Image

ഉടമസ്ഥരെ തേടി അനേക കോടികള്‍. (മാത്യു മൂലേച്ചേരില്‍)

Published on 01 September, 2012
ഉടമസ്ഥരെ തേടി അനേക കോടികള്‍. (മാത്യു മൂലേച്ചേരില്‍)
രാജ്യത്ത്‌ അനേക കോടി ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും പണമില്ലാതെ അലയുകയും വളയുകയും ചെയ്യുമ്പോള്‍ നമ്മുടെ ഇന്ത്യയില്‍ ഉള്ള ചെറുതും വലുതുമായ പല ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ 1.12 കോടി അക്കൗണ്ടുകളിലായ്‌ 2481 കോടി രൂപയോളം കഴിഞ്ഞ പത്തുവര്‍ഷമായ്‌ കെട്ടിക്കിടക്കുന്നു. ഇത്‌ വെറുതെ പറയുന്നതല്ല നമ്മുടെ റിസേര്‍വ്‌ ബാങ്ക്‌ സര്‍ക്കാരിന്‌ കൈമാറിയ റിപ്പോര്‍ട്ടില്‍ ഉള്ളത്‌ തന്നെ. ഈ തുകകള്‍ മുഴുവന്‍ 2011 ലെ ബാങ്കിംഗ്‌ നീയമ ഭേദഗതി ബില്‍ പ്രകാരം രൂപീകരിച്ച നിക്ഷേപ ബോധവല്‍ക്കരണ ഫണ്ടിലേക്ക്‌ മൂന്നുമാസത്തിനകം മാറ്റുവാനും സര്‍ക്കാര്‍ തീരുമാനിച്ചതായ്‌ ധനകാര്യ സഹമന്ത്രി നാരായണ്‍ മീണ അറിയിച്ചു. എന്നെങ്കിലും ഈ നിക്ഷേപകരില്‍ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ക്ക്‌ അവരുടെ പണം തിരികെ ലഭിക്കുന്നതും ആയിരിക്കും.

ആരും തിരിച്ചു വന്നില്ലെങ്കില്‍ ഈ പണം മുഴുവന്‍ എന്ത്‌ ചെയ്യുമെന്നുള്ള ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. അതിനു നമ്മുടെ രാജ്യത്ത്‌ എന്തൊക്കെ സംഭവിക്കാമെന്നു നമ്മള്‍ക്ക്‌ തന്നെ ഊഹിക്കാവുന്നതെയുള്ളു. കാരണം എങ്ങനെയൊക്കെ എവിടെയൊക്കെ അഴിമതി കാണിക്കാം എന്നുള്ള ഗവേഷണത്തിലാണ്‌ ഭരണത്തിലിരിക്കുന്നവരില്‍ പലരുടെയും ചിന്തകള്‍. അതുപോലെ തന്നെ നമ്മുടെ നാട്ടിലെ ബാങ്ക്‌ മേലാളന്മാരും. അവര്‍ എങ്ങനെ അവരുടെ കക്ഷത്തിലിരിക്കുന്ന ഈ പണം പൊതു ഖജനാവിലേക്ക്‌ വിട്ടുകൊടുക്കാതിരിക്കണം എന്നുള്ള ചിന്തയിലും. എന്തായാലും ഏതായാലും ഇതിന്റെ ഭലം ഒരു പാവപ്പെട്ടവനോ നിരാലംബനോ അനുഭവിക്കുവാന്‍ പോകുന്നില്ല. ഗവേര്‍ന്മേന്റ്‌റ്‌ പറയുന്നത്‌ നിക്ഷേപകരുടെ താത്‌പ്പര്യത്തിനനുസരിച്ചുള്ള പുതിയ പദ്ധതികള്‍ക്കും റിസേര്‍വ്‌ ബാങ്കിന്റെ പദ്ധതികള്‍ക്കും ആയിരിക്കും ഈ ഫണ്ട്‌ ചിലവഴിക്കുകയെന്നുള്ളതാണ്‌. പക്ഷെ നമ്മുടെ നാട്ടില്‍ എന്ത്‌ പദ്ധതി, എന്ത്‌ നിക്ഷേപകര്‍! കാട്ടിലെ തടി തേവരുടെ ആന.

ഈ വാര്‍ത്ത കണ്ടപ്പോള്‍ ഒരു കാര്യം എന്റെ മനസ്സിലേക്ക്‌ ഓടിയെത്തിയത്‌, ഈ പണത്തിന്റെ ഭൂരിഭാഗവും പ്രവാസി മലയാളികളുടെ തന്നെയായിരിക്കുമെന്നുള്ളതാണ്‌. കാരണം അവരുടെ പ്രവാസ ജീവിത കാലയളവില്‍ വല്ലപ്പോഴും കിട്ടുന്ന ഒഴിവുവേളകളില്‍ നാട്ടില്‍ പോയി നാടിനെയും കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ സന്ദര്‍ശിക്കുന്നതിനിടയില്‍ അവരില്‍ പലര്‍ക്കും ഉള്ള സ്വഭാവമാണ്‌ ഒരു ബാങ്ക്‌ അക്കൌന്റ്‌ നാട്ടില്‍ തുറക്കുക എന്നുള്ളത്‌. അവര്‍ അവരുടെ കഠിനാധ്വാനത്തിന്റെ വരുമാനത്തില്‍ നിന്നുമുള്ള ഒരു തുക ചെറുതോ വലുതോ എന്തുമാവട്ടെ നിക്ഷേപിച്ചു തുറക്കുന്ന ആ അക്കൌണ്ടിന്റെ ഓര്‍മ്മകള്‍ പോലും പലപ്പോഴും അവര്‍ മറന്നു പോകാറുണ്ട്‌. അതുപോലെ തന്നെ ആ അക്കൌണ്ടിന്റെ പാസ്‌ ബുക്കോ ചെക്ക്‌ ബുക്കോ പലപ്പോഴും നഷ്ടപ്പെടാറുമുണ്ട്‌ . അങ്ങനെയുള്ളവര്‍ വീണ്ടും നാട്ടില്‍ ചെല്ലുമ്പോള്‍ ചിലപ്പോള്‍ അതെ ബാങ്കില്‍ തന്നെ വേറെ അക്കൌണ്ടുകളും തുറക്കുന്നു. എന്നാല്‍ അവര്‍ക്ക്‌ നേരത്തെ അതേ ബാങ്കില്‍ തന്നെ ഒരു അക്കൌന്റ്‌ ഉള്ള കാര്യം കണ്ടുപിടിക്കുന്നതിനു ആവശ്യമായ യാതൊരു സംവിധാനവും നമ്മുടെ നാട്ടില്‍ ഇല്ല. ഇങ്ങനെ പലപ്പോഴായ്‌ നിക്ഷേപിക്കപ്പെട്ട പ്രവാസികളുടെയും, നാട്ടിലുള്ളവരുടെതും ആയ ചെറുതും വലുതുമായ തുകകളാണ്‌ ഇന്ന്‌ അന്യാധീനപ്പെട്ടു കിടക്കുന്നത്‌.

എന്തുകൊണ്ട്‌ നമ്മുടെ നാട്ടിലെ ബാങ്കുകള്‍ക്ക്‌ അവരുടെ ഉപഭോക്താകളോട്‌ നീതി കാണിക്കുന്നില്ല. എന്തുകൊണ്ട്‌ അവര്‍ ഈ അക്കൌണ്ടുകളുടെ അവകാശികളെ അന്വേഷിക്കുന്നില്ല. പ്രവാസി നിക്ഷേപകര്‍ക്കായ്‌ ബാങ്കുകള്‍ സാധാരണ ചെയ്യുന്നത്‌ വല്ലപ്പോഴും ഒരു കത്തയയ്‌ക്കുകയാനെന്നുള്ളതാണ്‌. എന്നാല്‍ അതും അവരുടെ അക്കൌണ്ടുകളില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം. അല്ലെങ്കില്‍ അവിടെ സ്ഥാനാരോഹിക്കപ്പെട്ട ബ്രാഞ്ച്‌ മാനേജര്‍ക്ക്‌ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാക്കുന്നതിനായും മാത്രം. എന്നാല്‍ മറ്റു നാടുകളിലെ ബാങ്കുകള്‍ ചെയ്യുന്നതുപോലെ തുടര്‍ച്ചയായ്‌ എല്ലാമാസവും നിക്ഷേപകര്‍ക്ക്‌ അവരുടെ അക്കൌണ്ട്‌ സ്‌റ്റേറ്റ്‌മെന്റ്‌ അയച്ചു കൊടുത്തിരുന്നുവെങ്കില്‍ പലര്‍ക്കും അവരുടെ അക്കൌണ്ട്‌ ഓര്‍ത്തിരിക്കുവാനും അവര്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മാറി താമസിക്കുമ്പോള്‍ അവരുടെ പുതിയ അഡ്രസ്‌ ആതാതു ബാങ്കിന്‌ അറിയുവാനും സാധിക്കുമായിരുന്നു. അതിനു ബാങ്കുകാര്‍ പണം മുടക്കണം. എന്നാല്‍ ഇതിനൊന്നിനും പണം മുടക്കുവാന്‍ നമ്മുടെ നാട്ടിലെ കഴുത്തറുപ്പന്‍ ബാങ്കുകാര്‍ മുതിരാറില്ല, അവര്‍ക്ക്‌ എങ്ങനെയൊക്കെ പണം ഉണ്ടാക്കണമെന്നും അതെങ്ങനെയൊക്കെ ചുരുക്കി ചിലവഴിക്കണം എന്നുമുള്ള ചിന്തകള്‍ മാത്രം.

ആളില്ലാതെ കിടക്കുന്ന ബാങ്കക്കൌണ്ടുകള്‍ ഒരു അപകടം തന്നെയാണ്‌, അതും പ്രത്യേകിച്ച്‌ കള്ളന്മാരും കള്ളപ്പണവും കൊണ്ട്‌ നിറഞ്ഞ നമ്മുടെ നാട്ടില്‍. കള്ളപ്പണം ഉള്ളവന്‌ അത്‌ വെളിപ്പിക്കുവാനുള്ള അല്ലെങ്കില്‍ അത്‌ സൂക്ഷിക്കുവാനുള്ള ഒരു സൂത്ര മാര്‍ഗ്ഗമായ്‌ നമ്മളുടെ പേരില്‍ നമ്മള്‍ അറിയാതെ കിടക്കുന്ന ബാങ്ക്‌ അക്കൌണ്ടുകള്‍ ഉപയോഗിച്ചുകൂടാ. അഴിമതിക്കാരനായ ഒരു ബാങ്ക്‌ മാനേജര്‍ നിരുവിച്ചാല്‍ അവര്‍ക്കൊക്കെ അതെത്രയെളുപ്പം സാധിക്കും. എങ്ങനെയെന്നുവെച്ചാല്‍ ഏതു ബാങ്ക്‌ മാനേജര്‍ക്കും അറിയാം അവരുടെ ബ്രാഞ്ചില്‍ ഉടമസ്ഥനില്ലാതെ കിടക്കുന്ന ബാങ്ക്‌ അക്കൌണ്ടുകളുടെ പൂര്‍ണ്ണ വിവരം. അപ്പോള്‍ കള്ളപ്പണം ഒരുപാട്‌ കയ്യിലുള്ളവന്‍ ഒരു ബാങ്ക്‌ മാനേജരെ സമീപിച്ചു അവര്‍ക്ക്‌ കുറച്ചു കിമ്പളം കൊടുത്ത്‌ അവരുടെ സഹായത്താല്‍ അവിടെ ഇതുപോലുള്ള ഒരു അക്കൌണ്ടില്‍ പണം നിക്ഷേപിക്കുകയും മറ്റു തരത്തിലുള്ള ക്രയവിക്രയങ്ങള്‍ നടത്തുകയും ചെയ്യുന്നു. അക്കൌണ്ടിന്റെ ഉടയവന്‍ ഒരിക്കലും ഇതിനെക്കുറിച്ച്‌ അറിയുക പോലുമില്ല. ചിലപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള വലിയ കുഴപ്പമുണ്ടാകുമ്പോള്‍ ആയിരിക്കും അധികാരികള്‍ അതിനെ കുറിച്ച്‌ അന്വേഷിക്കുന്നത്‌ പോലും. ആ അന്വേഷണനങ്ങളുടെ ഒടുക്കം അപകടങ്ങളില്‍ ചെന്ന്‌ ചാടുന്നത്‌ നിരപരാധികളായ പാവം ഒരു വ്യക്തിയും ആയിരിക്കും.

അതുകൊണ്ട്‌ ഇത്‌ വായിക്കുന്ന എല്ലാവരും സ്വയം ചിന്തിച്ചു നോക്കുക. നിങ്ങളില്‍ ആരെങ്കിലും ഇതുപോലെ ബാങ്കക്കൌണ്ടുകള്‍ ഏതെങ്കിലും ബാങ്കുകളില്‍ തുറന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അതിനെക്കുറിച്ച്‌ ഒരു ഓര്‍മ്മയോ രേഖയോ കൈവശമില്ലായെങ്കില്‍ പോലും അതാതു ബാങ്കില്‍ അന്വേഷിച്ചു നിങ്ങളുടെ പേരിലുള്ള അക്കൌണ്ടുകള്‍ ക്ലോസ്‌ ചെയ്യുക. ചിലപ്പോള്‍ അത്‌ നിങ്ങളുടെ ഭാവിക്കുതന്നെ നല്ലതായ്‌ ഭവിക്കും. ഒരു ബോമ്പു പൊട്ടുന്നതിനു മുന്നമേ അതിനെ നിര്‍വീര്യമാക്കുന്നതല്ലേ യുക്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക