Image

സർക്കാർ സേവനം = ജന സേവനം : ഉഷ ശ്രീകുമാർ

Published on 11 February, 2021
സർക്കാർ സേവനം = ജന സേവനം : ഉഷ ശ്രീകുമാർ
1996 ഡിസംബർ മാസത്തിൽ സർക്കാർ സർവ്വീസിൽ ജോലിക്കായുള്ള appointment order കയ്യിൽ കിട്ടി സന്തോഷഭരിതയായിരിക്കുന്ന എന്നോട് എന്റെ മൂത്ത സഹോദരൻ ചോദിച്ചു   ,

"  ഈ ജോലി കൊണ്ട് ആരെ സേവിക്കാനാണ് നീ പോകുന്നത് ?  "

യാതൊരു സംശയവും കൂടാതെ ഞാൻ പറഞ്ഞു

"  സർക്കാരിനെ !  "

(  കാരണം പേര് തന്നെ സർക്കാർ സർവ്വീസ് എന്നാണല്ലോ !  )

അപ്പോൾ ഒരു പുഞ്ചിരിയോട് കൂടി എന്റെ സഹോദരൻ എന്നോട് പറഞ്ഞു

"  അല്ലാ... നീ ജനങ്ങളെയാണ് സേവിക്കേണ്ടത്  . സർക്കാർ സേവനമെന്നാൽ ജനസേവനമാണെന്ന് എപ്പോഴും ഓർമ്മയുണ്ടാകണം  !   "

ഇതിപ്പോൾ ഇവിടെ പറയാൻ കാരണം   ഇന്നലെ വൈകുന്നേരം എനിക്ക് വന്ന ഫോൺ കോളാണ്  .

വിളിച്ചത് പുറനാട്ടുക്കരയിൽ താമസിക്കുന്ന എന്റെ മൂത്ത സഹോദരിയാണ്  .

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളേയും അപമാനങ്ങളേയും പറ്റി വിവരിക്കുമ്പോൾ പലപ്പോഴും അവളുടെ ശബ്‌ദമിടറി .

കൈവശ ഭൂമിയുടെ അളവുമായി ബന്ധപ്പെട്ട് 2018 ജൂൺ മാസത്തിലാണ് അവൾ താലൂക്ക് ഓഫീസിൽ അപേക്ഷ നൽകുന്നത് .

പിന്നീട് അപേക്ഷ മേലുള്ള തുടർനടപടി എന്നേയ്ക്കാവും എന്നറിയാൻ താലൂക്ക്.. വില്ലേജ് ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങിയെങ്കിലും കൃത്യമായ ഒരു തീയതി എവിടെ നിന്നും ലഭിച്ചില്ല .

അവസാനം അപേക്ഷ നൽകി ഒരു വർഷവും അഞ്ചു മാസവും കഴിഞ്ഞ് 14/11/ 19 തീയതിയിലാണ് താലൂക്ക് സർവേ വിഭാഗത്തിൽ നിന്നും ഭൂമി അളവിനായി ആളെത്തിയത് .

വൈകിക്കോട്ടെ.. അപേക്ഷകളുടെ ബാഹുല്യവും ജോലിക്കാരുടെ കുറവും  . പരിമിതികൾ നമുക്ക് മനസിലാക്കാവുന്നതാണ്  .

പക്ഷേ , പിന്നീടുള്ള അവരുടെ പ്രവൃത്തിയും ഭാഷയും അപേക്ഷകരോടുള്ള സമീപനവുമാണ് മനസ്സിലാകാത്തത് !

ഭൂമി അളക്കുന്നതിനുള്ള  " സാറന്മാർ  "  രാവിലെ ഒൻപതരയ്ക്ക് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ അതിന് മുന്നേക്കൂട്ടി അപേക്ഷക അവിടെയെത്തി ഓഛാനിച്ച് നിന്നില്ലാ പോലും ! 

എത്രയും പെട്ടെന്ന് വില്ലേജ് ഓഫീസിൽ എത്തി അവരെ അളവ് നടത്തേണ്ട സ്ഥലത്തേക്ക് കൊണ്ടുപോകണം പോലും  !

ശരി  !  അളക്കേണ്ട ഭൂമി ചൂണ്ടി കാണിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്തം അപേക്ഷകർക്കുണ്ട്   .

പക്ഷേ ,  ഏത് സമയത്ത് ഉദ്യോഗസ്ഥർ എത്തി ചേരും എന്നറിയാനുള്ള ജ്ഞാന ദൃഷ്ടി അപേക്ഷകർക്കില്ലല്ലോ !

ഇനിയഥവാ അറിഞ്ഞു എന്ന് തന്നെയിരിക്കട്ടെ   ,  സ്വിച്ചിട്ട പോലെ സ്ഥലത്തെത്താതിന് അപേക്ഷകയെ ഫോണിലൂടെ വിളിച്ച് വഴക്ക് പറയണോ ?
നല്ലവാക്കിൽ പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമോ  ?

എന്തായാലും അന്നേ ദിവസം അളവ് കഴിഞ്ഞു പോയി   .

അളവ് കഴിഞ്ഞെങ്കിലും പിന്നീട് അതിന്റെ റിസൾട്ട്‌ സംബന്ധിച്ച് ഒരു വിവരവുമില്ല !

ചേച്ചി വീണ്ടും താലൂക്ക് ഓഫീസ് കയറിയിറങ്ങൽ യത്നം ആരംഭിച്ചു !!

ഓരോ കയറിയിറങ്ങലിലും ആവശ്യമായ വിവരം കിട്ടിയില്ലെന്ന് മാത്രമല്ല  , നല്ലൊരു വാക്കോ.. എന്തിന്  ! ഒരു  നോട്ടം പോലുമില്ല  !

സാറന്മാർക്കും സാറാത്തികൾക്കും അപേക്ഷകരെ തിരിഞ്ഞൊന്ന് നോക്കാൻ സൗകര്യമില്ലാ പോലും !

അവസാനം സഹിക്കെട്ട് ഈ ഫെബ്രുവരി ഒന്നാം തീയതി സർക്കാരിന്റെ പരാതി പരിഹാര അദാലത്തിൽ അക്ഷയകേന്ദ്രം വഴി അവൾ പരാതി കൊടുത്തു .

"   ഭൂമി അളന്ന് നൽകിയിട്ടുണ്ട്  "   എന്ന മറുപടി കിട്ടി  !

എജ്ജാതി തമാശ  !

  അത് പിന്നെ സ്വന്തം ഭൂമി അളന്ന വിവരം അപേക്ഷ കക്ഷി അറിഞ്ഞിട്ടേയില്ലല്ലോ  !  

അതും ഭൂമി അളന്ന് പോയി കഴിഞ്ഞ് ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞ് ബഹുമാനപ്പെട്ട മന്ത്രിക്ക് അപേക്ഷ കൊടുത്തതിന് ശേഷം മാത്രമാണ് ഇങ്ങിനെയെങ്കിലും ഒരു മറുപടി ലഭിച്ചത് .

  " ഭൂമി അളന്നിട്ടുണ്ട്  "  എന്ന് പറഞ്ഞെങ്കിലും അതിന്റെ റിസൾട്ട്‌ എന്ത്  ?  തുടർന്ന് അപേക്ഷക എന്ത് ചെയ്യണം എന്നൊന്നും ഇല്ല !

  കുറഞ്ഞ പക്ഷം   " പോയി തൂങ്ങി ചാകൂ ഹേ  !  "  എന്നെങ്കിലും വേണമായിരുന്നു !   ഹല്ല പിന്നെ !

കൂടുതൽ വിവരങ്ങൾക്കായി വീണ്ടും താലൂക്ക് ഓഫീസിലേക്ക്..

റിസൾട്ട്‌ അടങ്ങിയ കടലാസ് വില്ലേജ് ഓഫീസിലേക്ക്  17  /  1   / 2020  ന് അയച്ചിട്ടുണ്ടെന്ന് രജിസ്റ്റർ നോക്കി മറുപടി !

നോക്കണം  !

ഒരുവർഷം മുൻപേ അയച്ച കടലാസാണ്  !

ഈ കടലാസിനാണ് പലതവണ താലൂക്ക് ഓഫീസ് കയറിയിറങ്ങിയിട്ടും നടപടിയായില്ല എന്നും പറഞ്ഞ് അപേക്ഷകയെ മടക്കി അയച്ചിരുന്നത് !

ഉയർന്നുവന്ന ധാർമിക രോക്ഷമടക്കി അപേക്ഷക വീണ്ടും വില്ലേജ് ഓഫീസിലേക്ക്   .

അവിടെയെത്തി  ചോദിച്ചപ്പോൾ സ്ഥലത്തുള്ള സാറാത്തിയുടെ മറുപടി

"  ഇവിടെയിപ്പോ ആളില്ല ! പോയി പിന്നെ വാ !

  ( അപ്പൊ സാറാത്തി ആളല്ലേ ! പൊഹയാണോ  !  )

വില്ലേജ് ഓഫീസുകളിലെ തിരക്ക് മനസിലാക്കാം...സ്റ്റാഫിന്റെ കുറവും അതിനാലുള്ള പരിമിതികളും മനസിലാക്കാം...

പക്ഷേ , നല്ലൊരു വാക്കിനോ നോട്ടത്തിനോ പിശുക്ക് കാണിക്കുന്നതെന്തിന്  ?

പറയാനുള്ളത് ഒന്ന് മയത്തിൽ പറയാമല്ലോ .

പിന്നെ വാ  !  എന്ന് പറയുന്നതിന് പകരം എന്ന് വരണം എന്ന് പറഞ്ഞിരുന്നെങ്കിൽ !

സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്ന പൊതുജനങ്ങളുടെ സമയവും വിലപ്പെട്ടതാണ്  .

അവനവന്റെ വീട്ടിൽ ചെയ്തു തീർക്കേണ്ട ഒരുപാട് കാര്യങ്ങൾ മാറ്റിവച്ചിട്ടാണ് അവർ ഈ ഓഫീസുകളിൽ കയറി നിരങ്ങുന്നത് .

വരുന്നത് കൂലിപ്പണിക്കാരാണെങ്കിൽ എത്ര ദിവസത്തെ പണി കളഞ്ഞിട്ടാകും വരുന്നുണ്ടാകുക  .

ചേച്ചിയുടെ കാര്യം തന്നെ പറയാം..

വീട്ടിലെ പണിയെല്ലാം മാറ്റി വച്ച്  5  ഉം 2 ഉം വയസ്സ് വീതമുള്ള പേരക്കുട്ടികളെ നോക്കാൻ അവരുടെ മുത്തശ്ശനെ ഏൽപ്പിച്ചാണ് ചേച്ചിയുടെ വരവ്  .

അപേക്ഷകർക്ക് പ്രതിക്ഷേധിക്കാൻ അവകാശമില്ല  !

മിണ്ടാതെ.. ഉരിയാടാതെ ചേച്ചി വീണ്ടും താലൂക്ക് ഓഫീസിലേക്ക്  .

ഒരുവർഷം മുൻപേ ശരിയായ കടലാസിന് വേണ്ടിയാണ് കക്ഷി ഇങ്ങിനെ നടക്കുന്നത് എന്ന് ബോധ്യമുള്ളത് കൊണ്ടോ അവർക്ക് പറ്റിയ വീഴ്ചയെ പറ്റി ധാരണയുള്ളത് കൊണ്ടോ എന്തോ താലൂക്ക് ഓഫീസിൽ നിന്നും വില്ലേജ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ് അന്ന് തന്നെ ചേച്ചിക്ക് പേപ്പർ കിട്ടി .

പക്ഷേ , അവഹേളന പർവ്വം ഇവിടെ അവസാനിക്കുന്നില്ല !

കടിച്ചതിനേക്കാൾ വലുത് മാളത്തിലാണ് !

കിട്ടിയ കടലാസിൽ നിന്നും കാര്യങ്ങൾ വ്യക്തമായില്ലെങ്കിലും അതിൽ പറഞ്ഞതിൻ പ്രകാരം അവൾ അപേക്ഷ നൽകുന്നതിനായി സർവ്വേ സൂപ്രണ്ട് ഓഫീസിലേക്ക് പോയി .

ദാണ്ടിരിക്കുന്നു അവിടെ അതിലും വല്യ സാറാത്തി  !

ഇതിവിടെയല്ല.. ഇതിങ്ങനെയല്ല.. ഇതങ്ങിനെയാണ്.. ഇതൊന്നും ഇപ്പൊ പറ്റൂല..

ഒരുപാട് സാങ്കേതിക പദങ്ങൾ നിറഞ്ഞ അങ്ങിനെ ഇങ്ങിനെകൾ  !

 അല്പം പോലും മയത്തിലുമല്ല പറച്ചിൽ  .

അപേക്ഷ നൽകാൻ ചെന്നു എന്ന മഹാപരാധത്തിനാണ് ഈ ചീത്ത പറച്ചിൽ എന്നോർക്കണം !

സങ്കടം വന്നു മുട്ടിയെങ്കിലും ചേച്ചി വിടാതെ പറഞ്ഞു

"  എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു തരൂ... "

പിന്നെയും രൂക്ഷമായ പ്രതികരണം .

അതിനിടയിൽ ഫോറം  8  ലുള്ള അപേക്ഷയെന്നോ താലൂക്ക് ഓഫീസിൽ നൽകണമെന്നോ മറ്റോ ചേച്ചി അന്തരീക്ഷത്തിൽ നിന്നും പിടിച്ചെടുത്തു !

അന്ന് തന്നെ ഫോറം  8  അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക്..

ആഹാ... അതാണ് രസം !  താലൂക്ക് ഓഫീസിൽ അത്തരമൊരു അപേക്ഷയുടെ ആവശ്യകത അവർ കേട്ടിട്ട് പോലുമില്ല  !

തുടർന്നാണ് കൂട്ടരേ ക്ലൈമാക്സ്‌  !

താലൂക്ക് ഓഫീസിൽ അന്നേരം ഉണ്ടായിരുന്ന ഏമാൻ   (  ടിയാൻ അതേ സെക്ഷനിലെ തന്നെ ഗുമസ്തനാണെന്ന് കരുതുന്നു   )  ചേച്ചിയെ ചോദ്യം ചെയ്യാനാരംഭിച്ചു .

പുച്ഛവും പരിഹാസവും വഴിഞ്ഞൊഴുകുന്ന  ചോദ്യശരങ്ങൾ  !

ഇതിനിടയിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ...

എന്റെ ചേച്ചി കെട്ടിലും മട്ടിലും എടുപ്പില്ലാത്ത ഒരു സാധാരണക്കാരിയാണ് . ആകെയുള്ള 5 സെൻറ് ഭൂമിയുടെ അളവ് സംബന്ധിച്ചാണ് ഈ നടത്തം മുഴുവനും  . അതും ഏമാന്റെ പുഞ്ഞകാരണമാകാം ! 

ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങൾ ചേച്ചിയെ പോലുള്ള അപേക്ഷകർക്ക്  അറബിയാണ് .

പുച്ഛവും പരിഹാസവും കണ്ട് കരച്ചിൽ വന്നു മുട്ടിയിട്ടും ചേച്ചി ഒരുവിധത്തിൽ , അവൾക്ക് അറിയാവുന്ന വിധം മറുപടി പറഞ്ഞു .

അവസാനം ഏമാൻ പരമ പ്രധാനമായ ഒരു കണ്ടുപിടിത്തം നടത്തി എല്ലാവരുടെയും മുന്നിൽ വച്ച് പ്രഖ്യാപനവും നടത്തി..

അതായത് , ചേച്ചി

ഒരു കള്ളിയും നുണച്ചിയുമാണെന്ന് !  പറയുന്നതെല്ലാം പച്ച കള്ളമാണെന്ന് !!

അവളാകെ തകർന്ന് പോയി...

സർക്കാർ നിർദേശിച്ച പണമൊടുക്കി  , അളവ് നടത്തി , അതിന്റെ  റിസൾട്ട്‌ അറിയാൻ സർക്കാർ ഓഫീസിൽ മാസങ്ങളായി കയറിയിറങ്ങിയ അവൾക്ക് കിട്ടിയ   " റിസൾട്ട്‌  " ആണ് താലൂക്ക് ഓഫീസിലെ ഏമാൻ ചാർത്തി കൊടുത്ത നുണച്ചി പട്ടം  !

ഒരു കാര്യം കൂടി പറഞ്ഞെങ്കിലേ ഈ നുണച്ചി പ്രയോഗം അവളിൽ എത്ര കടുത്ത ആഘാതമാണ് ഏൽപ്പിച്ചതെന്ന് വ്യക്തമാകൂ...

സ്വന്തം അനുജത്തി..അതായത് ഞാൻ ഇതേ വകുപ്പിൽ ഇതേ ജില്ലയിൽ തഹസിൽദാരായി ജോലിയിലിരുന്നിട്ടും ഈ പറഞ്ഞ താലൂക്കാഫിസിലേക്കോ വില്ലേജ് ഓഫീസിലേക്കോ വിളിച്ചു പറഞ്ഞ് നടപടികൾ വേഗത്തിലാക്കാൻ അവൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല . ഇക്കാര്യം ഞാനറിഞ്ഞത് തന്നെ ഇന്നലെയാണ് !

ഒരു തരത്തിലുള്ള സ്വാധീനവും അവൾഇന്നുവരെ ഉപയോഗിച്ചിട്ടില്ല . അതിനൊട്ട് താല്പര്യവുമില്ല  .

ഒരു പൗരന് ന്യായമായ ആവശ്യം നേടാൻ യാതൊരു വക രാക്ഷ്ട്രീയ ഉദ്യോഗസ്ഥ സാമ്പത്തിക സ്വാധീനമൊന്നും വേണ്ട .
അല്ലാതെ തന്നെ കാര്യം നടക്കേണ്ടതല്ലേയെന്ന നിഷ്കളങ്ക ആദർശത്തിന്റെ ഉറച്ച വക്താവ് .

അതിന് കിട്ടിയ കൂലിയാണ് താലൂക്കാഫിസിലെ ഏമാൻ ചാർത്തി കൊടുത്ത നുണച്ചി പട്ടം  !

 നുണച്ചി പ്രയോഗം ചാർത്തി കൊടുത്തെങ്കിലും പിന്നീട് എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കാൻ ഏമാന് അറിയില്ലായിരുന്നു !

വീണ്ടും സർവ്വേ ഓഫീസിലേക്ക്..

അവിടെ ചെന്ന്  വീണ്ടും കാര്യങ്ങളെല്ലാം ആവർത്തിച്ചപ്പോൾ ഫോറം 8  വേണ്ട . വെള്ള പേപ്പറിൽ സ്റ്റാമ്പ്‌ പതിപ്പിച്ച് അപേക്ഷ നൽകിയാൽ മതിയെന്നായി  .

പ്രിയപ്പെട്ട സർക്കാർ ജീവനക്കാരെ... എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ ,

എന്റെ സഹോദരിയുടെയോ അതുപോലുള്ള മറ്റ് അപേക്ഷകരുടെയോ അപേക്ഷകളിന്മേലോ നിവേദനങ്ങളിന്മേലോ  അവർക്ക് അനുകൂലമോ പ്രതികൂലമോ ആയ എന്തു നടപടി വേണമെങ്കിലും ഉണ്ടാകട്ടെ.. കാരണം ,  നിയമം..നിയമം പോലെ നടക്കണം  .

പക്ഷേ , നിങ്ങളുടെ മുന്നിൽ അപേക്ഷയുമായി വരുന്നവരോട് ഒന്ന് നന്നായി പെരുമാറാൻ നല്ലൊരു വാക്ക് പറയാൻ നിങ്ങൾക്കെന്താണ് ബുദ്ധിമുട്ട് ?

എന്തിനാണ് നിങ്ങളുടെ പാദസേവകരെന്നമട്ടിൽ അവരോട് പെരുമാറുന്നത് ?

നിങ്ങൾക്ക് മുന്നിൽ വരുന്ന എല്ലാ അപേക്ഷകളിലും കക്ഷിയ്ക്കനുകൂലമായി തീരുമാനമെടുക്കാൻ നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല .

പക്ഷേ , അവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവഹേളിക്കാൻ പരുഷമായി പെരുമാറാൻ എന്തധികാരമാണ്  നിങ്ങൾക്കുള്ളത് ?

അവർ യാചകരല്ല !  നിങ്ങളുടെ മുന്നിൽ ഭിക്ഷയ്ക്കായി താണുകേണു വന്ന് നിൽക്കുന്നവരുമല്ല  !

മറിച്ച്  ,

അവരാണ് നിങ്ങളുടെ യജമാനന്മാർ എന്നും നിങ്ങൾ അവരുടെ ദാസന്മാർ മാത്രമാണെന്നും മറന്നു പോകുന്നതെന്തേ  ?

നിങ്ങൾ അവരെ സേവിക്കുന്ന വകയിൽ സർക്കാർ നിങ്ങൾക്ക് അനുവദിച്ചു തരുന്ന കൂലിയാണ്  നിങ്ങളുടെ ശമ്പളമെന്നും അത് ഇവരോരോരുത്തരും നൽകുന്ന നികുതി പണമാണെന്നും അത് തന്നെയാണ് നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ചോറെന്നും നിങ്ങൾ എന്നാണറിയുക ?

അവകാശങ്ങൾ നേടിയെടുക്കാൻ വീറും വാശിയും കാണിക്കുന്ന നിങ്ങൾ കടമകൾ ചെയ്യാൻ മറക്കുന്നതെന്തേ  !!
Join WhatsApp News
രാജു തോമസ് 2021-02-12 16:31:44
വിവരണം വളരെ ഭംഗിയായി--നല്ലൊരു ചെറുകഥപോലെ-- ഹൃദയസ്പൃക്കും. 'മാറിമായ'ത്തിലെ ചില എപ്പിസോഡുകൾ ഓർത്തു. ആ ധൈര്യത്തിന് അഭിനന്ദനം. ഇനിയും എഴുതുമല്ലൊ.
Sudhir Panikkaveetil 2021-02-12 18:08:32
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരാൾ എന്ന നിലക്ക് നാട്ടിലെ സർക്കാർ ജോലിക്കാർ സായിപ്പിനെ പോലെ പെരുമാറുന്നത് ഒരിക്കൽപോലും എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക