കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് നിര്‍ദ്ദേശം. വടകരയിലെ എസ്.പി ഓഫീസില്‍ തിങ്കളാഴ്ച രാവിലെ എത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഷാജുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.
ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാജുവില്‍നിന്ന് അന്വേഷണ സംഘം ആരായും. ആദ്യഭാര്യ സിലിയുടെയും മകള്‍ അല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാ വിവരങ്ങളും ചോദിച്ചറിയും. ചോദ്യംചെയ്ത് വിട്ടയച്ചശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞ പലകാര്യങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കും.