കേരള സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന്റെ അധീനതയില്‍ തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ചു നല്കുന്ന ഭവനം പദ്ധതിയുമായി സഹകരിക്കുന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് ആശംസകളുമായി തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്.2020 ഫൊക്കാനാ അന്തര്‍ദേശീയ കണ്വന്ഷന് മന്ത്രിയെ ക്ഷണിക്കാനെത്തിയ ഫൊക്കാനാ പ്രസിഡന്റ് മാധവന് നായരെയാണ് തന്റെ ആശംസകള്‍ മന്ത്രി അറിയിച്ചത്.
ഭവനം പ്രോജക്ടുമായി സഹകരിക്കുന്ന ഫൊക്കാനയ്ക്കും, അതിനായി പണം നല്കി സഹായിക്കുന്ന കുടുംബങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. ' ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും ശ്രദ്ധിക്കപ്പെടുന്നവയാണ്. മറ്റ് പ്രവാസി സംഘടനകളില്‍ നിന്ന് ഫൊക്കാനായ വ്യത്യസ്തമാക്കുന്നതും ഇത്തരം ജനോപകാര പ്രദങ്ങളായ പ്രവര്‍ത്തന ങ്ങളാണ്.ഒരു സഹായം, അത് എന്തുമാകട്ടെ അവ അര്‍ഹിക്കുന്ന സമയത്ത് അത് ലഭിക്കേണ്ട വ്യക്തികള്‍ക്ക് എത്തിച്ചു നല്കാന് മനസു കാണിക്കുക, അതിനായി എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുക, വളരെ വേഗം അതിന് ഫലമുണ്ടാക്കുക എന്നത് നിസ്സാര കാര്യമല്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളു. ഫൊക്കാനയുടെ തുടക്കകാലം മുതല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഈ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാകും
ഭവനം പ്രോജക്ട് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ദതിയാണ്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഉണ്ടായ ഉരുള്‍പൊട്ടലിലും, മലവെള്ള പാച്ചിലിലും ദുരിതങ്ങള്‍ അനുഭവിച്ച തൊഴിലാളി സമൂഹമാണ് തോട്ടം തൊഴിലാളികള്‍.അവര്‍ക്കായി രൂപം കൊടുത്ത ഭവന നിര്‍മ്മാണ പദ്ധതിയില്‍ അമേരിക്കന്‍ മലയാളികളുടെ സഹകരണം ഉണ്ടാകുമ്പോള്‍ ,ഒരു നിര്‍ദ്ധന സമൂഹത്തെ അംഗീകരിക്കുവാന്‍ സന്മനസ് കാട്ടുമ്പോള്‍ ഫൊക്കാനയെ അഭിനന്ദിക്കാതെ തരമില്ല. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ജനകീയമാകണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
വേലുത്തമ്പി ദളവ ദേശീയ പുരസ്കാരം നേടിയ ഫൊക്കാനാ പ്രസിഡന്റ് മാധവന് ബി.നായരെ മന്ത്രി ടി.പി.രാമകൃഷ്ണന് അഭിനന്ദിക്കുകയും ചെയ്തു .ഫൊക്കാന മുന്‍ പ്രസിഡന്റും കണ്വന്ഷന് കോ ഓര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പിള്ളില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു .