Image

ഫാ. ഡോ. പ്രശാന്ത്‌ പാലക്കാപ്പള്ളില്‍ സി.എം.ഐ. അമേരിക്കയില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 September, 2011
ഫാ. ഡോ. പ്രശാന്ത്‌ പാലക്കാപ്പള്ളില്‍ സി.എം.ഐ. അമേരിക്കയില്‍
ന്യൂയോര്‍ക്ക്‌: തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. ഡോ. പ്രശാന്ത്‌ പാലക്കാപ്പള്ളില്‍ സി.എം.ഐ. ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയിരിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഒരുമിപ്പിക്കുന്ന ഒരു രാജ്യാന്തര വേദിക്ക്‌ (ഹാര്‍ട്ടിയന്‍ അലുംനൈ ഇന്റര്‍നാഷണല്‍) രൂപം കൊടുക്കുന്നതോടൊപ്പം കോളേജുമായി ബന്ധപ്പെട്ട്‌ ഒരു സൗഹൃദവലയം വടക്കേ അമേരിക്കയിലും കാനഡയിലും സ്ഥാപിച്ചെടുക്കുകയുമാണ്‌ തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളികള്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരാണെന്ന്‌ കാണുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. പക്ഷെ, അടിസ്ഥാന വിഷയങ്ങളുടെ (സയന്‍സ്‌ ആന്റ്‌ ഹ്യൂമാനിറ്റീസ്‌) പരിശീലനത്തില്‍ നമ്മുടെ സമൂഹം പിന്നോക്കം പോകുന്നു എന്ന യാഥാര്‍ത്ഥ്യം ഭാവിയില്‍ വിദ്യാഭ്യാസ സംവിധാനത്തിനും ശാസ്‌ത്ര പുരോഗതിക്കും തടസ്സമാകുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലും ഉപരിവിദ്യാഭ്യാസ മേഖലയിലും താല്‌പര്യവും മികവും ഉള്ളവര്‍ അദ്ധ്യാപകരും ഗവേഷകരുമായി വരേണ്ടിയിരിക്കുന്നു. അതിന്‌ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ആര്‍ട്ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളെ ശക്തമായി പിന്തുണക്കുവാന്‍ നമ്മുടെ പ്രവാസി മലയാളികള്‍ മുന്നോട്ടു വരണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രവാസി മലയാളികളുടെ ഒരു ചിരകാലസ്വപ്‌നമാണ്‌ റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ പോയി സ്വസ്ഥമായി ജീവിക്കുക എന്നത്‌. ഈ സ്വപ്‌നം സാക്ഷാത്‌ക്കരിക്കണമെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന നഗരവത്‌ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന മാലിന്യം സംസ്‌ക്കരിക്കുന്നതിനും, നാട്‌ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനും, പ്രകൃതി സ്രോതസ്സുകള്‍ നഷ്ടപ്പെടാതെ പരിരക്ഷിക്കുന്നതിനും പ്രവാസി മലയാളികള്‍ ആശയം കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിക്കേണ്ടിയിരിക്കുന്നു.

ചെറിയ പ്രദേശങ്ങളെ ദത്തെടുക്കുക, വിദേശ നഗരങ്ങളും കേരളത്തിലെ നഗരങ്ങളുമായി പരസ്‌പരം പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക മുതലായവയില്‍ പ്രവാസികള്‍ സഹകരിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഒരു മാതൃക സൃഷ്ടിക്കുന്നതില്‍ മുന്‍കൈ എടുത്തിരിക്കുന്ന തേവര കോളേജും രാജഗിരി കോളേജും പ്രവാസി മലയാളികളുടെ സഹകരണം ഉറ്റുനോക്കുന്നു. സെപ്‌തംബര്‍ അവസാനത്തോടെ ന്യൂയോര്‍ക്കിലും ഒക്ടോബര്‍ ആരംഭത്തില്‍ ഹൂസ്റ്റണ്‍, ഫ്‌ളോറിഡ എന്നിവിടങ്ങളിലും ഒരു വേദി സംഘടിപ്പിക്കാന്‍ അദ്ദേഹം മലയാളി സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിച്ചു.

രാജഗിരി കോളേജില്‍ സാമൂഹ്യപ്രവര്‍ത്തന വിഭാഗം അദ്ധ്യക്ഷനുമായിരുന്ന അദ്ദേഹം സാമൂഹ്യക്ഷേമം, യുവജനക്ഷേമം, സ്‌കൂള്‍/പ്രൊഫഷണല്‍/ഉപരിവിദ്യാഭ്യാസം, പരിസ്ഥിതി മാലിന്യസംസ്‌ക്കരണം, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേകം താല്‌പര്യം പുലര്‍ത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുമായി പങ്കാളികളാകുവാന്‍ താല്‌പര്യമുള്ളവരുമായി ബന്ധപ്പെടുവാനും അദ്ദേഹം ആഗ്രഹിക്കുന്നു.

വിവരങ്ങള്‍ക്ക്‌: ഇമ്മാക്കുലേറ്റ്‌ കണ്‍സപ്‌ഷന്‍ ചര്‍ച്ച്‌, ന്യൂയോര്‍ക്ക്‌ 914 591 7480, 914 207 9639 (സെല്‍). ഇ മെയില്‍ jprasant@gmail.com
ഫാ. ഡോ. പ്രശാന്ത്‌ പാലക്കാപ്പള്ളില്‍ സി.എം.ഐ. അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക