നെറുകയിൽ
നീ എനിക്ക് ചാർത്തി തന്ന കുങ്കുമം
മായ്ച്ചതേയില്ല
ഞാനിത്ര നാളും..
ആദ്യ ചുംബന സ്മൃതിയായ്
പ്രണയ കാന്തക്കല്ലുപോൽ
തിളങ്ങുന്നതിപ്പോഴും....
കാറ്റിൽ, കുറുനിരകളാടുമ്പോൾ
കുങ്കുമം നെറ്റിമേലാകെ
പടരുമ്പോൾ
നിൻ വിരൽ സ്പർശമേറ്റ പോൽ
തരളിതയാകുന്നു ഞാൻ...
ഋതുക്കളോരോന്നും
കടന്നു പോകുമ്പോൾ
ഇരുളും വെളിച്ചവും
മടുപ്പു തോന്നിക്കുമ്പോൾ
ഏതു മറവിലും
തെളിവായും
നിറവായും
എനിക്കു നിന്നെ കാണാം
പ്രണയ മന്ത്രത്തിന്നോർമ്മ-
പ്പൊരുളായി...
പട്ടടയെന്നെ പൊതിയുന്ന നേരത്തും
മിന്നിത്തിളങ്ങുമെൻ
നെറുകിലീ കുങ്കുമം...