Image

ജീവിയ്ക്കാം നമുക്കിനി (കവിത-കേകവൃത്തം)-തൊടുപുഴ കെ.ശങ്കര്‍

തൊടുപുഴ കെ.ശങ്കര്‍ Published on 18 March, 2013
ജീവിയ്ക്കാം നമുക്കിനി (കവിത-കേകവൃത്തം)-തൊടുപുഴ കെ.ശങ്കര്‍

ജീവിതസായാഹ്നത്തിലെത്തുമ്പോളറിയുന്നു
ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെന്നുള്ളൊരു മഹാസത്യം!
ജീവിച്ചാല്‍ മാത്രം പൂര്‍ണ്ണമാകുമീ നരജന്മം
ജീവിതമര്‍ത്ഥപൂര്‍ണ്ണമാകുവതപ്പോള്‍ മാത്രം!

ജീവിച്ചു മറ്റുള്ളോര്‍ക്കായ് നാളിതുവരെ നമ്മള്‍
ജീവിയ്ക്കാം ശിഷ്ടകാലം നമുക്കായിനിയേലും!
ജീവിച്ചു നമ്മള്‍ സ്വന്തം മക്കള്‍ക്കായ് മറ്റുള്ളോര്‍ക്കായ്
ജീവിച്ചു നമ്മെപ്പോറ്റും യജമാനനായേറെ!

ജീവിച്ചു സ്വന്തം കുടുംബത്തിനായതുപോലെ
ജീവിച്ചു സമൂഹത്തിന്‍ നന്മയ്ക്കായതിലേറെ!
ജീവിച്ചു സ്വന്തം പേരക്കുട്ടികള്‍ക്കായ്‌നാമേറെ
ജീവിച്ചു വേണ്ടാത്തോര്‍ക്കും വേണ്ടാര്‍ക്കും വേണ്ടിയേറെ!

സ്വന്തം മെയ് മറന്നെത്ര സേവനമനുഷ്ഠിച്ചു
സ്വന്തമൊന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മറന്നു നാം!
പഞ്ചേന്ദ്രിയങ്ങള്‍ കര്‍മ്മ ശൂന്യമായ് തീര്‍ന്നെന്നാകില്‍
പഞ്ചഭൂതങ്ങള്‍ പിന്നെ പാര്‍ക്കുമോ ശരീരത്തില്‍?

ശോഷിച്ച ശരീരത്തില്‍ ശേഷിയേ നഷ്ടപ്പെട്ടാല്‍
ശേഷിച്ച കാലം കൂടെയുള്ളവര്‍ക്കു നാംഭാരം!
ജീവിയ്ക്കാം വയോവൃദ്ധസോദരങ്ങളേ, സ്വന്തം
ജീവിതമനുഭവിച്ചാനന്ദിച്ചാശ്ലേഷിയ്ക്കാം!

സ്വസ്ഥരായ് സ്വന്തം കാര്യം നോക്കി പോക്കാന്‍
സ്വാതന്ത്ര്യമുണ്ടെന്നുള്ള വാസ്തവമോര്‍മ്മിയ്ക്ക നാം!
ജീവിയ്ക്കാം നമുക്കിനി ജീവിയ്ക്കാമിനിയുള്ള
ജീവിതം നമുക്കായി മാത്രമായിരിയ്ക്കട്ടേ!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക