Image

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്

Published on 04 December, 2019
ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്
ന്യൂഡല്‍ഹി: മകളുടെ മരണത്തില്‍ മലയാളികളായ സഹപാഠികള്‍ക്കും പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് മദ്രാസ് ഐ.ഐ.ടിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാത്തിമ ലത്തീഫിന്‍െറ പിതാവ് അബ്ദുല്‍ ലത്തീഫ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്രാസ് ഐ.ഐ.ടിയിലെ എല്ലാ ദുരൂഹമരണങ്ങളും സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. കൊല്ലം മുന്‍മേയര്‍ രാജേന്ദ്രബാബു, ഫാത്തിമയുടെ ഇരട്ട സഹോദരി ആയിഷ എന്നിവര്‍ക്കൊപ്പമാണ് ഇദ്ദേഹം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയത്. കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനൊപ്പം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ഒരു അധ്യാപകന്‍െറ പേരുമാത്രമല്ല ഫാത്തിമ പറഞ്ഞിട്ടുള്ളത്. രാജ്യം മൊത്തം ചര്‍ച്ചചെയ്യേണ്ട കാര്യങ്ങള്‍ മകളുടെ മരണവുമായി ബന്ധപ്പെട്ടുണ്ട്. ഇതിന്‍െറയെല്ലാം തെളിവുകള്‍ കൈയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം വൈകാതെ വെളിപ്പെടുത്താം. എല്ലാ വിവരങ്ങളുമായി മദ്രാസ് ഹൈകോടതിയെ സമീപിക്കും. പ്രധാനമന്ത്രിക്ക് നല്‍കുന്ന നിവേദനത്തില്‍ എല്ലാ കാര്യങ്ങളുമുണ്ടാകും.  മദ്രാസ് ഐ.ഐ.ടിയില്‍ നിരവധി ദുരൂഹമരണങ്ങളുണ്ടായിട്ടുണ്ട്.

അന്വേഷണമാവശ്യപ്പെട്ട് വന്ന ബന്ധുക്കളെ തല്ലിയോടിച്ച സംഭവങ്ങളുമുണ്ട്. ഈ കേസും അത്തരത്തിലൊന്നായി മാഞ്ഞുപോകുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, അങ്ങനെയല്ലെന്നു ബോധ്യമായപ്പോള്‍ അവര്‍ തെളിവുകളെല്ലാം നശിപ്പിച്ചു. വരാന്തയിലുണ്ടായിരുന്ന സി.സി ടി.വി ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടി. അവളെക്കാള്‍ മിടുക്കിയായ മറ്റൊരു വിദ്യാര്‍ഥി അവിടെയുണ്ടായിരുന്നില്ല. അവിടെ ഇത്രവലിയ പ്രയാസത്തിലാണ് അവള്‍ കഴിയുന്നതെന്ന് എന്നോട് പറഞ്ഞിരുന്നെങ്കില്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക