ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം.
അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു