Image

ലക്ഷ്യം ബ്രസീലില്‍ ഒരു മെഡല്‍:ഇര്‍ഫാന്‍

Published on 05 August, 2012
ലക്ഷ്യം ബ്രസീലില്‍ ഒരു മെഡല്‍:ഇര്‍ഫാന്‍
ലണ്ടന്‍: ലോസ് ആഞ്ജലിസില്‍ പി.ടി. ഉഷയ്ക്ക് സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ ഒളിമ്പിക് മെഡല്‍ നഷ്ടമായപ്പോള്‍ രാജ്യത്തും കേരളത്തിലുമുയര്‍ന്ന നെടുവീര്‍പ്പുകള്‍ ഒരിക്കല്‍ക്കൂടി ഉയരുകയാണ്. മെഡല്‍നേട്ടങ്ങളല്ല, ചുണ്ടോടടുത്ത ശേഷം അകന്നുപോയ മെഡലുകളാണ് കേരളത്തിന്റെ നിറമുള്ള ഒളിമ്പിക് സ്മരണകള്‍. കെ.ടി. ഇര്‍ഫാന്‍ എന്ന അരീക്കോട്ടുകാരന്‍ ലണ്ടനിലെ ബക്കിങ്ങാം പാലസിന് ചുറ്റും നടന്ന 20 കിലോമീറ്റര്‍ നമ്മുടെ കായികചരിത്രത്തിലെ തിളക്കമുള്ള അധ്യായമായി മാറുകയാണ്. 53 ലോകോത്തര നടത്തക്കാര്‍ പങ്കെടുത്ത മത്സരത്തില്‍ ആദ്യ പത്തില്‍ ഇടം നേടിയത് ചില്ലറക്കാര്യമല്ല. ഈ പത്താം സ്ഥാനത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. ഇര്‍ഫാന്‍ ചെറുപ്പമാണ്, രണ്ടോ മൂന്നോ ഒളിമ്പിക്‌സുകള്‍ മുന്നിലുണ്ട്.

എന്റെ ലക്ഷ്യം ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്‌സാണ്. അവിടെ ഒരു മെഡല്‍ നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നു  മെഡല്‍നേട്ടത്തിന്റെ പിറ്റേന്ന് ഇര്‍ഫാന്‍ പറഞ്ഞു.

ലണ്ടനില്‍ ഞാന്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല, മെഡലോ ദേശീയ റെക്കോഡോ മുന്നിലൊരു സ്ഥാനമോ, ഒന്നും. ഒളിമ്പിക്‌സ് പോലുള്ള വലിയ വേദിയുടെ അനുഭവമറിയുകയായിരുന്നു പ്രധാനം. എങ്കിലും റെക്കോഡും നല്ലൊരു സ്ഥാനവും കിട്ടി. ഇനി ബ്രസീല്‍ ലക്ഷ്യം വെച്ചുമുന്നേറണം.

2007ലാണ് ഞാന്‍ നടത്തം തുടങ്ങിയത്. അഞ്ചുവര്‍ഷം കൊണ്ട് ഇവിടെവരെ എത്താനായി. ഇതിനിടയില്‍ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തത് ഒരുവട്ടം മാത്രം. റഷ്യയില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിലായിരുന്നു അത്. രണ്ടാമത്തെ അന്താരാഷ്ട്ര വേദി മാത്രമാണ് ഒളിമ്പിക്‌സ്. ഇത്രയും വലിയൊരു വേദിയില്‍ ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ മത്സരിക്കുക എന്നത് വലിയൊരനുഭവം തന്നെയായിരുന്നു.

എന്തായാലും തീവ്രമായ പരിശീലനം തുടങ്ങുകയാണിനി. സായിയും സര്‍ക്കാറും ആര്‍മിയുമൊക്കെ നല്ല പിന്തുണ നല്‍കുമെന്നുറപ്പുണ്ടെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

ഇര്‍ഫാന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കേരളത്തില്‍ നിന്നെത്തിയ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും ഞായറാഴ്ച രാവിലെ ഇര്‍ഫാനെ ഗെയിംസ് വില്ലേജില്‍ സന്ദര്‍ശിച്ചു. ഇര്‍ഫാന് സര്‍ക്കാറിന്റെ എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

ലക്ഷ്യം ബ്രസീലില്‍ ഒരു മെഡല്‍:ഇര്‍ഫാന്‍
കെ.ടി. ഇര്‍ഫാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക