Image

അധികമായി ലഭിച്ച പ്രളയസഹായം തിരിച്ചടയ്‌ക്കണമെന്ന്‌ നിര്‍ദേശം

Published on 03 December, 2019
അധികമായി ലഭിച്ച പ്രളയസഹായം തിരിച്ചടയ്‌ക്കണമെന്ന്‌ നിര്‍ദേശം


കോട്ടയം: 2018ലെ മഹാപ്രളയത്തില്‍ വലിയനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക്‌ തിരിച്ചടിയായി പുതിയ സര്‍ക്കാര്‍ നിര്‍ദേശം. അധികമായി ലഭിച്ച പ്രളയ ധനസഹായം തിരിച്ചടയ്‌ക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. അധിക പ്രളയധനം തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രളയബാധിതര്‍ക്ക്‌ തഹസില്‍ദാറാണ്‌ കത്തയച്ചിരിക്കുന്നത്‌. 

തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി കോഴഞ്ചേരി തഹസിദാറാണ്‌ കത്തയച്ചത്‌. നോട്ടീസ്‌ ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുകകൊണ്ട്‌ വീട്‌ പുനരുദ്ധാരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചവര്‍ ബുദ്ധിമുട്ടിലായി.

2018ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്ക്‌ തുക അനുവദിച്ചപ്പോള്‍ ലഭിച്ച അധികതുകയാണ്‌ തിരിച്ചടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോഴഞ്ചേരി തഹസില്‍ദാര്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. 

ധനസഹായത്തില്‍ ഇരട്ടിപ്പായി ലഭിച്ച തുക തിരിച്ചടയ്‌ക്കണമെന്നാണ്‌ നിര്‍ദേശം. പ്രളയത്തില്‍ വീട്‌ ഭാഗികമായി തകര്‍ന്ന കോഴഞ്ചേരി സ്വദേശി ഗിരീഷ്‌ കുമാറിന്‌ 1,80,000 രൂപയാണ്‌ ധനസഹായം ലഭിച്ചത്‌. ഇതില്‍ 60,000 രൂപ തിരിച്ചടയ്‌ക്കാനാണ്‌ നിര്‍ദ്ദേശം.

കോഴഞ്ചേരിയില്‍ 24ലധികം കുടുംബങ്ങള്‍ക്ക്‌ ഇത്തരത്തില്‍ നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. ധനസഹായം വീടുപുനരുദ്ധാരണത്തിനായി ചിലവഴിക്കുകയും ചെയ്‌തിട്ടുണ്ട്‌ ഇവരെല്ലാം. എന്നാല്‍ തുക തിരിച്ചടയ്‌ക്കണമെന്ന നിര്‍ദേശം വന്നതോടെ ഇവര്‍ പ്രതിസന്ധിയിലാണെന്ന്‌ മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

തഹസില്‍ദാറുടെ നോട്ടീസ്‌ ലഭിച്ചതോടെ ചിലര്‍ കഴിയാവുന്ന തുക തിരിച്ചടച്ചെങ്കിലും മിക്കവരും എന്തുചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക