തിരുവനന്തപുരം: സിനിമയുടെ നിറവെട്ടത്തുനിന്ന് പട്ടിണിയിലേക്കും ഒടുവില്‍ രോഗക്കിടക്കയിലേക്കുമെത്തിയ നടി ശ്രീലതാ മേനോന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം.എല്ലുകള്‍ ദ്രവിക്കുന്ന രോഗവുമായി മെഡിക്കല്‍കോളേജ് ആസ്?പത്രിയില്‍ കഴിയുന്ന ശ്രീലതയെ സന്ദര്‍ശിച്ച കെ.മുരളീധരന് എം.എല്‍.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.ചലച്ചിത്ര അക്കാദമി ഭാരവാഹികളും ആസ്പത്രിയിലെത്തി 25000 രൂപയുടെ സഹായം കൈമാറി.
മിസ് ട്രിവാന്‍ഡ്രമായി തിരഞ്ഞെടുക്കപ്പെട്ട് പിന്നീട് സിനിമാസീരിയല്‍ അഭിനയ രംഗത്തെത്തിയ ശ്രീലതയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. അപൂര്‍വരോഗം ബാധിച്ച് ആശ്രയമറ്റ് വട്ടിയൂര്‍ക്കാവില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ഇവരുടെ അവസ്ഥയറിഞ്ഞ് സ്ഥലം എം.എല്‍.എയും എ.ഡി.എമ്മും ഇടപെട്ടാണ് കഴിഞ്ഞദിവസം ആസ്?പത്രിയിലെത്തിച്ചത്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനാകാതെ, ദാരിദ്ര്യത്തിന് നടുവില്‍ മൂന്നു മക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു ഏറെ നാളായി ഇവര്‍.
കുന്നുകുഴി വടയക്കാട് മടവിളാകം തറവാട്ടില്‍ റിട്ട. തഹസില്‍ദാര്‍ നാരായണ മേനോന്റെയും ഖാദിബോര്‍ഡ് റിട്ട. സൂപ്രണ്ട് ഭവാനിയുടെയും മകളാണ് ബിരുദധാരിയായ ശ്രീലത.1985ല്‍ മിസ് ട്രിവാന്‍ഡ്രമായി തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ ചെറുതും വലുതുമായ വേഷങ്ങളുമായി സിനിമാസീരിയല്‍ രംഗത്ത് സജീവമായിരുന്നു.
കൗതുകവാര്‍ത്തകള്‍, ചെറിയ ലോകവും വലിയ മനുഷ്യരും, പെരുന്തച്ചന് തുടങ്ങിയ സിനിമകളിലും ശ്രീകൃഷ്ണന്, അമ്മ തുടങ്ങി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നര്‍ത്തകി കൂടിയാണ്. ക്യാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് കെ.എസ്. മധു നാലുവര്‍ഷം മുന്‍പ് മരിച്ചു.രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി എഴുന്നേറ്റ് നടക്കാന്‍പോലുമാകാതെ വീടിനുള്ളില്‍ വേദന തിന്ന് കഴിയുകയായിരുന്നു ശ്രീലത. അര്ജുന്, ആദി, അരവിന്ദ് എന്നിവരാണ് മക്കള്‍.മെഡിക്കല്‍കോളേജില്‍ സര്‍ക്കാര്‍ പേവാര്‍ഡില്‍ കഴിയുന്ന ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്കാന് കെ.മുരളീധരന് എം.എല്‍.എ. നിര്‍ദേശം നല്‍കിയിട്ടുണ്ട്.എ.ഡി.എം. പി.കെ. ഗിരിജ ഉള്‍പ്പെടെയുള്ളവര്‍ ആസ്പത്രിയിലെത്തിയിരുന്നു.
ശ്രീലതയെ സഹായിക്കാനായി എസ്.ബി.ടി. വട്ടിയൂര്‍ക്കാവ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 67075901524.