Image

എം.എം. മണിയുടെ മറ്റൊരു വിവാദ പ്രസംഗത്തിന്റെ ടേപ്പു കൂടി പുറത്തുവന്നു

Published on 31 May, 2012
എം.എം. മണിയുടെ മറ്റൊരു വിവാദ പ്രസംഗത്തിന്റെ ടേപ്പു കൂടി പുറത്തുവന്നു
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ മറ്റൊരു വിവാദ പ്രസംഗത്തിന്റെ ടേപ്പുകൂടി പുറത്തുവന്നു. രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച വിവാദ പ്രസംഗം നടന്നതിന് തലേന്ന് ചിന്നക്കനാലില്‍ ഒരു പ്രസംഗ വേദിയില്‍ മണി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഐ- സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് സംഘടിപ്പിച്ച വിശദീകരണ യോഗത്തിലായിരുന്നു മണിയുടെ പ്രസംഗം.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ രൂക്ഷമായി പരിഹസിക്കുന്ന മണി സിപിഐയ്‌ക്കെതിരേയും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചന്ദ്രശേഖരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയത് സൂചിപ്പിച്ചായിരുന്നു വി.എസിനെ മണി പരിഹസിച്ചത്. കൊല്ലപ്പെട്ടത് വി.എസിന്റെ അമ്മായി അപ്പനാണോ എന്നായിരുന്നു മണിയുടെ ചോദ്യം കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്ന ഏര്‍പ്പാടാണ് വി.എസിന്റേതെന്നും ടി.പി. വധം വിവാദമാക്കുന്നതില്‍ വി.എസ് കാരണവര്‍ പദവി വഹിച്ചതായും മണി കുറ്റപ്പെടുത്തുന്നു. ചന്ദ്രശേഖരന്‍ ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന വി.എസിന്റെ അഭിപ്രായത്തേയും മണി വിമര്‍ശിക്കുന്നുണ്ട്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമ കമ്മ്യൂണിസ്റ്റെന്നായിരുന്നു മണിയുടെ ചോദ്യം. അതുകൊണ്ടാണ് കുലംകുത്തിയെന്ന് പാര്‍ട്ടി സെക്രട്ടറി വിളിച്ചതെന്നും അതിപ്പോഴും ശരിയാണെന്നും മണി പറയുന്നു.

ചുവന്ന കൊടിയും എല്‍ഡിഎഫും ആയതുകൊണ്ടാണ് സിപിഐയെ അടിക്കാത്തതെന്നും സിപിഎമ്മുകാര്‍ തല്ലാന്‍ തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെ ഉണ്ടാകില്ലെന്നും മണി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക