Image

നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് കെ.സുധാകരന്‍

Published on 18 June, 2012
നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് കെ.സുധാകരന്‍
കണ്ണൂര്‍: നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് കെ. സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ആക്രമിക്കാന്‍ വന്നതിനാലാണ് വാസുവിനെ തന്റെ ഗണ്‍മാന്‍ വെടിവെച്ചതെന്ന് പറഞ്ഞ സുധാകരന്‍ കാക്കയെ വെടിവെയ്ക്കാനും ഉമ്മ വെയ്ക്കാനുമുള്ളതല്ല തോക്കെന്നും ആക്രമിക്കാന്‍ ആരെങ്കിലും വന്നാല്‍ ഇനിയും വെടിവെയ്ക്കുമെന്നും പറഞ്ഞു. 

നാല്‍പ്പാടി വാസുവിനെ വെടിവെച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ വിചാരണ കഴിഞ്ഞ് കോടതിയില്‍ എത്തിയപ്പോള്‍ തന്നെ വെറുതെ വിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് സുധാകരന്റെ ഈ പരാമര്‍ശങ്ങള്‍. 1993 മാര്‍ച്ച് നാലിനാണ് സി.പി.എം. പ്രവര്‍ത്തകനായ നാല്‍പ്പാടി വാസു കൊല്ലപ്പെട്ടത്. 

അതേസമയം എം.എം.മണിയ്‌ക്കെതിരെ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത പോലീസ് സുധാകരനെതിരെയും കേസെടുക്കണമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും സുധാകരനെതിരെ കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജയരാജന്‍ സൂചന നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക