Image

സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളോ? രഞ്ജിനി ഹരിദാസിനെ വെറുതെ വിടൂ- പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 17 May, 2013
സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളോ? രഞ്ജിനി ഹരിദാസിനെ വെറുതെ വിടൂ- പി.പി.ചെറിയാന്‍
അമേരിക്കന്‍ മലയാളി ബിനോയ് ചെറിയാനും, കേരളത്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ബിനോയിയും കുടുംബവും കടന്നു പോകുന്ന മാനസിക സംഘര്‍ഷത്തില്‍ ഞാനും പങ്കുചേരുന്നു.

കേരളത്തിന്റെ അന്താരാഷ്ട്ര വിമാനതാവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കെടുകാര്യസ്ഥതയിലേക്കാണ് ഇത്തരം വിഷയങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വിമാന താവളങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ കൃത്യവിലോപം നടത്തുന്നു എന്നുള്ളതിന് വ്യക്തമായ തെളിവാണ് ഈ സംഭവം- കസ്റ്റംസും പരിശോധന നടത്തുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെങ്കില്‍ ബിനോയ് ചെറിയാന് ഈ വിഷയത്തില്‍ ഇടപെടേണ്ടി വരുമായിരുന്നില്ല. 18 മണിക്കൂര്‍ ദീര്‍ഘദൂരം യാത്ര ചെയ്തു കുടുംബവുമൊത്ത് വിമാനതാവളത്തില്‍ എത്തിയാല്‍ മാത്രം പോരാ അവിടെയുള്ള ക്യൂ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്വം കൂടെ ഏറ്റെടുക്കേണ്ടി വരുന്നത് ദയനീയമാണ്. നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതിനെതിരെ പ്രതികരിക്കുന്നതിനും, പരാതി സമര്‍പ്പിക്കുന്നതിനുമുള്ള വേദികള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് കരണീയമായിട്ടുള്ളത്. 'വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടുകള്‍' എന്ന അവസ്ഥിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുന്നത് വിവേകമാണെന്ന് കരുതുന്നില്ല. ദീര്‍ഘയാത്ര ചെയ്ത് മാനസിക പിരിമുറുക്കത്തില്‍, ക്യൂവില്‍ നില്ക്കാതെ മുന്നോട്ടു പോയ രഞ്ജിനിയോട് പെട്ടെന്ന് പ്രതികരിച്ചത് വലിയ ഒരു അപരാധമായി കാണുന്നില്ല- എന്നാല്‍ അത് ഒരു തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചത് രഞ്ജിനിയേക്കാള്‍ പക്വതയും പ്രായവുമുള്ള ബിനോയ്ക്ക് ചേര്‍ന്നതാണോ എന്നാണ് സംശയം.

ഇളംതലമുറയെ പ്രതിനിധീകരിക്കുന്ന രഞ്ജിനിക്ക് ഒരു പക്ഷേ പെട്ടെന്നുള്ള ബിനോയിയുടെ പ്രതികരണം അത്ര രസിച്ചിരിക്കാനിടയില്ല. കൗമാരപ്രായം കഴിഞ്ഞ് അമേരിക്കയില്‍ വളരുന്ന ഇളം തലമുറയോട് അവര്‍ ചെയ്യുന്ന പ്രവൃത്തികളിലെ കുറവുകള്‍ ചൂണ്ടികാട്ടിയാല്‍ വികാരങ്ങള്‍ വൃണപ്പെടുമെന്ന് ഭയക്കുന്ന ഭൂരിപക്ഷം മാതാപിതാക്കളുടെ ഗണത്തില്‍ പെടുന്ന വ്യക്തിയല്ല ബിനോയ് എന്നറിഞ്ഞതില്‍ അഭിമാനമുണ്ട്.

വിമാനതാവളത്തില്‍ എന്താണ് നടന്നതെന്ന് ബിനോയുടേയും, രഞ്ജിനിയുടേയും പത്രത്തില്‍ വന്ന വിശദീകരണമാണ് അമേരിക്കന്‍ മലയാളികളുടെ പ്രതികരണത്തിനാധാരം- ബിനോയിയും രഞ്ജിനിയും മലയാളികളാണ്. രണ്ടുപേരേയും ഒരുപോലെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുവാന്‍ ഓടുന്നവരാകരുത് വിവേകമതികള്‍.

രഞ്ജിനിയുടെ വിശദീകരണം വായിച്ചവര്‍ അവര്‍ക്കനുകൂലമായി ഒരക്ഷരം പോലും പറഞ്ഞതായി കണ്ടില്ല. ക്യൂവില്‍ തിരക്കായതിനാല്‍ ക്യൂവില്‍ നിന്നും മാറി നിന്നതായാണ് അവരുടെ ഭാഷ്യം. ഇവിടെ തെറ്റുദ്ധാരണയ്ക്ക് വല്ല സാധ്യതയുമുണ്ടോ എന്ന് ആരും പരിശോധിച്ചിട്ടില്ല. ചുരുങ്ങിയ ദിവസം അവധിയിലേക്ക് നാട്ടിലേക്ക് പോകുന്ന ആരും അറിഞ്ഞു കൊണ്ട് ഒരു വിവാദത്തില്‍ ചെന്ന് ചാടാന്‍ ആഗ്രഹിക്കുന്നില്ല.

ബിനോയിയുടെ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ഒരു കാര്യം ശ്രദ്ധയില്‍പെട്ടു. കേരളപോലീസ് ബിനോയിയോട് വളരെ മര്യാദയായാണ് പെരുമാറിയതത്രെ! തിരുവഞ്ചൂരിന്റെ പോലീസ് ഇത്രയും വളര്‍ന്നുകണ്ടതില്‍ അഭിമാനമുണ്ട്. രഞ്ജിനിയുടെ സെല്‍ഫോണില്‍ കേരളത്തിലെ മുഴുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ ഉണ്ടായിട്ടും, അമേരിക്കയില്‍ നിന്നും അവധിയില്‍ നാട്ടില്‍ എത്തിയ ഒരു സാധാരണക്കാരന് ഇത്രയും നല്ല പെരുമാറ്റം പോലീസില്‍ നിന്നും ലഭിക്കുക എന്നത് തന്നെ അമേരിക്കക്കാരോടുള്ള ബഹുമാനത്തിന് തെളിവാണ്.

വിദേശയാത്രക്കഴിഞ്ഞു കേരള വിമാനതാവളത്തില്‍ എത്തുന്ന ഒരു വി.ഐ.പി.പോലും ക്യൂവില്‍ നില്‍ക്കുന്ന അനുഭവം ഉണ്ടായാതായി അറിയില്ല. ഒരു പക്ഷേ രഞ്ജിനിയും ആ മാതൃക പിന്തുടര്‍ന്നതാകാം. കേരള പശ്ചാത്തലത്തില്‍ ഇതില്‍ വലിയ അതിശയോക്തിയില്ല.
കേരളപോലീസ് ഒരു കേസ്സ് ചാര്‍ജ്ജ് ചെയ്താല്‍ അതിന്റെ നൂലാമാലകളില്‍ പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് സാധാരണക്കാരെ സംബന്ധിച്ചുള്ളത്. ബിനോയ് ചെറിയാനും കുടുംബത്തിനും അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

അമേരിക്കന്‍ വിമാനതാവളത്തില്‍ വന്നിറങ്ങിയ ലോകത്തിന്റെ തന്നെ അഭിമാനമായ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീ-ചലചിത്ര രംഗത്തെ മുടിചൂടാമന്നന്മാര്‍ എന്നിവര്‍ക്ക് സഹിക്കേണ്ടി വന്ന അപമാനത്തിനും അമേരിക്കന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് ചെറുവിരല്‍ പോലും അനയ്ക്കാതിരുന്ന അമേരിക്കയിലെ സാമൂഹ്യ- സംസ്‌ക്കാരിക സംഘടനാ നേതാക്കള്‍ ഈ വിഷയത്തിലെങ്കിലും പ്രതികരിച്ചത് പ്രതീക്ഷ പകരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളോ? രഞ്ജിനി ഹരിദാസിനെ വെറുതെ വിടൂ- പി.പി.ചെറിയാന്‍
Join WhatsApp News
eapen 2013-05-18 06:46:39
Well written Mr. Cherian...!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക