Image

`ഞാന്‍ പുകവലിക്കാത്ത പ്രവാസി' പുകവലി വിരുദ്ധ കാമ്പയില്‍ സമാപനം

ഷക്കീബ്‌ കൊളക്കാടന്‍ Published on 31 May, 2012
`ഞാന്‍ പുകവലിക്കാത്ത പ്രവാസി' പുകവലി വിരുദ്ധ കാമ്പയില്‍ സമാപനം
റിയാദ്‌: റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും തിരുവനന്തപുരം ജില്ലാ കൂട്ടായ്‌മയായ ടെക്‌സയും സംയുക്‌തമായി സംഘടിപ്പിച്ച `ഞാന്‍ പുകവലിക്കാത്ത പ്രവാസി' കാമ്പയിന്‍ ഇന്ന്‌ വൈകുന്നേരം സമാപിക്കും. റിയാദിലെ ബ്രില്യന്‍റ്‌ സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ വൈകുന്നേരം 4.30 മുതലാണ്‌ പരിപാടി. രണ്ട്‌ മണി മുതല്‍ ക്വിസ്‌ മത്‌സരമാണ്‌. നാലര മണിക്കാരംഭിക്കുന്ന പൊതു സമ്മേളനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷന്‍ മനോഹര്‍ റാം ഉദ്‌ഘാടനം ചെയ്യും. സൗദി ടുബാക്കോ സൊസൈററി സെക്രട്ടറി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്‌ദുറഹ്‌മാന്‍ അല്‍ സുബൈയ്യ്‌ മുഖ്യപ്രഭാഷണം നടത്തും.

കഴിഞ്ഞ ആറ്‌ മാസമായി നടന്നു വരുന്ന കാമ്പയില്‍ വന്‍ വിജയമായിരുന്നെന്നും പുകവലി ഒരിക്കലും നിര്‍ത്താന്‍ കഴിയില്ലെന്ന്‌ വിശ്വസിച്ചിരുന്ന പലരേയും പുകവലി നിര്‍ത്തി ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടു വരാന്‍ കാമ്പയിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെ സാദ്ധ്യമായിട്ടുണ്ടെന്നും സമാപനത്തേക്കുറിച്ചറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേററര്‍ ഡോ. അബ്‌ദുല്‍ അസീസ്‌ പറഞ്ഞു. കൗമാരക്കാരിലെ പുകവലി ശീലത്തെക്കുറിച്ച്‌ വിവിധ സ്‌കൂളുകളുമായി സഹകരിച്ചു നടത്തിയ ക്ലാസുകള്‍ ഏറെ ഫലപ്രദമായിരുന്നു. പുകവലിയുടെ മാരകമായ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ ബോധവത്‌കരണം നടത്താന്‍ കാമ്പയിന്‌ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

സമാപനച്ചടങ്ങില്‍ പുകവലിയുടെ ദൂഷ്യങ്ങള്‍ വിശദീകരിക്കുന്ന മള്‍ട്ടിമീഡിയ ക്ലാസ്‌ ഉണ്ടായിരിക്കും. കാമ്പയിന്‍െറ വിജയത്തിനായി വിപുലമായ കമ്മററിയാണ്‌ പ്രവര്‍ത്തിച്ചത്‌. ബോധവത്‌കരണ ക്ലാസുകളോടൊപ്പം പോസ്‌ററര്‍ പ്രദര്‍ശനം, സെമിനാറുകള്‍, ചോദ്യാവലി ഉപയോഗിച്ചുള്ള സര്‍വ്വേ, ക്ലിനിക്കുകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ വേദികള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രത്യേക പരിപാടികള്‍ തുടങ്ങിയവയും കാമ്പയിന്‍െറ ഭാഗമായിരുന്നു.

സ്‌കൂളുകളില്‍ നടന്ന പരിപാടികളില്‍ ലയണ്‍സ്‌ ക്ലബ്ബ്‌ റിയാദ്‌ ചാപ്‌റററും സഹകരിച്ചിരുന്നു. റിയാദില്‍ നടന്ന ഭാരത്‌ സ്‌കൗട്ട്‌സിന്‍െറ ക്യാമ്പില്‍ കൗമാരക്കാരിലെ പുകവലി ശീലത്തെക്കുറിച്ച്‌ ക്ലാസ്‌ സംഘടിപ്പിച്ചതായി റിയാദ്‌ ഐ.എം.എ പ്രസിഡണ്ട്‌ ഡോ. തമ്പി പറഞ്ഞു. കാമ്പയിന്‍െറ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ഉപന്യാസ മത്‌സരവും പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നുണ്ടെ ന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ പിള്ള, ഡോ. സുരേഷ്‌, ബേബി മൂത്തപറമ്പില്‍, ജോര്‍ജ്‌ കുട്ടി മാക്കുളത്ത്‌ തുടങ്ങിയവരും പങ്കെടുത്തു.
`ഞാന്‍ പുകവലിക്കാത്ത പ്രവാസി' പുകവലി വിരുദ്ധ കാമ്പയില്‍ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക