Image

വയാഗ്രായും, മെയില്‍ ഹാക്കിങ്ങും, പിന്നെ ഞാനും

ജോസ്‌ മാളേയ്‌ക്കല്‍ Published on 16 September, 2011
വയാഗ്രായും, മെയില്‍ ഹാക്കിങ്ങും, പിന്നെ ഞാനും
ലേബര്‍ ഡേ വീക്കെന്‍ഡിന്റെ പ്രഭാതം പൊട്ടിവിടരാന്‍ തുടങ്ങുന്നതേയുള്ളു. കൊഴിഞ്ഞുപോയ വര്‍ക്ക്‌ വീക്കിന്റെ ക്ഷീണം മൂന്നു ദിവസത്തെ അവധിയില്‍ നന്നായി ഉറങ്ങി തീര്‍ക്കാം എന്നു കരുതി പുതപ്പിനടിയില്‍ ചുരുണ്ടുകൂടുമ്പോള്‍ അതാ തുടരെ തുടരെ ഫോണ്‍ ബെല്ലടിക്കുന്നു. ശാന്തമായി ഒന്നുറങ്ങാന്‍ പോലും സമ്മതിക്കാതെ ബെല്ലടിച്ചുണര്‍ത്തുന്ന ഈ വില്ലന്‍ ആരായിരിക്കാം.

മനസില്‍തോന്നിയ നീരസം പൂറത്തുകാണിക്കാതെ കട്ടിലില്‍നിന്നും എണീറ്റ്‌ ഫോണ്‍ എടുത്തു. വെര്‍ജീനിയായില്‍നിന്നുള്ള കോള്‍ ആണെന്നു കോളര്‍ ഐഡിയില്‍ നിന്നു വ്യക്തമായി. അങ്ങേ തലക്കല്‍ പരിചയമുള്ള ശബ്ദം. `ഹലോ ജോസ്‌ ചേട്ടനല്ലേ. ഇതു വെര്‍ജീനിയായില്‍നിന്നും ജോസഫ്‌ ആണ്‌. ജോസുചേട്ടന്‍ എന്നാ മരുന്നു കച്ചവടം തുടങ്ങിയത്‌. ഒരു കനേഡിയന്‍ ഫാര്‍മസിയുടെ മരുന്നിന്റെ പരസ്യം നാലഞ്ചെണ്ണം ജോസ്‌ ചേട്ടന്റെ ഇ മെയിലില്‍നിന്നും എന്റെ ഇന്‍ബോക്‌സില്‍ എത്തിയിട്ടുണ്ട്‌. ഇ മെയില്‍ ആരോ ഹാക്ക്‌ ചെയ്‌തെന്നാ തോന്നുന്നേ. പാസ്‌വേഡ്‌ വേഗം മാറ്റിക്കൊള്ളൂ'.

സുഹൃത്തിനു നമ്പി പറഞ്ഞ്‌ ഫോണ്‍ വച്ചിട്ട്‌ ഞാന്‍ വേഗം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌ത്‌ എന്റെ ഇ മെയില്‍ ചെക്കു ചെയ്‌തു. ഇന്‍ബോക്‌സിലും, സ്‌പാം ഫോള്‍ഡറിലും, സെന്റ്‌ മെയില്‍ ഫോള്‍ഡറിലും ഇഷ്ടം പോലെ സന്ദേശങ്ങള്‍ എന്നെ കാത്തു കിടക്കുന്നു. സാധാരണ ഇത്രയും മെയിലുകള്‍ ഒന്നിച്ചു കണ്ടിട്ടില്ല. എന്തോ പന്തികേടുള്ളതുപോലെ എനിക്കും തോന്നി. സെന്റ്‌ ഫോള്‍ഡറില്‍ ഞാന്‍ എണ്ണി നോക്കി. നൂറിലധികം മെസേജസ.്‌ പലര്‍ക്കായി എന്റെ ഇ മെയില്‍ ഐഡിയില്‍നിന്നും അയച്ചതായി കാണുന്നു. ഇന്‍ബോക്‌സില്‍ ഏതാണ്ട്‌ 45 എണ്ണവും സ്‌പാം ഫോള്‍ഡറില്‍ 28 എണ്ണവും. സമയം കളയാതെ ഇന്‍ബോക്‌സ്‌ തുറന്ന്‌ എനിക്കു വന്ന മെയിലുകള്‍ പരിശോധിച്ചു. പലസുഹ്രൂത്തുക്കളുടേയും മെയിലുകളുണ്ട്‌. വിവരമറിയാനായി ഒരെണ്ണം തുറന്നു നോക്കി. ഏതോ റിയല്‍ എസ്റ്റേറ്റിന്റെ പരസ്യവുമായി അവരുടെ വെബ്‌സൈറ്റിന്റെ ഒരു ലൈന്‍ മാത്രമുള്ള ഒരു ലിങ്ക്‌. സബ്‌ജക്ട്‌ ലൈനില്‍ ഒന്നും എഴുതിയിട്ടില്ല. ഇന്‍ബോക്‌സിലുള്ള മെസേജസ്‌ ഒന്നുകൂടി പരിശോധിച്ചു. ജിജ്ഞാസ ഉള്ളിലൊതുക്കാന്‍ പറ്റാതെ ഞാന്‍ കുറെക്കൂടി മെയിലുകള്‍ തുറന്നു വായിച്ചു. എല്ലാത്തിന്റെയും ഉള്ളടക്കം ഏതാണ്ട്‌ ഒന്നു തന്നെ. എന്റെ ഇ മെയില്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ അടുത്തിടെയെങ്ങും മെയില്‍ കൈമാറിയിട്ടില്ലാത്തതും, ഫ്‌ളോറിഡായില്‍ അകന്ന പരിചയത്തിലുള്ളതുമായ ഒരു വനിതാ സുഹൃത്തിന്റെയും. ആകാംക്ഷയോടെ അതും തുറന്നു വായിച്ചു. `ഇനി ഇതുപോലത്തെ മെയിലുകള്‍ എനിക്കയക്കരുത്‌'. അത്രമാത്രം.

ഞാന്‍ ആ ഇ മെയില്‍ വിശദമായി പരിശോധിച്ചു. അപ്പോഴാണു സംഗതിയുടെ നിജസ്ഥിതി എനിക്കു മനസിലായത്‌. അതാ കിടക്കുന്നു വില്ലന്‍. വയാഗ്രായുടെ ഒരു പ്രൊമോഷണല്‍ പരസ്യം. നീല അക്ഷരങ്ങളില്‍ ഒരു ലൈന്‍ മാത്രമുള്ള ഒരു വെബ്‌ലിങ്ക്‌. അതാണു ഞാന്‍ അയച്ചതായി കാണുന്നത്‌. എന്നെ അടുത്തറിയില്ലാത്ത ആ വനിതാ സുഹ്രൂത്ത്‌ എങ്ങനെ ദേഷ്യപ്പെടാതിരിക്കും. അയച്ച ഇ മെയില്‍ ഐഡി ഞാന്‍ പരിശോധിച്ചു. എല്ലാം എന്റേതുതന്നെ. പക്ഷേ ഞാന്‍ അയച്ചതല്ലെന്നു മാത്രം. ഇ മെയില്‍ അക്കൗണ്ട്‌ ആരോ ഹാക്ക്‌ ചെയ്‌തിരിക്കുന്നു. ഇനി ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍.

1996 മുതല്‍ ഒന്നര ദശാബ്ദകാലത്തെ എന്റെ അമേരിക്കന്‍ ജീവിതത്തിലെ ആദ്യത്തെ സംഭവം. പലപ്പോഴും മറ്റു പലരുടെയും സ്‌പാം മെയിലുകള്‍ എനിക്കു കിട്ടിയിട്ടുണ്ട്‌. എന്നാല്‍ ആവശ്യത്തിലധികം സുരക്ഷയുള്ള അമേരിക്കാ ഓണ്‍ ലൈന്‍ എന്ന എന്റെ എ. ഒ. എല്‍ മെയിലില്‍ ആരും ആക്രമണം നടത്തുകയില്ല എന്നു വീമ്പിളക്കിയിരുന്ന എന്റെ ഗതി ഒന്നാലോചിച്ചു നോക്കൂ. ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹത്തായ അന്തസത്ത ഉള്‍ക്കൊണ്ടു ജീവിക്കുന്ന എനിക്ക്‌ ഫോണ്‍ നമ്പര്‍ കൂടെക്കൂടെ മാറ്റുന്നതും, അഡ്രസ്‌ മാറ്റുന്നതും, ഭാര്യയെ മാറ്റുന്നതുമെല്ലാം പോലെ തന്നെ ചതുര്‍ത്ഥിയായിരുന്നു എന്റെ അമേരിക്കയിലെ ആദ്യത്തെയും, ഇപ്പോള്‍ നിലവിലുള്ളതുമായ ഇ മെയില്‍ ഐഡിയും പാസ്‌വേര്‍ഡും മാറ്റുക എന്നത്‌. എന്നാല്‍ ഇ മെയില്‍ പാസ്‌വേര്‍ഡ്‌ സ്ഥിരമായി സൂക്ഷിക്കാനുള്ളതല്ലെന്നും, സായിപ്പിന്റെ പ്രമാണമനുശാസിക്കുന്നതുപോലെ കൂടെക്കൂടെ അതു മാറ്റിക്കൊണ്ടിരിക്കണമെന്നുമുള്ള കാര്യം മനസിലാക്കാന്‍ ഹാക്കര്‍ എന്നെ ആക്രമിക്കുന്നതുവരെ എനിക്കു കാത്തിരിക്കേണ്ടി വന്നു എന്ന ദുഃഖ സത്യം ഇപ്പോഴും എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു.

ഇനി കാര്യത്തിലേക്കു കടക്കാം. എനിക്കുണ്ടായ അനുഭവം മറ്റു പലര്‍ക്കും സംഭവിച്ചിട്ടുണ്ട്‌. എനിക്കു തന്നെ പലരുടെ ഇ മെയില്‍ ഐഡിയില്‍ നിന്നും ലഭിച്ചിട്ടുള്ള ഈ മാതിരി മെയിലുകള്‍ എത്രവേണമെങ്കിലുമുണ്ട്‌. ഈ ലേഖനമെഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വളരെ അടുത്തറിയുന്ന ഒരു വൈദികന്റെ ഇ മെയിലില്‍നിന്നും അടിയന്തിര ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു എസ്‌.ഓ.എസ്‌ സമ്പേശം ഇ മെയിലിലൂടെ എനിക്കു ലഭിച്ചു. പണ്ട്‌ അതേ കോണ്‍ഗ്രിഗേഷനില്‍പെട്ട മറ്റൊരു വൈദികന്റെ ഇ
മെയിലില്‍നിന്നും ഇതേപോലെ തന്നെയുള്ള എന്തോകാര്യത്തിനു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പു കിട്ടിയിരുന്നതു ഓര്‍മ്മയിലുണ്ടായിരുന്നതുകൊണ്ട്‌ ഞാനുടനെ ആ വൈദികനെ ഫോണില്‍ വിളിച്ച്‌ കാര്യം അന്വേഷിച്ചപ്പോഴാണു ചതി മനസിലാകുന്നത്‌. വിദേശരാജ്യത്തുവച്ചു പോക്കറ്റടിക്കപ്പെട്ടതിനാല്‍ നാട്ടില്‍തിരിച്ചെത്താനായി നാലായിരം ഡോളറിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ആ ഇ മെയില്‍ എന്നെപ്പോലെ തന്നെ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. സാധാരണയായി അങ്ങനെയുള്ള സ്‌പാം മെയിലുകള്‍ വന്നാല്‍ ഞാന്‍ തുറന്നു നോക്കാതെ തന്നെ അത്‌ ട്രാഷ്‌ ചെയ്യാറാണു പതിവ്‌.

ഇനി എന്താണു ഇ മെയില്‍ ഹാക്കിംഗ്‌ എന്നു പറഞ്ഞാല്‍, അതെങ്ങനെ സംഭവിക്കുന്നു, എങ്ങനെ തടയാം ഈ ചോദ്യങ്ങള്‍ ഇതുവായിച്ചുകൊണ്ടിരിക്കുന്ന പലരില്‍നിന്നും ഉയരുന്നുണ്ടാവാം. എനിക്കു പറ്റിയ അബദ്ധം ഇനി ആര്‍ക്കും പറ്റാതിരിക്കാന്‍ വേണ്ടി ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിമിതമായ എന്റെ കമ്പ}ട്ടര്‍ അറിവു വച്ച്‌ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാം.

ഇന്ന്‌ ഇ മെയില്‍ ഐഡി ഇല്ലാത്ത വ്യക്തികള്‍ വളരെ വിരളമെന്നു പറയാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാരനുപോലും ഇ മെയില്‍ അഡ്രസ്‌ ഉണ്ടാക്കാനും അതുപയോഗിച്ച്‌ അത്യാവശ്യ സമ്പേശങ്ങള്‍ കൂട്ടുകാര്‍ക്ക്‌ അയക്കാനും, മറുപടി ഇ മെയിലുകള്‍ പരിശോധിക്കാനും അറിയാം. എല്ലാ ഇ മെയിലുകള്‍ക്കും സുരക്ഷക്കായി ഒരു യൂസര്‍ നെയിമും, പാസ്‌വേര്‍ഡും, പാസ്‌വേര്‍ഡ്‌ മറന്നുപോയാല്‍ അതു വീണ്ടെടുക്കുന്നതിനായി ഒരു സീക്രട്ട്‌ ചോദ്യവും ഉണ്ടാവും.

`കമ്പ്യൂട്ടര്‍ ഹാക്കിംഗ്‌' എന്നു പറഞ്ഞാല്‍ ഉടമസ്ഥന്റെ അനുമതിയില്ലാതെ കമ്പ്യൂട്ടറില്‍ അതിക്രമിച്ചുകയറി അതില്‍ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനെയാണ്‌. വിവരങ്ങള്‍ ചോര്‍ത്തുന്നതോടൊപ്പം തന്നെ ആതിഥേയ ഇ മെയില്‍ ഉപയോഗിച്ച്‌ സ്‌പാം എന്നുപറയുന്ന വ്യാജ ഇ മെയിലുകള്‍ ആ ആളിന്റെ അഡ്രസ്‌ ബുക്കിലുള്ള എല്ലാവര്‍ക്കും അനുസ}തം ഹാക്കര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കള്ളന്‍ അയച്ചുകൊണ്ടിരിക്കും. ഇത്തരം വ്യാജ മെയിലുകള്‍ കണ്ടാല്‍ യഥാര്‍ത്ഥ ഇ മെയില്‍ ഉടമ അയക്കുന്നതുപോലെയിരിക്കും, എന്നാല്‍ ഉടമ ഇതൊട്ടറിയുന്നില്ല താനും. മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യംവക്കുന്നത്‌ ബ്രോഡ്‌ബാന്‍ഡുമായി ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ഹോം കമ്പ്യൂട്ടര്‍ അഥവാ ഹോം ഓഫീസ്‌ കമ്പ്യൂട്ടറുകളെയാണ്‌. കാരണം കണക്ഷന്‍ എപ്പോഴും തുറന്നതായിരിക്കും.
അതിനാല്‍ എളുപ്പത്തില്‍ ഹാക്കേഴ്‌സിനു കണ്ടുപിടിക്കാന്‍ സാധിക്കും. എന്റെ കാര്യത്തില്‍ കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞതുകൊണ്ട്‌ ഉടന്‍ തന്നെ എനിക്ക്‌ പ്രതിരോധ നടപടികള്‍ എടുക്കാന്‍ സാധിച്ചു. ഇ മെയില്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടാല്‍ എത്രയും വേഗം നമ്മള്‍ നടപടി സ്വീകരിക്കുന്നോ അത്രയും നല്ലത്‌. ഹാക്കേഴ്‌സിനെ കമ്പ്യൂട്ടറില്‍നിന്നു തുരത്തുന്നതുവരെ അവന്‍ നാശം വിതച്ചുകൊണ്ടിരിക്കും.

ഇനി ഹാക്കിങ്ങിനെ എങ്ങനെ തിരിച്ചറിയാനും തടയാനും സാധിക്കും.

1. ഇ മെയില്‍ തുറക്കുമ്പോള്‍തന്നെ നമ്മുടെ ഇന്‍ബോക്‌സിലും, സെന്റ്‌ ഫോള്‍ഡറിലും, സ്‌പാം ഫോള്‍ഡറിലും ശ്രദ്ധിക്കുക. പ്രതീക്ഷിക്കാത്തത്ര എണ്ണം മെയിലുകള്‍ ഇവയിലുണ്ടാവും. കൂടുതലും പരിചയമില്ലാത്ത ഇ മെയില്‍ ഐഡിയില്‍നിന്നുള്ളതും, മെയിലിന്റെ സബ്‌ജക്ട്‌ ലൈനില്‍ ഒന്നുമെഴുതാതെയുള്ളതും, വിചിത്രമായ ഇ മെയില്‍ ഐഡികളും ആയിരിക്കും.

പരിചയമുള്ളതും, സ്ഥിരം മെയിലുകള്‍ കൈമാറാറുള്ളതുമായ വ്യക്തിയുടെ ഇ മെയില്‍ ഐഡിയില്‍നിന്നും ഒന്നില്‍കൂടുതല്‍ മെയിലുകള്‍ തുടര്‍ച്ചയായി കണ്ടാലും എന്തോ പന്തികേടുള്ളതായി സംശയിക്കണം. തുറക്കുന്നതിനുമുമ്പ്‌ അയച്ചെന്നു കരുതുന്ന ആളിനെ ഫോണില്‍ വിളിച്ച്‌ അന്വേഷിക്കുക. പലപ്പോഴും ഇങ്ങനെയുള്ള സ്‌പാം മെയില്‍ വഴിയാണു വൈറസ്‌ കൈമാറ്റം നടക്കുന്നത്‌. അതിനാല്‍ പരിചയമുള്ള ആളുടെ മെയിലാണെങ്കില്‍പോലും, സബ്‌ജക്ട്‌ ലൈന്‍ ബ്ലാങ്ക്‌ ആയും, ഇടവിട്ടിടവിട്ട്‌ അഞ്ചോ ആറോ മെയിലുകള്‍ ഒന്നിച്ചു ലഭിക്കുകയും ചെയ്‌താല്‍ അതു തുറക്കുന്നതിനു പകരം ഡിലീറ്റ്‌ ചെയ്യുക.

ഇനി അടൂത്ത നടപടി ഇ മെയില്‍ ഹാക്കിംഗ്‌ തടയാന്‍ എന്തുചെയ്യാന്‍ സാധിക്കും. ഹാക്കു ചെയ്യപ്പെട്ടു എന്നു മനസിലായാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ഇമെയില്‍ പാസ്‌വേര്‍ഡും, പറ്റുമെങ്കില്‍ യൂസര്‍ നെയിമും മാറ്റുക. പാസ്‌വേര്‍ഡ്‌ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും ശക്തമായതും, ആര്‍ക്കും ഊഹിച്ചെടുക്കാന്‍ സാധിക്കാത്തതുമായ വാക്കുകളോ, അക്ഷരങ്ങളോ, നമ്പരുകളോ, ചിന്‍ഹങ്ങളൊ ഉപയോഗിക്കുക. ശക്തമായ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എട്ടോ അതിലധികമോ കാരക്ടേഴ്‌സ്‌ ഉപയോഗിച്ചുണ്ടാക്കുന്നത്‌ എന്നാണ്‌. നിങ്ങളുടെ ഇ മെയില്‍ പ്രോവൈഡറുടെ നിയമനുസരിച്ചുള്ള പാസ്‌വേര്‍ഡ്‌ കണ്ടുപിടിക്കുക.

പേരിന്റെ ഭാഗമോ, വീട്ടുപേരിന്റെ ഭാഗമോ, വീട്ടുനമ്പരോ, സോഷ്യല്‍ സെക്യൂരിറ്റി നമ്പരോ, വിളിപ്പേരുകളോ, ജനനതിയതിയോ, ഫോണ്‍ നമ്പരോ ഒഴിവാക്കുക. ഏറ്റവും നല്ല മാര്‍ഗം ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ക്യാപിറ്റലും, ചെറുതും, 1 മുതല്‍ 10 വരെ നമ്പരുകള്‍, @, #, $, %, &, തുടങ്ങിയ ചിന്‍ഹങ്ങള്‍
എന്നിവയുടെ ഒരു കോംബിനേഷന്‍ ഉപയോഗിച്ച്‌ 16 അക്ഷരങ്ങളുള്ള ശക്തമായ പാസ്‌വേര്‍ഡ്‌ ഉണ്ടാക്കുക എന്നതാണ്‌. പാസ്‌വേര്‍ഡ്‌ കമ്പ}ട്ടറില്‍ ഒരിക്കലും സൂക്ഷിക്കരുത്‌. ഒരു നോട്ട്‌ബുക്കിലോ, പേപ്പറിലോ എഴുതി ഭദ്രമായി ആരും കാണാത്ത സ്ഥലത്തു വക്കുക. അതുപോലെതന്നെ മാസത്തിലൊരിക്കലെങ്കിലും പാസ്‌വേര്‍ഡ്‌ മാറ്റി ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ നേരത്തെ ഉപയോഗിച്ചിട്ടുള്ള പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കരുത്‌. വളരെ സങ്കീര്‍ണമായതും, നിങ്ങളുടെ പരിചയക്കാര്‍ക്ക്‌ എളുപ്പം ഊഹിച്ചെടുക്കാന്‍ പറ്റാത്തതുമായ വാക്കുകള്‍ തെരഞ്ഞെടുക്കുക. ഡിക്ഷ്‌ണറിയിലൂള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. അതുപോലെതന്നെ ഒരേ യൂസര്‍നെയിമും, പാസ്‌വേര്‍ഡും പല അക്കൗണ്ടുകള്‍ക്ക്‌ ഉപയോഗിക്കാതിരിക്കുക. ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പാസ്‌വേര്‍ഡ്‌ ഓര്‍മയില്‍ സൂക്ഷിക്കണോ എന്നു ചോദിച്ചാല്‍ കമ്പ്യൂട്ടറിനോട്‌ ഒരു വലിയ `നോ' പറഞ്ഞിട്ട്‌ നമ്പി വാക്കും പറയുക. പാസ്‌വേര്‍ഡ്‌ എഴുതി സൂക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ സെക}രിറ്റി ചോദ്യത്തിനു കൊടുത്ത ഉത്തരവും എഴുതി വക്കണം. പാസ്‌വേര്‍ഡ്‌ മാറണമെങ്കില്‍ നമ്മുടെ അക്കൗണ്ട്‌ കണ്ടുപിടിക്കാന്‍ സുരക്ഷാ ചോദ്യത്തിന്റെ ഉത്തരം നല്‍കേണ്ടിവരും. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സമ്മതിക്കുകയില്ല. ഉത്തരം മറന്നു പോയാല്‍ പിന്നെ നിങ്ങളുടെ ഇ മെയില്‍ പ്രോവൈഡറെ ഫോണില്‍ വിളിച്ചു സംസാരിക്കുക. അപ്പോള്‍ അവര്‍ പരിഹാരം നിര്‍ദ്ദേശിക്കും.

യൂസര്‍ നെയിമും, പാസ്‌വേര്‍ഡും മാറുന്നതോടൊപ്പം തന്നെ വൈറസുകളില്‍നിന്നും കമ്പ്യൂട്ടറിനെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളും നോക്കണം. ഫയര്‍വാള്‍ എന്നു പറയുന്ന പ്രോഗ്രാം മോഷ്ടാക്കള്‍ കമ്പ്യൂട്ടറില്‍ അതിക്രമിച്ചു കയറാതെ നോക്കും. വൈറസുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ പര്യാപ്‌തമായ ഏതെങ്കിലും ആന്റിവൈറസ്‌ സോഫ്‌റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത്‌ അത്‌ കൂടെക്കൂടെ പുതുക്കിക്കൊണ്ടിരിക്കുകയും, ഇടവിട്ടിടവിട്ട്‌ വൈറസ്‌ സ്‌കാന്‍ ചെയ്‌തുകൊണ്ടിരിക്കുകയും വേണം. പറ്റുമെങ്കില്‍ ഒരു ആന്റികീലോഗര്‍ പ്രോഗ്രാം കൂടി കമ്പ്യൂട്ടറില്‍ ഉറപ്പുവരുത്തുക.

നമ്മള്‍ കീബോര്‍ഡിലൂടെ പാസ്‌വേര്‍ഡ്‌ ഉള്‍പ്പെടെയുള്ള രഹസ്യ കോഡുകള്‍ ടൈപ്പുചെയ്യുമ്പോള്‍ അതു മറ്റുള്ളവര്‍ കണാതിരിക്കാന്‍ ഇത്‌ സഹായിക്കും. ഫ്രീയായിട്ടുള്ളതും, അല്ലാത്തതുമായ ധാരാളം ആന്റിവൈറസ്‌ സോഫ്‌റ്റ്‌വെയറുകള്‍ ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാണു. നല്ല ഒരു പ്രോഗ്രാം
തെരഞ്ഞെടുത്ത്‌ അത്‌ കമ്പ}ട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും, എല്ലാ ആഴ്‌ചയിലും ആ പ്രോഗ്രാം സ്വമേധയാ റണ്‍ ചെയ്യാന്‍ പ്രോഗ്രാം ചെയ്യുകയും ചെയ്യുക. അതുപോലെത്തന്നെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം സോഫ്‌റ്റ്‌വെയര്‍ പാച്ചസ്‌ അപ്‌ഡേറ്റു ചെയ്‌തുകൊണ്ടിരിക്കണം.

ഇ മെയിലുകള്‍ അയക്കുമ്പോള്‍ ചില സാമാന്യ മര്യാദകള്‍ കൂടി പാലിക്കുക. പരസ്‌പരം അറിയില്ലാത്ത ഒരു ഗ്രൂപ്‌ ആള്‍ക്കാര്‍ക്ക്‌ ഇ മെയില്‍ അയക്കണമെങ്കില്‍ കഴിയുന്നതും ബ്ലൈന്‍ഡ്‌ കോപ്പിയായി എല്ലാവരുടെയും ഇ മെയിലുകള്‍ ചേര്‍ക്കുക. ഇ മെയിലുകള്‍ ഹാക്കേഴ്‌സിന്റെ കൈകളില്‍ എത്താതിരിക്കാനും, ബിസിനസ്‌ ആവശ്യങ്ങള്‍ക്ക്‌ നമ്മുടെ ഐഡി ഉപയോഗിക്കാതിരിക്കാനും ഇതു സഹായിക്കും. ചില ആള്‍ക്കാര്‍ ഗ്രൂപ്‌ ഇ മെയില്‍ അയക്കുമ്പോള്‍ അതിലെ എല്ലാവരുടെയും അഡ്രസുകള്‍ എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ പോസ്റ്റ്‌ ചെയ്യും. ഇതു ശരിയല്ല. ചെയിന്‍ ഇ മെയിലുകള്‍ മറ്റുള്ളവര്‍ക്ക്‌ ആവശ്യമില്ലാ എങ്കില്‍ ഫോര്‍വേര്‍ഡു ചെയ്യാതിരിക്കുക. അഥവാ അയക്കണമെങ്കില്‍ എല്ലാവരുടേയും ഇ മെയില്‍ മറച്ചു വക്കുക.

ഗ്രൂപ്‌ ഇ മെയിലിനു മറുപടി അയക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്‌. അയച്ച ആളിനു മാത്രം മറുപടി മതിയെങ്കില്‍പോലും പലരും അതിലുള്ള എല്ലാവര്‍ക്കുമായി അയക്കും. ഇതു ശരിയല്ല. അതുപോലെ തന്നെ എല്ലാ ഗ്രൂപ്‌ ഇ മെയിലുകള്‍ക്കും മറുപടി അയക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക്‌ ഇ മെയില്‍ അയക്കുമ്പോള്‍ നല്ല ഒരു വാക്കോ, വാചകമോ സബ്‌ജക്‌റ്റ്‌ ലൈനില്‍ എഴുതുക. കിട്ടുന്ന ആളിനു ശരിയായ ഇ മെയില്‍ തന്നെയാണെന്നു മനസിലാക്കാന്‍ ഇതുപകരിക്കും. സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യരുത്‌. എന്റെ ഇ മെയിലില്‍ നിന്നും സ്‌പാം മെയിലുകള്‍ കിട്ടിയവരെ ഞാന്‍ യഥാര്‍ത്ഥവിവരം അറിയിച്ചപ്പോള്‍ പലരുടെയും പ്രതികരണം. `അയ്യോ അങ്ങനെയായിരുന്നോ. ഞാന്‍ വിചാരിച്ചു ശരിയായ ഇ മെയില്‍ ആയിരുന്നു എന്ന്‌'. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു സഹോദരി എഴുതി `എനിക്ക്‌ ഇതുപോലത്തെ മെയിലുകള്‍ മുന്‍പും മറ്റു പലരില്‍നിന്നും കിട്ടിയിട്ടുണ്ട്‌. കൂട്ടത്തില്‍ വൈദികരുടെയും. ഇപ്പോഴാണെനിക്കു പിടികിട്ടുന്നത്‌ അതെല്ലാം വ്യാജന്മാരുടെ കളിയായിരുന്നെന്ന്‌'. അങ്ങനെ പലരുടെയും സംശയങ്ങള്‍ മാറ്റാന്‍ ഇ മെയില്‍ ഹാക്കു ചെയ്യപ്പെട്ടു എന്നുള്ള എന്റെ വെളിപ്പെടുത്തല്‍ സഹായിച്ചു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ എന്ന കാര്യം എനിക്കു മനസിലാവുകയും ചെയ്‌തു.
വയാഗ്രായും, മെയില്‍ ഹാക്കിങ്ങും, പിന്നെ ഞാനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക