Image

ഏല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി, 12 വര്‍ഷത്തെ സമ്പാദ്യങ്ങളും

Published on 23 August, 2019
ഏല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി, 12 വര്‍ഷത്തെ സമ്പാദ്യങ്ങളും
കവളപ്പാറ: കേരളത്തെ നടുക്കി വീണ്ടും ഒരു ദുരന്തം കൂടി ഉണ്ടായി. ആ ദുരന്തത്തില്‍ കവളപ്പാറയില്‍ മാത്രം നാല്‍പ്പതില്‍ക്കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. അന്ന് പുത്തലവന്‍ അഷ്‌റഫ് എന്ന പ്രവാസിയുടെ സ്വപ്നങ്ങള്‍ കൂടിയാണ് ആ മണ്ണിനടിയില്‍ അകപ്പെട്ടുപോയത്. പന്ത്രണ്ട് വര്‍ഷത്തെ പ്രവാസജീവിതത്തില്‍ നിന്ന് സ്വരുകൂട്ടിയ പണം കൊണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സ്വപ്നഭവനത്തിന്റെ പണി തീര്‍ത്തത്.

ഓരോ തവണ നാട്ടില്‍ വരുമ്പോഴും ഘട്ടം ഘട്ടമായാണ് വീട് പണിതത്. പണി പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ തവണ അദ്ദേഹം സൗദിക്ക് വിമാനം കയറിയത്. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തന്റെ വീട്ടില്‍ സുഖമായി ഉറങ്ങണം എന്ന സ്വപ്നവും പേറിയാണ് അഷ്‌റഫ് യാത്രയായത്. ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം തകര്‍ന്നത്. വീട് നിന്ന സ്ഥലം ഇപ്പോള്‍ ആറടിയോളം ഉയരമുള്ള മണ്‍കൂനയാണ്.

ഭാഗ്യം കൊണ്ട് മാത്രമാണ് ഭാര്യയും മൂന്ന് മക്കളെയും തിരിച്ച് കിട്ടിയത്. മരങ്ങള്‍ വീഴുന്നേ എന്ന അയല്‍വാസിയുടെ നിലവിളി കേട്ടാണ് അഷ്‌റഫിന്റെ ഭാര്യ ജസ്‌ന മക്കളെയും വിളിച്ച് പുറത്തേക്കോടിയത്. അരമണിക്കൂറുകൊണ്ട് വീടിന് മുകളില്‍ മരങ്ങളും മണ്ണും വീണു. കവളപ്പാറ ദുരന്തത്തെപ്പറ്റി അറിഞ്ഞയുടന്‍ കൈയ്യിലുള്ള പൈസയ്ക്ക് അടുത്ത വിമാനം പിടിച്ച് നാട്ടിലെത്തി. വീടിന്റെ സ്ഥാനത്ത് മണ്‍കൂന,? ഹൃദയം തകര്‍ന്ന നിമിഷം. നാല്‍പ്പത് സെന്‍റ് സ്ഥലവും ആ വീടുമായിരുന്നു അഷറഫിന്റെ ആകെയുള്ള സമ്പാദ്യം.? എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയി. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് വാടക വീട്ടിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് അഷറഫ്. സര്‍ക്കാരും സുമനസുകളും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാല്‍പ്പതുകാരനായ ഈ പ്രവാസി. കുടുംബം പോറ്റാന്‍ അധികം വൈകാതെ സൗദിയിലേക്ക് മടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക