ഹോട്ടല്‍, സിനിമാ തിയ്യറ്റര്‍, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാഹനം പാര്‍ക്ക് ചെയ്യാനെത്തുമ്പോള്‍ കാണുന്ന ഒരു വാചകമുണ്ട്. പാര്‍ക്ക് അറ്റ് യുവര്‍ ഓണ്‍ റിസ്ക്. (വാഹനം പാര്‍ക്ക് ചെയ്യുന്നത് നിങ്ങളുടെ ഉത്തരവാദിത്വത്തില്‍) വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ കൈയൊഴിയാനുള്ള മുന്‍കൂര്‍ ജാമ്യമാണ് ഈ വാക്കുകള്‍. എന്നാല്‍, ഇത്തരം പാര്‍ക്കിങ്ങുകളില്‍ നിന്ന് വാഹനം മോഷണം പോകുകയോ, വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ ഇതിന്റെ ഉത്തരവാദിത്വം പാര്‍ക്കിങ് അനുവദിക്കുന്ന സ്ഥാപനത്തിനുണ്ടെന്നാണ് സുപ്രീംകോടതി വിധി. ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ വിധി.
വാലറ്റ് പാര്‍ക്കിങ്ങ് സംവിധാനത്തില്‍ വാഹനം എങ്ങനെ പാര്‍ക്ക് ചെയ്യുന്നോ അതേ രീതിയില്‍ തിരിച്ച് നല്‍കേണ്ടത് പാര്‍ക്കിങ് ഒരുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. അഥവാ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ക്കിങ്ങിലെ ജീവനക്കാരന്റെ മേല്‍ ഇടരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.