Image

`പമ്പ'യ്‌ക്കും ദാഹം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 27 September, 2012
`പമ്പ'യ്‌ക്കും ദാഹം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
മണല്‍ വാരി മണല്‍ വാരിയടിത്തട്ടു താഴുന്നു
മണല്‍ മാറി പാറകള്‍ തെളിയുന്നുണ്ടങ്ങിങ്ങായ്‌
മണല്‍പ്പുറ്റിന്‍ തുരുത്തുകള്‍ അങ്ങിങ്ങുയരുന്നു
ഒരിക്കലും വറ്റാത്ത `പമ്പ'യും വറ്റുന്നോ?

കുട്ടനാടു തൊട്ടങ്ങോട്ടൊട്ടേറെ ജില്ലകള്‍ക്കും
ചൈതന്യ സ്രോതസ്സും `പമ്പാ'നദിയെന്നുമേ,
പത്തനംതിട്ട, യാലപ്പുഴ യാദിയാം ജില്ലകള്‍-
ക്കത്താണിയും ജീവനാഡിയും `പമ്പാ'!

സുന്ദരമല, നാഗമല, പുളിച്ചിമല ചേര്‍ന്ന
പമ്പാനദിയും വരണ്ടുണങ്ങുന്നുവോ?
കുട്ടനാടിന്റെ സൃഷ്ടാവെന്ന ചൊല്‍കേട്ട
വറ്റാത്ത നദിയെന്ന പേരുകേട്ടുള്ള നദി,
കുട്ടനാടും താണ്ടി `വേമ്പനാടന്‍' പൂകാന്‍
`അച്ചന്‍കോവില്‍', `മണിമല'യാറും ചേര്‍ന്നൊഴുകി,
നാടിന്റെ നാരായ നദിയായ പമ്പയും
വറ്റി വരളുന്നതാം കാഴ്‌ചയോ ഭീകരം!

ഹോട്ടലുകളൊഴുക്കുന്ന മാലിന്യവും പേറി
തീര്‍ത്ഥാടകര്‍ ശബരിമല പ്രാന്തത്തിലൊഴുകും
മാലിന്യ മാരക രോഗാണുക്കളും പേറി
സംഹാര ഭദ്രയാ, യുന്മാദ മൂര്‍ത്തിയായ്‌
വൈകൃത രൂപിയായ്‌ മാറുന്ന `പമ്പ'യും!
വള്ളംകളി മറയുന്ന, ബോട്ടോടാന്‍ ജലമില്ല
പമ്പയിന്‍ തീരത്തെ കുടിനീരിരുറവകളും
വറ്റിവരളുന്നതും ശോചനീയ ദൃശ്യം!
------------------------

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Yohannan.elcy@gmail.com
`പമ്പ'യ്‌ക്കും ദാഹം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക