപകല്‍  യത്‌നിച്ചവന്‍!

കഷ്ടങ്ങള്‍, അനിശ്ചിത  ഘട്ടങ്ങള്‍,അനിഷ്ടങ്ങള്‍
നഷ്ടങ്ങള്‍ സര്‍വ്വം താണ്ടി പൊരുതീസുധീരമായ്!
അണുവായുധമൊന്നു മേന്താതെ ബ്രഹ്മാസ്ത്രമാം
'അഹിംസാ' മാര്‍ഗ്ഗത്തിന്റെ, നേതൃത്വം വഹിച്ചവന്‍!

ഭാഷകള്‍, സംസ്ഥാനങ്ങള്‍,മതങ്ങള്‍, സംസ്കാരങ്ങള്‍ 
ഭിന്നര്‍ നാം എല്ലാത്തിലും,എങ്കിലും മഹാത്മജി,
സ്വതന്ത്ര രാഷ്ട്രമെന്ന സങ്കല്‍പ്പ  സാക്ഷാത്ക്കാര
സമരാവേശം രാജ്യ, മെമ്പാടുമുളവാക്കി!

അടരാടി നാം നേടി,സ്വാതന്ത്ര്യ,  മീവര്‍ഷത്തെ
ആഗസ്റ്റു പതിനഞ്ചും,വീണ്ടുമാഗതമായി!
ആര്‍ഷഭാരത മക്കള്‍,നമ്മള്‍ക്കീ മഹദ് ദിനം
ആഘോഷിച്ചാനന്ദിക്കാം, സോത്സാഹമൊന്നായ് ചേരാം!
      
Join WhatsApp News
Elcy Yohannan Sankarathil 2019-08-15 17:06:06
Such a beautiful poem! So rhythmic, patriotic and nostalgic! Koodos Sankarji !
VijaykumarNairMumbai 2020-08-16 12:04:01
എഴുത്ത് വളരെ നന്നായിട്ടുണ്ട് ശങ്കർ ജീ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക