ജോസഫ് എബ്രാഹാമിന്റെ ചെറുകഥകളിലെ വലിയ കഥകൾ (പുസ്തകനിരൂപണം: സുധീർ പണിക്കവീട്ടിൽ)
SAHITHYAM
13-Jan-2021
SAHITHYAM
13-Jan-2021

എങ്ങനെയാണ് ചെറുകഥകൾ വലിയ കഥകളാകുന്നത്? അത് കഥാകൃത്തിന്റെ രചനാതന്ത്രവും സ്വാതന്ത്ര്യവും ഉൾക്കൊള്ളുന്നതുകൊണ്ടാകാമെന്നു കരുതാം. എല്ലാ കഥകളിലും ഒരു വലിയ കഥയുണ്ടെന്നു ശ്രീ ജോസഫ് ഏബ്രഹാം നമ്മെ അറിയിക്കുന്നു. കഥകൾ കണ്ടെത്തുന്നത് അദ്ദേഹത്തിന്റെ ചുറ്റുപാടുകളിൽ നിന്നാണെങ്കിലും കഥയുടെ ലോകം നമ്മൾ വിപുലമായി കാണുന്നു. ശ്രീ ജോസഫ് ഏബ്രഹാമിന്റെ പതിനെട്ട് കഥകൾ അടങ്ങിയ "അന്യായ പട്ടിക വസ്തു" എന്ന കഥാസമാഹാരം വായിച്ചപ്പോൾ അതിലെ കഥകളുടെ വ്യത്യസ്തമായ ആവിഷ്കാരം ശ്രദ്ധേയമായി തോന്നി.
അതിഭാവുകത്വമില്ലാതെ പച്ചയായ ജീവിതത്തെ ആവിഷ്കരിക്കുന്ന രീതി ഫ്ലാബെർട്, മോപ്പസാങ്, എമിലി സോളാ എന്നിവർ തുടങ്ങിവച്ചെങ്കിലും ആധുനിക എഴുത്തുകാർ അവയിൽനിന്നു വ്യതിചലിച്ചതായി കാണാം. അവർ കഥകൾ എഴുതാൻ വേണ്ടി കഥകൾ ഉണ്ടാക്കിയപ്പോൾ സാധാരണ വായനക്കാരന് പരിചയമില്ലാത്ത ജീവിതപരിസരങ്ങളും ജീവിതവും അരോചകമായി അനുഭവപ്പെട്ടു. ശ്രീ ജോസഫ് എബ്രഹാം സമൂഹത്തിലെ വ്യത്യസ്ത വ്യക്തികളെ കഥാപാത്രങ്ങളാക്കുമ്പോൾ നമ്മൾ അവരെ തിരിച്ചറിയുന്നു. അവരെയെല്ലാം കലാപരമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കുന്നു. പതിനെട്ട് കഥകളെക്കുറിച്ച് ഈ നിരൂപണത്തിൽ പരാമർശിക്കുന്നില്ല. മറിച്ച് ചില കഥകളെക്കുറിച്ച് വിവരിക്കുമ്പോൾ മറ്റു കഥകളെക്കുറിച്ച് പൊതുവായി വിലയിരുത്തു ന്നുണ്ട്.
ഈ കഥയിൽ ഉദ്ധരിച്ചിരിക്കുന്ന ബൈബിൾ വചനം പോലെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല അവർക്കിഷ്ടമില്ലാത്ത ഒരു ജീവിതമാണ് അവരെ കാത്തിരിക്കുന്നതെന്ന്. ബൈബിളിൽ നമ്മൾ കാണുന്നത് പീറ്റർ നീട്ടികൊടുത്ത കൈകൾ അവർ കുരിശ്ശിൽ തറച്ചു പീറ്ററിന്റെ ഇഷ്ടം പോലെ തലകീഴായി വധിച്ചു. യൗവ്വനകാലങ്ങളിലെ പോലെ വാർദ്ധക്യത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ജീവിതം സാധ്യമല്ല. അതാണ് വാർദ്ധക്യത്തിന്റെ ശാപം. പക്ഷെ കഥാകൃത്ത് മാതാപിതാക്കളെകൊണ്ട് ആ വചനം തിരുത്തിക്കുന്നു. അവർ മക്കളുടെ മുന്നിൽ കൈ നീട്ടികൊടുത്ത് അവരാൽ ക്രൂശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ആരംഭത്തിൽ പറഞ്ഞത് ശ്രീ ജോസഫ് ഏബ്രാഹാം കഥകളെ ചുരുക്കി പറഞ്ഞുകൊണ്ട് അവയുടെ ആശയം വലുതാക്കാൻ കഴിവുള്ള മാന്ത്രികനാണെന്നു.
ചെമ്മാനത്തിന്റെ ഫ്രോക്കണിഞ്ഞ പെൺകുട്ടി കാൽപ്പനികതയുടെ നിഴൽപ്പറ്റി നിൽക്കുന്ന കഥയാണ് . സർറിയലിസം എന്ന തന്ത്രം ഈ കഥയിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പ്രതീകങ്ങളിലൂടെ ഉപബോധമനസ്സിൽ തോന്നുന്നത് വിവരിക്കുന്നതാണീ രചനാരീതി. വിചിത്രവും സ്വപ്നതുല്യവുമായ അനുഭവങ്ങൾ. എല്ലാ ഹൃദയത്തിലും പ്രണയത്തിന്റെ ഒരു ശ്മശാനം ഉണ്ടെന്നു പറഞ്ഞതു മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരനാണ്. ശ്രീ ജോസഫ് എബ്രാഹാമിന്റെ ഒരു കഥാപാത്രം ഭാര്യയായിരിക്കുമ്പോൾ മനസ്സുകൊണ്ട് വേറൊരാളെ പ്രേമിക്കുന്നു. അവൾ മരിച്ചുപോയപ്പോൾ ആകാശത്തേക്ക് നോക്കിനിന്ന അവളുടെ മകൾ സന്തോഷവതിയായി അമ്മയെ കാണുന്നു. ഒപ്പം അയാളെയും. പക്ഷെ അയാൾ മേഘങ്ങൾക്കുള്ളിൽ മറഞ്ഞുനിന്നു. അയാൾ മകൾക്കും വായനക്കാർക്കും അജ്ഞാതനായിരിക്കട്ടെ എന്ന് കഥാകൃത്ത് ആശിക്കുന്നു. കാരണം ആ ആൾ അമ്മയുടെ മനസ്സിൽ തോന്നിയ ഒരു ഭ്രമം ആയിരിക്കാം. വെറും സങ്കല്പം. കഥാകൃത്തിന്റെ സൂക്ഷ്മത ഇവിടെ ശ്രദ്ധിക്കപ്പെടുന്നു. രചനകർമ്മങ്ങളിൽ സത്യസന്ധത പുലർത്തുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ശ്രീ എബ്രാഹാം ഗണിക്കപ്പെടുന്നു.
ഗൃഹാതുരത്വവും ഭാര്യാഭർതൃബന്ധങ്ങളും വിഷയങ്ങളാക്കി എഴുതിയ കഥകൾ നമ്മെ സ്പർശിക്കാതിരിക്കില്ല. പുൽക്കൊടിയെ വെള്ളിനക്ഷത്രങ്ങൾ കാലാകാലമായി പ്രണയിക്കുന്നെങ്കിലും ഒരു ആത്മഹത്യാനന്തരാക്കുറിപ്പിലെ ഇന്ദുവിന്റേയും അനിയന്റെയും പ്രണയവും ജീവിതവും മരണവും എത്ര ഭംഗിയായി വാർത്തെടുത്തിരിക്കുന്നു. ആധുനികരചനകളിലെ സാങ്കേതികത്വം ഉപയോഗിക്കുമ്പോഴും സഹൃദയമനസ്സുകൾക്ക് സംശയലേശമെന്യേ മനസ്സിലാകുന്നവിധം അവതരിപ്പിച്ചിരിക്കുന്നു. നീലക്കണ്ണുകളുള്ള ബാർബി ഡോളുകൾ ഇതിലെ പ്രതീകങ്ങളാണ്. ചിന്തിക്കാൻ ശേഷിയില്ലാത്ത സൗന്ദര്യരൂപങ്ങൾ. ഇന്ദു അങ്ങനെയുള്ള പാവക്കുട്ടിയെപോലെ തൊട്ടാവാടി. മനുഷ്യമനസ്സുകളുടെ ചാഞ്ചല്യം ഒരു പെൻഡുലം പോലെയാണ്. അതിന്റെ ചലനത്തിന് മാറ്റം വരുമ്പോൾ സമയം തെറ്റുന്നു. മുമ്പ് സൂചിപ്പിച്ച്പോലെ കഥകളിൽ മനഃശാസ്ത്രപരമായ സമീപനം വളരെ വിജയപ്രദമായി നിർവഹിക്കുന്നു കഥാകൃത്ത്.
ഈപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൈകതം ബുക്സ് കോതമംഗലം, കേരള ആണ്. (www.saikathambooks.com) ഈ പുസ്തകം ആമസോണില്‍ വില്ക്കുന്നുണ്ട്. പുസ്തകം വാങ്ങാന്‍ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ആമസോണ്‍ ലിങ്കിൽ പോയി പുസ്തകം ഓർഡർ ചെയ്യാം. https://www.amazon.com/Anyaya-Pattika-Vasthu-Joseph-Abraham/dp/9389463343 . കഥാകൃത്തുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ ശ്രീ ജോസഫ് എബ്രഹാമിനെ ഈ ഫോണിൽ ബന്ധപ്പെടുക. 410 497 4587.
ശുഭം
കലയിലെയും സാഹിത്യത്തിലേയും യാഥാർഥ്യപ്രസ്ഥാനത്തോട് ശ്രീ ജോസഫ് എബ്രഹാം അറിഞ്ഞോ അറിയാതെയോ ചേർന്നുനിൽക്കുന്നു. യാഥാർഥ്യപ്രസ്ഥാനമെന്നു പറയുന്നത് സാധാരണ ജീവിതാനുഭവങ്ങൾ തന്മയത്വത്തോടെ പകർത്തുന്നതാണ്. അങ്ങനെ പകർത്തുന്നതിൽ ഒരു പൂർണ്ണതയുണ്ട്. അതാണ് ജോസഫ് എബ്രഹാമിന്റെ കഥകളുടെ പ്രത്യേകത. ആന്റണി ചെക്കോവ് എന്ന റഷ്യൻ എഴുത്തുകാരന് വർഷങ്ങൾക്ക് മുമ്പ് മാക്സിം ഗോർക്കി എഴുതി "നീ യാഥാർത്ഥപ്രസ്ഥാനം ഇല്ലാതാക്കുകയാണ്. കാരണം നീ അതിനു പൂർണ്ണത വരുത്തുന്നു.” അതായത് യാഥാർത്ഥപ്രസ്ഥാനത്തിനു അതിന്റേതായ ഒരു നിർവ്വചനം സൃഷ്ടിക്കുന്നു. ശ്രീ ജോസഫ് ഏബ്രാഹാം കഥകൾ പറയുമ്പോൾ അതിൽ മാജിക്കൽ റിയലിസം വരുന്നു, സർറിയലിസം വരുന്നു. റിയലിസം അതായത് യാഥാർഥ്യം വരുന്നു. വരുകയാണ് വരുത്തുകയില്ല. അതാണ് കഥാകൃത്തിന്റെ വിജയവും. നമുക്ക് [പരിചയമില്ലാത്ത ഒരു കഥാപരിസരം കഥകളിലില്ല പക്ഷെ നമ്മൾ കണ്ടതുപോലല്ല അദ്ദേഹം കാണുന്നത്. അതാണ് കഥകളെ വ്യത്യസ്തമാക്കുന്നത്.

നിയന്ത്രിക്കപ്പെട്ട പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് കഥ പറഞ്ഞാൽ മാത്രമേ വിമർശനലോകം സ്വീകരിക്കു എന്ന മുൻധാരണയോടെ എഴുതുന്നവരുണ്ട്. അതിൽ കുഴപ്പമില്ല, പക്ഷെ എഴുത്തുകാരൻ യഥേഷ്ടം അയാളുടെ സർഗ്ഗഭാവനകളുടെ ചിറകിൽ സ്വച്ഛന്ദം സഞ്ചരിക്കുമ്പോൾ പിറന്നുവീഴുന്ന കഥകൾ ജീവിതവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കും. ശ്രീ ജോസഫിന്റെ കഥകൾ അതിലുൾപ്പെടുന്നു. ഇന്നത്തെ ആധുനികപ്രസ്ഥാനത്തിൽ കൃത്രിമത്വം കടന്നുവന്നു കഥകൾ വായനക്കാരന് മുഷിപ്പനായി തോന്നുകയും എന്നാൽ അത്ഭുതകരമായി അവ അംഗീകാരങ്ങൾക്ക് അർഹമാകയും ചെയ്യുന്നത് സാധാരണയാണ്. മനസ്സിലാകാത്തതൊക്കെ മഹത്തരം എന്ന മൂഢചിന്ത മനുഷ്യന്റെ ദൗർബ്ബല്യമാണല്ലോ. ശ്രീ ജോസഫ് ഏബ്രാഹാമിന്റെ കഥകൾക്ക് നൂതനപരിവേഷമുണ്ടെങ്കിലും കഥകൾ ദുരൂഹങ്ങളല്ല. അതേസമയം അദ്ദേഹത്തിന്റേതായ ഒരു ശൈലി രൂപപ്പെടുത്തി കഥകൾ രചിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാം.
കഥാസമാഹാരത്തിന്റെ പേരുതന്നെ നിയമവുമായി ബന്ധപ്പെട്ടതാണ്. കഥാകൃത്ത് സ്വയം ഒരു വക്കീലാകുമ്പോൾ അത്തരം പേരുകൾ പ്രതീക്ഷിക്കാവുന്നതാണ്. അപ്പോൾ അതെന്തറിയാനുള്ള കൗതുകം വർദ്ധിക്കുന്നു. എഴുതുന്നത് വായിപ്പിക്കാനുള്ള കഴിവുകൂടി എഴുത്തുകാരനുണ്ടാകണം. വായിച്ചുതീരുമ്പോൾ എന്തോ തിരിച്ചറിഞ്ഞ ഒരു അനുഭൂതി ശേഷിപ്പിക്കാനും കഴിയണം. എഴുത്തുകാർ ജീവിതസാഹചര്യങ്ങളെ അവരുടെ സർഗ്ഗാത്മകതയിലൂടെ നോക്കികാണുമ്പോൾ പുതിയ മാനങ്ങൾ കണ്ടെത്തുന്നു. അപ്പോഴാണ് അതു വായനക്കാർക്ക് ഹൃദ്യമാകുന്നത്. അങ്ങനെ ചെയ്യുമ്പോൾ യാഥാർഥ്യങ്ങൾ കൈവിടാതെ കഥാതന്തുക്കളെ വിളക്കിച്ചേർത്തുകൊണ്ടുള്ള സൃഷ്ടിയാണ് പൂർണ്ണത പ്രാപിക്കുക. ജോസഫ്എബ്രഹാമിന്റെ കഥകളിൽ എല്ലാം തന്നെ നമുക്ക് പരിചയമുള്ള വ്യക്തികളും സംഭവങ്ങളും ആണ് പ്രത്യക്ഷപ്പെടുന്നെങ്കിലും അവയെ കൂടുതൽ വിശാലമാക്കാൻ അദ്ദേഹത്തിന് കഴിയുന്നു; ആ അപാരതയിൽ നമ്മൾ വിസ്മയം പൂണ്ടു നിൽക്കുന്നു. നമ്മുടെ കണ്മുന്നിലൂടെ കടന്നുപോയ ജീവിതദൃശ്യങ്ങൾ അദ്ദേഹം വീണ്ടും പ്രദർശിപ്പിക്കുമ്പോൾ ആ രംഗങ്ങളിൽ മുഴങ്ങുന്ന ഫലിതധ്വനികകൾ എന്തേ നമ്മൾ ശ്രദ്ധിച്ചില്ലെന്ന ആശ്ചര്യമുളവാക്കുന്നു.
ഓരോ കഥയിലും ജീവിതത്തിന്റെ ചില മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന വൈകാരികതയും അനുഭൂതിയും വായനക്കാരുടെ മനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്നു. കഥാകൃത്ത് ജീവിതത്തെ വിമർശിക്കുന്ന നിരൂപകനായും ജീവിതത്തെ ആസ്വദിക്കുന്ന ശുഭാപ്തിവിശ്വാസകാരനുമാകുന്നു. കഥകളുടെ പ്രത്യകത അവയൊന്നും തന്നെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നില്ലെന്നാണ്. ഇതിലെ കഥാപാത്രങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു. പ്രത്യക്ഷത്തിൽ അവരെല്ലാം സമൂഹത്തിന്റെ ഒരു ഭാഗമെന്ന് തോന്നുമെങ്കിലും ഓരോരുത്തരുടെയും മാനസിക സംഘർഷങ്ങൾ കഥാകൃത്ത് അനായേസേന അനാവരണം ചെയ്യുന്നുണ്ട്. മക്കളാൽ കൊണ്ടുവരപ്പെട്ട മാതാപിതാക്കൾ ഒരുമിച്ച് താമസിക്കാതെ ഓരോ മക്കളുടെ വീട്ടിൽ കഴിയുന്നു. മകനോ മകളോ അവരെ പങ്കു വയ്ക്കുന്നു. മനഃശാസ്ത്രപരമായ ഒരു സമീപനം കഥാപാത്രങ്ങളുമായി കഥാകൃത്ത് വച്ചുപുലർത്തുന്നത് അകൃത്രിമമായ മികവോടെയാണെന്നു കാണാം.
കഥാപാത്രങ്ങളുടെ മാനസികപ്രശ്നങ്ങൾ കഥാകൃത്ത് പരിഹരിക്കുന്നത് നമ്മെ വിസ്മയിപ്പിക്കുന്നു. അതായത് വായനക്കാരന്റെ ഊഹങ്ങൾക്ക് മീതെ ആ രാസമാറ്റം നടക്കുന്നു. മക്കൾ അമേരിക്കയിലേക്ക് കൊണ്ടുവന്ന മാതാപിതാക്കൾ ഒരു ഇന്ത്യക്കാരന്റെ കടയിൽ ജോലിചെയ്ത് അവരുടെ ജീവിതമാർഗം കണ്ടുപിടിക്കുന്ന അവസ്ഥയിലേക്ക് സംഭവങ്ങളെ നയിക്കുന്ന വിവരണം മികവുറ്റതാണ്. കലയും യാഥാർഥ്യവും ഏറ്റുമുട്ടുകയല്ല കൂട്ടിമുട്ടി രചനാതന്ത്രങ്ങളുടെ ലയനചാരുത പ്രകടമാക്കുകയാണി സൃഷ്ടിയിൽ. മക്കൾ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന സംഭവം പല എഴുത്തുകാരും കഥക്ക് പ്രമേയമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ കഥ (ഒരു പുറപ്പാടിന്റെ പുസ്തകത്തിൽ നിന്ന് പേജ് 46 ) വായനക്കാരിൽ സമ്മിശ്രവികാരങ്ങൾ ഉണർത്താൻ പര്യാപ്തമാണ്.
ഏഴാംപ്രമാണമെന്ന കഥ ബൈബിൾ വചനങ്ങളെ ഉദ്ധരിച്ചും പുരോഹിതന്മാരുടെ വഞ്ചനകളെ ഉൾപ്പെടുത്തിയും കഥാനിർമ്മാണ കൗശലത്തോടെ രചിച്ചതാണ്. കുമ്പസാരരഹസ്യത്തിന്റെ മറവിൽ പുരോഹിതർ ഒരു യുവതിയെ കാമപൂർത്തിക്കുപയോഗിച്ച സംഭവം ഇത് വായിക്കുമ്പോൾ ഓർമ്മവരും. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ എമ്മഗോൾഡ്മാനെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങുന്ന കഥയിൽ ചിലപ്പോഴെല്ലാം മനസ്സ് തെന്നിപോകുന്ന സ്ത്രീഹൃദയങ്ങളുടെ മിടിപ്പും അവരുടെ നിഷ്കളങ്കത ദുരുപയോഗം ചെയ്യുന്ന ദൈവപ്രതിനിധികളും തീരെ മുഴച്ചുനിൽക്കാതെ അണിനിരക്കുന്ന ശില്പചാതുര്യം വളരേ നന്നായി അനുഭവപ്പെട്ടു. ഷെയ്ക്സ്പെയറിന്റെ രചനകളിൽ ബൈബിളിന്റെ സ്വാധീനമുള്ളതായി നമ്മൾ കണ്ടിട്ടുണ്ട്. ശ്രീ ജോസഫ് എബ്രഹാം തന്റെ കഥകളിൽ വളരെ സ്വാഭാവികമായി അവ കൊണ്ടുവരുന്നുണ്ട്. കൊച്ചുറാണിയുടെ മനസ്സിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ (conflicts) വിദഗ്ധമായി വിവരിക്കുന്നതിലൂടെ അവരുടെ സ്വഭാവവും കഥയുടെ ഗതിയും വായനക്കാരന് ബോധ്യമാകുന്നു. ഏഴാം പ്രമാണം തെറ്റിക്കരുതെന്ന പാഠവും കഥയിലുണ്ട്. കൊച്ചുറാണി പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നു.
ജോസഫ് ഏബ്രാഹാമിന്റെ കഥകളിലെ മാജിക്കൽറിയലിസം പരിശോധിക്കാം,. മാജിക്കൽ റിയലിസത്തിൽ സാധാരണ കാര്യങ്ങൾ അസാധാരണമാകുന്നു. മാജിക്കൽ സാധാരണ വിഷയമാകുന്നു. സാധാരണസംഭവങ്ങളെ, ജീവിതരംഗങ്ങളെ ഭാവനയും പുരാണവും കൂട്ടിച്ചേർത്തു വായനക്കാരെ ഒരു അത്ഭുതലോകത്തേക്ക് കൊണ്ടുവരുന്ന സൂത്രമാണിത്. യുക്തിക്ക് നിരക്കാത്തതായി നമുക്ക് തോന്നുമെങ്കിലും കഥാസംഭവങ്ങൾ ഇപ്പോഴത്തേ സാഹചര്യങ്ങളുമായി കഥാകൃത്ത് ബന്ധിപ്പിക്കുന്നു. ഒരാൾ കഴിഞ്ഞ ജന്മം നായയായിരുന്നതുകൊണ്ട് ഈ ജന്മം എല്ലാം മണത്തുനോക്കി ഭക്ഷിക്കുന്നു. ചില കുട്ടികൾ അത്തരം സ്വഭാവങ്ങൾ പ്രകടിപ്പിച്ചേക്കാം. പക്ഷെ കഥാകൃത് ആ കുട്ടി വലുതായപ്പോൾ പോലീസ് നായയെ പരിചരിക്കുന്ന പോലീസുകാരനാക്കുന്നു. ആയിക്കോട്ടെ എന്നു വായനക്കാർ പറയുമ്പോൾ കഥാകൃത്ത് ഒരു സൂചന തരുന്നു. നായക്ക് കൊറോണ ആണ്. മണപ്പിക്കുന്ന ജോലി തരപ്പെടില്ല. കഷ്ടം സ്വന്തം ജോലി ചെയ്യാൻ കഴിയാതാകുമ്പോൾ അവർ കൊല്ലപ്പെടുന്നു. അത് മൃഗങ്ങളുടെ ദുർവിധി. പക്ഷെ ആ നായയുടെ ആത്മാവ് കൊണ്ടുനടക്കുന്ന പോലീസുകാരനും മണപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. ഭാര്യയുടെയും വെപ്പാട്ടിയുടെയും മാദകഗന്ധം പോലും അയാൾ അറിയുന്നില്ല. കഥകളിൽ വളരെ രസകരമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവരുടെ ചിന്തകളിലൂടെ, തീരുമാനത്തിലൂടെ കഥയെ നിയന്ത്രിക്കുക. എന്നിട്ട് ഒരു നിശിചിത അന്ത്യം ഉറപ്പുവരുത്തുക. കഥതീരുവരെ വായനക്കാരനും ഒരു മായാലോകത്താണ്.
ബുദ്ധിപരമായ ദർശനങ്ങൾ , സാമൂഹ്യവിമർശനങ്ങൾ കലാപരമായി അല്ലെങ്കിൽ കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കുക അതിൽ നർമ്മത്തിന്റെ മേമ്പൊടി ചേർക്കുക ഇതൊക്കെ അനായേസേന നിർവ്വഹിക്കാൻ കഴിവുള്ള സമർത്ഥനായ കഥാകൃത്താണ് ജോസഫ് ഏബ്രാഹാം. ഈ സമാഹാരത്തിലെ രണ്ടു കഥകളാണ് പശു ഒരു സാധു മൃഗം, നേർച്ച മുട്ടൻ. രണ്ട് മൃഗങ്ങളും രണ്ടു മതമായി ബന്ധപ്പെട്ടിരിക്കുന്നു. മുട്ടനോട് ബന്ധപ്പെട്ട മനുഷ്യർക്ക് പ്രശ്നങ്ങൾ ഇല്ല കാരണം മതം അതിൽ ഇടപെടുന്നില്ല. എന്നാൽ പശുവിന്റെ കാര്യം അങ്ങനെയല്ല.
മനുഷ്യജന്മം ഉത്കൃഷ്ടമെന്നു പറഞ്ഞു മതപുരോഹിതന്മാർ ആളുകളെ കബളിപ്പിക്കുമ്പോൾ അവരെക്കാൾ മീതെയാണ് പശുവന്നു വിശ്വസിക്കുന്ന ജനതയുടെ കാടത്തം കഥാകൃത്ത് വെളിപ്പെടുത്തുന്നു. ആനുകാലിക ജീവിത സാഹചര്യങ്ങളെ കഥയിലൂടെ പ്രദർശിപ്പിക്കുമ്പോൾ ഒന്നും വിട്ടുപോകാതെ പറയാൻ കഥാകൃത്തിനു കഴിവുണ്ട്. അന്യായപട്ടിക വസ്തുവെന്ന കഥയിലെ ഒരു രംഗം നമ്മെ ചിരിപ്പിച്ച് കൊല്ലും. പ്രസ്തുത വസ്തു ഒരു ലീലാമ്മയുടേതാണ്. ആ വസ്തുകവിൽ അതിക്രമിച്ച് കയറിയ കേസ്സാണ് വാദിക്കുന്നത്. വക്കീൽ ലീലാമ്മയോട് ചോദിക്കുന്നു ഈ ഔസേപ്പച്ചൻ മുന്നിലൂടെയോ, പിന്നിലൂടെയോ, അതോ സൈഡിലൂടെയോ അതിക്രമിച്ച് കയറിയത്. സ്വയം വക്കീലായ കഥാകൃത്തതിന് സാക്ഷികളെ വിസ്തരിക്കാനുള്ള കഴിവ് പ്രകടമാണ്. ഓരോ കഥയിലും ഹാസ്യരൂപേണ കഥയുടെ ഗതി തിരിച്ചുവിടുന്ന വിരുതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതാണ്. ബേപ്പൂർ സുൽത്താന്റെ കഥകൾ ശ്രീ ജോസഫ് അബ്രാഹാമിനെ സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹം തന്നെ എഴുതിയിരിക്കുന്നു. വായനക്കാർക്ക് അത് ബോധ്യമാകുന്നുണ്ട്.
ശ്രീ ജോസഫ് ഏബ്രാഹാമിന്റെ കഥകൾ വായനക്കാരെ മുഷിപ്പിക്കുകയില്ല. അവരെ രസകരമായ ഒരു ആസ്വാദനതലത്തിലേക്ക് നയിക്കുമെന്നു തീർച്ചയാണ്. ശ്രീ ജോസഫ് ഏബ്രാഹാം ധാരാളം കഥകൾ എഴുതി അദ്ദേഹത്തിന് ഇഷ്ടമുള്ള ബേപ്പൂർ സുൽത്തനെപ്പോലെ "ഇമ്മിണി ബല്യ" എഴുത്തുകാരനാകട്ടെ എന്നു ആശംസിക്കുന്നു. കഥകൾ വായിക്കാനും കഥകളെപ്പറ്റി എഴുതാനും അവസരം തന്നതിന് അദ്ദേഹത്തിന് നന്ദി പറയുന്നു.
ശുഭം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments