Image

സിപിഎമ്മിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്കും പോലീസിനും നോട്ടീസ്

Published on 01 June, 2012
സിപിഎമ്മിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്കും പോലീസിനും നോട്ടീസ്
കൊച്ചി: ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചു. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റിക്കു വേണ്ടി ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രാരംഭ വാദം കേള്‍ക്കവേയാണ് മാധ്യമങ്ങള്‍ക്കും പോലീസിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ സംസ്‌കാരമാണെന്നും ഇത് അന്വേഷണം കൂടുതല്‍ സുതാര്യമാണെന്ന പ്രതീതി ഉണ്ടാക്കുമെന്നും ഹര്‍ജി പരിഗണിക്കവേ ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് പുറമേ ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവന്‍ എഡിജിപി വിന്‍സെന്‍ .എം. പോളിനും പോലീസ് മേധാവി ജേക്കബ് പുന്നൂസിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണെന്നും ഇത് പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പ്രതികളുടെ മൊഴികള്‍ കോടതിയില്‍ മാത്രമേ സമര്‍പ്പിക്കാവൂവെന്ന ഹൈക്കോടതിയുടെ വിധിയനുസരിച്ചാണ് സിപിഎം കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക