Image

മണിയെ ഏരിയകമ്മിറ്റിലേക്ക് തരംതാഴ്ത്തിയേക്കും

Published on 11 June, 2012
മണിയെ ഏരിയകമ്മിറ്റിലേക്ക് തരംതാഴ്ത്തിയേക്കും
തൊടുപുഴ:രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദപ്രസംഗം നടത്തിയ എം.എം.മണിയെ സി.പി.എം. ഏരിയകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കും. ഈ മാസാവസാനം ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയാവും ഈ തീരുമാനമെടുക്കുക.

വിവാദ പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നീക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി സംസ്ഥാനസമിതിയില്‍ അദ്ദേഹം തുടരുകയാണ്. ഉപരിഘടകത്തിലെ അംഗത്വം നിലനിര്‍ത്തിക്കൊണ്ട് താഴെയുള്ള പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് മതിയായ അച്ചടക്ക നടപടിയല്ലെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. 

കഴിഞ്ഞ ഒരുമാസം കേരളത്തിലെ പാര്‍ട്ടിയിലുണ്ടായ സംഭവങ്ങള്‍ സംസ്ഥാനസമിതി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നാണ് ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞിട്ടുള്ളത്. യോഗത്തില്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ പങ്കെടുക്കും. മണിക്കെതിരെ കൂടുതല്‍ കടുത്തനടപടി ഇവര്‍ ഉറപ്പുവരുത്തുമെന്നാണ് അറിയുന്നത്. 

സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കിയാലും മണിക്ക് ജില്ലാകമ്മിറ്റിയില്‍ തുടരാം. അങ്ങനെവന്നാല്‍ തുടര്‍ന്നും ജില്ലാഘടകത്തിന്റെ നിലപാടുകളെ മണി സ്വാധീനിക്കുമെന്നതിനാല്‍ ജില്ലാകമ്മിറ്റിയില്‍നിന്ന് നീക്കണമെന്നാവും കേന്ദ്രനേതൃത്വം ആവശ്യപ്പെടുക. അങ്ങനെയെങ്കില്‍ രാജാക്കാട് ഏരിയ കമ്മിറ്റിയിലേക്ക് മണിയെ തരംതാഴ്ത്തും. അതിനു താഴേക്ക് മാറ്റാന്‍ സംസ്ഥാനസമിതി തയ്യാറായേക്കില്ല. എന്നാല്‍, കൂടുതല്‍ കടുത്തനടപടി വന്നാല്‍ പൊട്ടന്‍കാട് ലോക്കല്‍ കമ്മിറ്റിയിലോ ഇരുപതേക്കര്‍ ബ്രാഞ്ച് കമ്മിറ്റിയിലോ ആവും മണിയുടെ സ്ഥാനം.

സംസ്ഥാന സെക്രട്ടേറിയറ്റ് എം.എം.മണിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടിയും സംസ്ഥാനസമിതി ചര്‍ച്ചചെയ്യും. സംസ്ഥാനസമിതി തീരുമാനിക്കുന്ന അച്ചടക്കനടപടി പിന്നീടുചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം തേടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക