Image

സത്‌നാ സിംഗ്മാന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Published on 06 August, 2012
സത്‌നാ സിംഗ്മാന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്മാന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും കേസ് അന്വേഷിക്കുക. തിരുവനന്തപുരത്തെത്തിയ സത്‌നാംസിംഗിന്റെ പിതാവില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. സത്‌നാംസിംഗിന്റെ മരണം മര്‍ദനമേറ്റാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. അമൃതാനന്ദമയി മഠം അധികൃതരേയും ആശുപത്രി അധികൃതരേയും പോലീസ് ചോദ്യം ചെയ്യും.

സത്‌നാംസിംഗ്മാന്റെ മരണത്തിന് കാരണമായ മര്‍ദ്ദനമേറ്റത് കൊല്ലത്തുവച്ചാണോ തിരുവനന്തപുരത്ത് വച്ചാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ ശരീരത്തില്‍ ധാരാളം മുറിവുകളുണ്ട്. ഈ മുറിവുകളുടെ പഴക്കവും ആന്തരികമായി ഏറ്റ ക്ഷതങ്ങളും ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. മര്‍ദനമേറ്റതിന്റെ മുപ്പതിലേറെ പാടുകള്‍ സിംഗ്മാന്റെ ശരീരത്തിലുണ്ടായിരുന്നതായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സുനില്‍ എ.ഡി.എമ്മിന് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. വടികൊണ്ടു മര്‍ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ട്. ഇയാളോടൊപ്പം ആശുപത്രി സെല്ലില്‍ കഴിഞ്ഞിരുന്ന മുന്‍ ഗുണ്ടാസംഘാംഗം കൂടിയായ യുവാവിന്റെ മര്‍ദനമേറ്റതാണോ മരണകാരണം എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

സത്‌നാസിംഗും മറ്റു രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎമ്മും വെവ്വേറെ അന്വേഷണം നടത്തും. ജൂലൈ എട്ടിനാണു സത്‌നാം സിംഗ്മാന്‍ വള്ളിക്കാവ് ആശ്രമത്തില്‍ എത്തിയത്. ആശ്രമത്തില്‍വച്ചു കഴിഞ്ഞ ബുധനാഴ്ചയാണു അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. അമൃതാനന്ദമയിയുടെ അടുത്തേക്കു വേദിയില്‍നിന്ന് ഏതാനും മീറ്റര്‍ അകലെനിന്ന് ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ട് ഇയാള്‍ ഓടിയടുക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. തുടര്‍ന്നു സെന്‍ട്രല്‍ ജയിലിലാക്കിയ സിംഗ്മാനെ പിന്നീടു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക