Image

സച്ചിന്‍ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published on 03 June, 2012
സച്ചിന്‍ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ മുമ്പാകെയാണ് സച്ചിന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുക. ഇതോടെ രാജ്യസഭയില്‍ എത്തുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റിക്കാര്‍ഡും സച്ചിന്റെ പേരിലാകും. ഏപ്രിലിലാണ് സച്ചിനെ രാജ്യസഭയിലേയ്ക്കു നാമനിര്‍ദ്ദേശം ചെയ്തത്. സച്ചിനൊപ്പം രാജ്യസഭയിലേയ്ക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടി രേഖയും വ്യവസായി അനു ആഗയും കഴിഞ്ഞമാസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. സച്ചിന്റെ രാജ്യസഭയിലേയ്ക്കുള്ള നാമനിര്‍ദ്ദേശം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ അഴിമതികഥകളില്‍ നിന്നു മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാനാണ് സച്ചിനെ നോമിനേറ്റു ചെയ്തതെന്ന് ബിജെപിയും ശിവസേനയും ആരോപിച്ചു. ഐപിഎല്‍ മത്സരങ്ങളുമായി തിരക്കിലായിരുന്നതിനാലാണ് സച്ചിന്റെ രാജ്യസഭാ പ്രവേശം വൈകിയത്. ഈ കഴിഞ്ഞ ഏപ്രില്‍ 24ന് തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ചതേയുള്ളു ഇന്ത്യയുടെ ഈ അഭിമാന താരം. ഇതിനിടയില്‍ സച്ചിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതു സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ ഇക്കാരണം കൊണ്ട് സച്ചിന്റെ സത്യപ്രതിജ്ഞയ്ക്ക് തടസം ഒന്നും ഇല്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. സച്ചിനു രാജ്യസഭാംഗമെന്ന നിലയിലും തിളങ്ങാന്‍ കഴിയട്ടേയെന്ന് ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ആശംസിച്ചു. സച്ചിന്റെ ജീവിതത്തിലെ പുത്തന്‍ കാല്‍വയ്പ്പാണ് ഈ മുഹൂര്‍ത്തമെന്ന് ഇന്ത്യന്‍ ടീം നായകന്‍ എം.എസ്. ധോണി പറഞ്ഞു. സച്ചിനു രാജ്യസഭയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക