Image

പൃഥ്വിരാജ്‌ വീണ്ടും വിവാദത്തില്‍ ...

Published on 25 September, 2011
പൃഥ്വിരാജ്‌ വീണ്ടും വിവാദത്തില്‍ ...
മലയാള സിനിമയുടെ യുവതാരം പൃഥ്വിരാജ്‌ വീണ്ടും വിവാദത്തിലേക്ക്‌. ഓണക്കാലത്ത്‌ റിലീസിനെത്തിയ ഡോക്‌ടര്‍ ലൗ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ.ബിജുവാണ്‌ പൃഥ്വിരാജിനെ കഴിഞ്ഞ ദിവസം ശക്തമായ ആരോപണം ഉന്നയിച്ചത്‌. ഡോക്‌ടര്‍ ലൗ എന്ന ചിത്രത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ കെ.ബിജു പൃഥ്വിരാജിനെതിരെ സംസാരിച്ചത്‌. തന്റെ മൂന്ന്‌ വര്‍ഷങ്ങള്‍ പൃഥ്വിരാജ്‌ കാരണം നഷ്‌ടപ്പെട്ടുവെന്നും പുതുമുഖ സംവിധായകരോട്‌ ഇത്തരം പെരുമാറ്റം നല്ലതല്ലെന്നുമായിരുന്നു കെ.ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞത്‌.

പന്ത്രണ്ട്‌ വര്‍ഷമായി സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌ കെ.ബിജു. മുന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബിജു താന്‍ ഒരുക്കിയ കഥയുമായി പൃഥ്വിരാജിനെ സമീപിച്ചു. കഥ കേട്ടതിനു ശേഷം പൃഥ്വിരാജ്‌ ഇഷ്‌ടപ്പെട്ടുവെന്ന്‌ പറഞ്ഞുവെന്നും തിരക്കഥ പൂര്‍ത്തിയാക്കുവാന്‍ പറഞ്ഞുവെന്നും ബിജു പറയുന്നു. എന്നാല്‍ തിരക്കഥയുമായി സമീപിച്ചപ്പോഴൊക്കെ പൃഥ്വിരാജ്‌ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ബിജു പറയുന്നു. ഏതാണ്ട്‌ മൂന്ന്‌ വര്‍ഷത്തോളം തിരക്കഥയുമായി തനിക്ക്‌ കാത്തിരിക്കേണ്ടി വന്നുവെന്നാണ്‌ ബിജുവിന്റെ പക്ഷം. അവസാനം കുഞ്ചാക്കോബോബന്‍ നായകനാകാമെന്ന്‌ സമ്മതിച്ചതോടെയാണ്‌ തന്റെ സിനിമ യാഥാര്‍ഥ്യമായത്‌. പൃഥ്വിരാജിന്റെ പെരുമാറ്റം തനിക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കിയെന്നും നവാഗതരോട്‌ ഇത്തരത്തില്‍ പെരുമാറുന്നത്‌ ശരിയല്ലെന്നും ബിജു മാധ്യമങ്ങളോട്‌ തുറന്നു പറഞ്ഞു.

സിനിമയിലെ താരാധിപത്യവും നവാഗതരോടുള്ള സമീപനങ്ങളുമൊക്കെ ഏറെ ചര്‍ച്ചയായി നില്‍ക്കുന്ന സമയത്ത്‌ തന്നെ ബിജുവിന്റെ പ്രസ്‌താവനകള്‍ വന്നത്‌ ഏറെ വിവാദമായി മാറുകയായിരുന്നു.

എന്തായാലും തനിക്കെതിരെ വന്ന ആരോപണത്തോട്‌ പൃഥ്വിരാജ്‌ പ്രതികരിക്കുക തന്നെ ചെയ്‌തു. ബിജു തന്നെ കഥയുമായി സമീപിച്ചു എന്നത്‌ സത്യമാണെന്ന്‌ പൃഥ്വിയും പറയുന്നു. എന്നാല്‍ ബിജു തയാറാക്കിയ തിരക്കഥ തനിക്ക്‌ തൃപ്‌തികരമായിരുന്നില്ലെന്നും അതില്‍ താന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും പൃഥ്വിരാജ്‌ പറഞ്ഞു. എന്നാല്‍ പിന്നീട്‌ ബിജു തിരക്കഥയുമായി തന്നെ സമീപിച്ചുമില്ല. നാളുകള്‍ക്ക്‌ ശേഷം അതേ തിരക്കഥ മറ്റൊരു നടനെ വെച്ച്‌ സംവിധാനം ചെയ്‌തിട്ട്‌ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നാണ്‌ പൃഥ്വിരാജിന്റെ പക്ഷം.

പൃഥ്വിരാജ്‌ ചിത്രമായ തേജാഭായിയും കെ.ബിജു സംവിധാനം ചെയ്‌ത ഡോക്‌ടര്‍ ലൗ എന്ന ചിത്രവും ഒരേ സമയത്ത്‌ റിലീസിനെത്തിയപ്പോഴാണ്‌ ഇരുവരുടെയും വാക്‌പോരാട്ടം എന്നത്‌ ഏറെ ശ്രദ്ധേയമായി. ഏറെ പ്രതീക്ഷകളോടെ എത്തിയ പൃഥ്വിരാജിന്റെ തേജാഭായി ഇന്‍ഷ്യല്‍ കളക്ഷന്‌ അപ്പുറം തീയേറ്ററില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. പൃഥ്വിരാജ്‌ ആദ്യമായി മുഴുനീള കോമഡി ചെയ്യുന്നു എന്ന ലേബലില്‍ എത്തിയ ചിത്രം കാര്യമായ പ്രതികരണം നേടാതെ മടങ്ങുകയായിരുന്നു.

ഇതേ സമയം കെ.ബിജു കുഞ്ചാക്കോബോബനെ നായകനാക്കി ഒരുക്കിയ ഡോക്‌ടര്‍ ലൗ എന്ന ചിത്രവും ശരാശരിയില്‍ മാത്രമേ എത്തിയുള്ളു. തീയേറ്ററില്‍ കാര്യമായ ചലനം സൃഷ്‌ടിക്കാന്‍ ഈ ചിത്രത്തിനും കഴിഞ്ഞില്ല. എന്നാല്‍ ഇതിനിടയില്‍ ഒരുത്തിരിഞ്ഞ വിവാദത്തിലൂടെ പൃഥ്വിരാജും കെ.ബിജും ശ്രദ്ധ നേടുകയും ചെയ്‌തു.

ഇതുമാത്രമല്ല പൃഥ്വിരാജ്‌ നായകനായ തേജാഭായി എന്ന ചിത്രത്തില്‍ ബിച്ചുതിരുമല എഴുതി ശ്യാം സംഗീതം നല്‍കിയ ``ഒരുമധുരക്കിനാവിന്‍ ലഹരിയില്‍'' എന്ന്‌ തുടങ്ങുന്ന ഗാനം റീമിക്‌സ്‌ ചെയ്‌ത്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതിന്‌ ഈ ഗാനത്തിന്റെ കാസറ്റ്‌ കമ്പിനിയില്‍ നിന്നു മാത്രമേ അനുമതി വാങ്ങിയിരുന്നുള്ളു. ഗാനരചയിതാവായ ബിച്ചു തിരുമലയോട്‌ അനുമതി വാങ്ങിയിരുന്നില്ല. ഇതിനെതിരെ ബിച്ചു തിരുമല തന്നെ രംഗത്തെത്തി. തന്നോട്‌ ചോദിക്കാതെ തന്റെ പ്രശസ്‌തമായ ഗാനം ഉപയോഗിച്ചതിന്‌ തേജാഭായിയുടെ അണിയറക്കാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്‌ ബിച്ചുതിരുമല ഇപ്പോള്‍.

സമീപകാലത്ത്‌ പൃഥ്വിരാജ്‌ വിവാദങ്ങളിലേക്ക്‌ ചെന്നു കയറുന്നത്‌ ഇത്‌ ആദ്യമായിട്ടൊന്നുമല്ല. പൃഥ്വിരാജ്‌ നല്‍കിയ ഒരു ചാനല്‍ അഭിമുഖത്തില്‍ മലയാള സിനിമയില്‍ നവാഗത യുവതാരങ്ങള്‍ സിനിമയെ ഗൗരവമായി കാണുന്നില്ല എന്ന്‌ പറഞ്ഞതും വിവാദമായിരുന്നു. ഇതിനെതിരെ യുവതാരം ആസിഫ്‌ അലി പ്രതികരിച്ചതോടെയാണ്‌ പൃഥ്വിരാജ്‌ പ്രതിരോധത്തിലായിപ്പോയത്‌.

തന്നെപ്പോലുള്ള പുതുമുഖ നടന്‍മാര്‍ സിനിമയെ ഗൗരവമായിട്ടാണ്‌ കാണുന്നതെന്നും പൃഥ്വിരാജിന്റെ പരാമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണെന്നുമായിരുന്നു ആസിഫ്‌ അലി പ്രതികരിച്ചത്‌. ഇതോടെ താന്‍ പറഞ്ഞത്‌ തിരുത്തി പറയേണ്ടി വന്നു പൃഥ്വിരാജിന്‌.

ഇന്റര്‍നെറ്റ്‌ ലോകത്തും പൃഥ്വിരാജിനെതിരെയുള്ള സൈബര്‍പോര്‌ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്‌. ഏഷ്യാനെറ്റില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ജോണ്‍ ബ്രിട്ടാസിന്‌ നല്‍കിയ അഭിമുഖത്തെ പരിഹസിച്ചുകൊണ്ട്‌ യുട്യൂബില്‍ ഇറങ്ങിയ പൃഥ്വിരാജപ്പന്‍ എന്ന വീഡിയോ ഏറെ പ്രശസ്‌തി നേടിയിരുന്നു. ഇപ്പോഴും പൃഥ്വിരാജിനെതിരെയുള്ള സൈബര്‍ പോര്‌ ഫേസ്‌ബുക്കിലും യുട്യൂബിലുമൊക്കെയായി തുടരുകയാണ്‌. അതുപോലെ ഇന്ന്‌ കേരളത്തില്‍ പ്രചരിക്കുന്ന കോമഡി എസ്‌.എം.എസുകളിലെ പ്രധാന താരവും പൃഥ്വിരാജ്‌ തന്നെ. പൃഥ്വിരാജിനെതിരെ എസ്‌.എം.എസ്‌ ഒരു ജനകീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്‌ ഇന്ന്‌ ഒരുകൂട്ടം ആളുകള്‍. ദിനം പ്രതി നിരവധി പൃഥ്വിരാജ്‌ ജോക്ക്‌സാണ്‌ ഇന്ന്‌ കേരളത്തില്‍ പ്രചരിക്കുന്നത്‌. അഭിമുഖങ്ങളില്‍ പൃഥ്വിരാജ്‌ പറയുന്നതിനെയൊക്കെ കോമാളിത്തരമാക്കി മാറ്റാന്‍ കാത്തിരിക്കുകയാണ്‌ ഇന്ന്‌ കേരളത്തിലെ യുവത്വം.

ഒരു സെലിബ്രിറ്റി ജനകീയനാകുന്നത്‌ പൊതുസമൂഹവുമായി അയാള്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒരു രസതന്ത്രത്തിലൂടെയാണ്‌. മോഹന്‍ലാലും മമ്മൂട്ടിയും തുടങ്ങി മലയാളത്തിന്‌ അകത്തും പുറത്തും എത്രയോ ഉദാഹരണങ്ങള്‍ ഇതിനുണ്ട്‌. എന്നാല്‍ ഒരു സെലിബ്രിറ്റി എന്നതിനും അപ്പുറത്തേക്ക്‌ സമൂഹവുമായി ഒരു ഡിറ്റാച്ച്‌മെന്റ്‌ ഉണ്ടാവുകയും തന്റെ നിലനില്‍പ്പിന്‌ മാധ്യമങ്ങളെ മാത്രം ആശ്രയിക്കുകയും ചെയ്യുമ്പോഴാണ്‌ ഒരാള്‍ വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ നേരിടേണ്ടി വരുന്നത്‌. ഇപ്പോള്‍ പൃഥ്വിരാജിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും ഇത്‌ തന്നെയാണ്‌. അറിഞ്ഞോ അറിയാതെയോ പൃഥ്വിരാജ്‌ ചെയ്യുന്നതും, സംസാരിക്കുന്നതുമൊക്കെ വിവാദത്തിലേക്കോ, വിമര്‍ശനത്തിലേക്കോ ചെന്ന്‌ എത്തുന്നു. ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരേണ്ടത്‌ പൃഥ്വിരാജ്‌ എന്ന സെലിബ്രിറ്റിയുടെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌.
പൃഥ്വിരാജ്‌ വീണ്ടും വിവാദത്തില്‍ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക