Image

സരിതയും ബിജുവും; തട്ടിപ്പിന്റെ താരപ്രഭ

Published on 18 June, 2013
സരിതയും ബിജുവും; തട്ടിപ്പിന്റെ താരപ്രഭ
ജി കെ

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം തല്‍ക്കാലം മലയാളികള്‍ക്ക് മറക്കാം. അഭിമാനത്തോടെയും അല്‍പം അഹങ്കാരത്തോടെയും വേണ്ടിടത്തും വേണ്ടാത്തഇടത്തുമെല്ലാം നാം ഉപയോഗിച്ചുവന്ന വിശേഷണത്തേക്കാള്‍ ഇപ്പോള്‍ നമുക്ക് ഇപ്പോള്‍ കൂടുതല്‍ ചേരുക തട്ടിപ്പിന്റെ സ്വന്തം നാടെന്ന വിശേഷണമായിരിക്കും. എത്രതവണ തട്ടിപ്പിനിരയായാലും പഠിക്കാത്ത മലയാളികളെ പറ്റിക്കാനായി പുതിയ പേരുകളില്‍ തട്ടിപ്പുകാര്‍ പുതിയ പദ്ധിതകളുമായി വന്നുകൊണ്ടേ ഇരിക്കുന്നു. ആട്, തേക്ക്, മാഞ്ചിയം മുതല്‍ ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യുവരെ കേരളത്തില്‍ അരങ്ങേറിയിട്ടുള്ള തട്ടിപ്പുകഥകളെടുത്താല്‍ കൈയിലൊതുങ്ങില്ല. ഇവിടെ ഇരയും വേട്ടക്കാരും നമ്മള്‍ തന്നെ. കബളിപ്പിക്കുന്നതും കബളിപ്പിക്കപ്പെടുന്നതും കുശാഗ്രബുദ്ധിക്കാരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിതന്നെ. 

ഏറ്റവുമൊടുവിലായി പുറത്തുവരന്ന സോളാര്‍ പാനല്‍ തട്ടിപ്പുകേസിലും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ കേട്ട് ജനങ്ങള്‍ മൂക്കത്തുവിരല്‍വെക്കുകയാണ്. മുന്‍ തട്ടിപ്പുകളില്‍ സാധാരണക്കാരും പാവങ്ങളുമെല്ലാമാണ് തട്ടിപ്പിന് ഇരയായതെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സോളാര്‍ പാനല്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍ മന്ത്രിമാരുമെല്ലാം സംശയനിഴലില്‍ സംശയനിഴലില്‍ വെളിപ്പെടുത്തലുകള്‍ കേട്ട് ജനങ്ങള്‍ ആശങ്കാകുലരാകുന്നു. 

ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളുമാണ് സരിത എസ്. നായരും ബിജു രാധാകൃഷ്ണനുമടങ്ങുന്ന സംഘത്തിന്റെ തട്ടിപ്പുകള്‍ക്കിരയായത്. സോളാര്‍ പാനല്‍ നല്‍കാമെന്ന ഉറപ്പില്‍ വന്‍തുകകള്‍ ഇവര്‍ പലരില്‍നിന്നും തട്ടിയെടുത്തതായാണ് ആരോപണം. ഇതുസംബന്ധിച്ച് ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സോളാര്‍ പവര്‍ പ്ലാന്റുകളും വിന്‍ഡ് ഫാമുകളും മറ്റും വാഗ്ദാനം ചെയ്താണ് പലരില്‍നിന്നും ഈ സംഘം വന്‍തുക കൈക്കലാക്കിയത്. ഒട്ടേറെ ഡീലര്‍മാരും ഇവരാല്‍ കബളിപ്പിക്കപ്പെട്ടു. സരിതയും ബിജു രാധാകൃഷ്ണനും പിടിയിലായതോടെ, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കേസന്വേഷകര്‍ കരുതുന്നു. വിവിധ തലങ്ങളിലെ പല ഉന്നതരുമായും തങ്ങള്‍ക്ക് അടുപ്പമുണ്ടെന്നറിയിച്ചുകൊണ്ടാണ് ഈ സംഘം പലരെയും തട്ടിപ്പുകള്‍ക്കിരയാക്കിയത്. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പി.എ. ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലിം രാജിനെയും മാറ്റിയിട്ടുണ്ട്. പൊതുരംഗത്തുള്ളവര്‍, തങ്ങള്‍ പുലര്‍ത്തുന്ന ബന്ധങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ് ഇതു കാണിക്കുന്നത്.

ആദ്യകാലത്ത് പ്രവര്‍ത്തനശൈലി കൊണ്ട് ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റുകയും പിന്നെ തന്ത്രപൂര്‍വം അവരെ വഞ്ചിച്ച് പണം തട്ടുകയും ചെയ്ത് മുങ്ങിപ്പോയ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഒട്ടേറെയുണ്ടായി. സോളാര്‍ തട്ടിപ്പിലുള്‍പ്പെട്ടവരും ആ വഴിയാണ് പിന്തുടര്‍ന്നത്. ബിജു രാധാകൃഷ്ണന്‍ ആദ്യഭാര്യയുടെ കൊലപാതകത്തിന്റെ പേരിലുള്ള ക്രിമിനല്‍ കേസിലും ഒട്ടേറെ തട്ടിപ്പുകേസുകളിലും പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എസ്. ഓഫീസറായും വിജിലന്‍സ് ഓഫീസറായും സ്‌കൂള്‍ മാനേജരായും ചമഞ്ഞ് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടത്രെ. എന്നാല്‍ നേരത്തേ നിയമനടപടികളില്‍ നിന്നൊഴിവാകാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ 2006-ല്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ഈ കേസില്‍ ബിജു അറസ്റ്റിലായെങ്കിലും രക്ഷപ്പെട്ടു. ഉന്നതതലങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണ് ബിജു രക്ഷപ്പെട്ടതെന്ന് പറയുന്നു. രശ്മിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കേസന്വേഷണം തുടങ്ങിയപ്പോഴെല്ലാം ബിജുവിനെ രക്ഷിക്കാന്‍ ആളുണ്ടായി. സരിതയ്ക്കുള്ള സ്വാധീനവും ബിജുവിന് സഹായകമായി. പലതവണ കേസ് അട്ടിമറിക്കപ്പെട്ടു. ഒടുവില്‍ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊലപാതക കേസില്‍പ്പോലും നേരത്തേ സംരക്ഷണം ലഭിച്ച ബിജു രാധാകൃഷ്ണന്‍ കൂട്ടാളികള്‍ക്കൊപ്പം കൂടുതല്‍ ആത്മവിശ്വാസത്തോടെ തട്ടിപ്പുകള്‍ തുടര്‍ന്നുവെന്നാണ് വ്യക്തമാകുന്നത്. ബിജുവിന്റെ കൊട്ടാരക്കരയിലെ വീട്ടിലും സരിത എസ്. നായരുടെ വാടകവീടുകളിലും റെയ്ഡ് നടത്തിയ പോലീസ് ഒട്ടേറെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ബിജുവിന്റെ വീട്ടില്‍നിന്ന് കിട്ടിയ രേഖകളില്‍ ഡല്‍ഹി പോലീസിന്റെ സീല്‍ പതിച്ചവയും ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ ടീം സോളാറിന്റെ ഓഫീസ് മേല്‍വിലാസം വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ വ്യാപകമായ തട്ടിപ്പുകള്‍ നടത്തുക മാത്രമല്ല, അവയ്‌ക്കെതിരെ ഉയര്‍ന്ന പരാതികള്‍ ഈ സംഘം അവഗണിക്കുകയും ചെയ്തു. തട്ടിപ്പുകളെക്കുറിച്ചും ഈ സംഘത്തില്‍പ്പെട്ടവരുടെ വെളിപ്പെടുത്തലുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസും പേഴ്സണല്‍ സ്റ്റാഫുമെല്ലാം സംശയനിഴലില്‍ നില്‍ക്കുമ്പോള്‍ അന്വേഷണം എത്രമാത്രം കാര്യക്ഷമമാവുമെന്നകാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിന് അടിസ്ഥാനം മുന്‍ അനുഭവങ്ങള്‍ തന്നെയാണ്. 

ജനങ്ങളില്‍ നിന്ന് കോടികള്‍ പറ്റിച്ച ശബരീനാഥ്, കേസില്‍ അറസ്റ്റിലായശേഷം ജാമ്യം നേടി മുങ്ങുകയും പോലീസിന്റെ മൂക്കിന് മുമ്പിലൂടെ തന്നെ വിലസുകയും ചെയ്യുമ്പോഴും ഇയാളെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ കാര്യമായൊരു നടപടിപോലുമുണ്ടായിട്ടില്ല എന്നത് തന്നെ. ശബരീനാഥിനോളമോ അതിനേക്കാളോ ഉന്നത ബന്ധങ്ങളുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള ബിജു രാധാകൃഷ്ണനും സരിത എസ് നായരും എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. അങ്ങനെയെങ്കില്‍ മറ്റൊരു ശബരീനാഥ് അനുഭവം തന്നെയായിരിക്കും ഈ തട്ടിപ്പുകേസിലും ജനങ്ങള്‍ക്ക് കാണാനാകുക. 

വീണുകിട്ടിയ സോളാര്‍ പാനല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ആത്മാര്‍ഥതയും കണ്ടറിയേണ്ടതു തന്നെയാണ്. കാരണം, ദിനംപ്രതി കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത് ജുഡീഷ്യല്‍ അന്വേഷണമാണ്. സര്‍ക്കാരിനും പ്രതിപക്ഷത്തിനും മുഖം രക്ഷിക്കാന്‍ ഏറ്റവും എളുപ്പവഴി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നതാണ്. കാരണം, നമ്മുടെ നാട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്ന കേസുകളിലൊന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരികയോ അഥവാ വന്നാല്‍ തന്നെ യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നതു തന്നെ. 

പ്രതിപക്ഷത്തിന്റെ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ആദ്യം നിരസിക്കുകയും പിന്നീട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുകയാണെങ്കില്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരുകയും ചെയ്യുക എന്ന തന്ത്രം തന്നെയായിരിക്കും സര്‍ക്കാര്‍ ഈ കേസിലും പയറ്റുക എന്നുതന്നെയാണ് വിലയിരുത്തല്‍. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന് ഒരു ആയുധം എന്നതിലുപരി ഇപ്പോള്‍ ഉയരുന്ന പൊടിപടലങ്ങള്‍ അടങ്ങിയാല്‍ സോളാര്‍ പാനല്‍ തട്ടിപ്പും വിസ്മൃതിയിലാവും. കാരണം തട്ടിനിപ്പിന് ഇരയാവാനുള്ള ബുദ്ധിയില്ലായ്മ പോലെ എത്രവലിയ തട്ടിപ്പും പെട്ടെന്ന് മറക്കാനുള്ള കഴിവും മലയാളികള്‍ സ്വയം ആര്‍ജ്ജിച്ചിട്ടുണ്ട്. 

സാമ്പത്തികശാസ്ത്രത്തില്‍ ഗ്രെഷാംസ് ലോ എന്നൊരു പരികല്‍പനയുണ്ട്. നല്ല നാണയങ്ങളും കള്ളനാണയങ്ങളും ഒരുപോലെ പ്രചരിക്കുന്ന ഒരു രാജ്യത്ത് നല്ല നാണയങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയും കള്ളനാണയങ്ങള്‍ മാത്രം നിലനില്‍ക്കുകയും ചെയ്യും. ആപ്പിള്‍ ഐ ഡേയും മണി ചെയിനും തൊട്ട് പതിനായിരക്കണക്കിന് ശബരീനാഥുമാരും ബിജു രാധാകൃഷ്ന്‍മാരും നിറഞ്ഞാടുന്ന നമ്മുടെ നാടും അധികം വൈകാതെ ആ നിലയിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല. 
സരിതയും ബിജുവും; തട്ടിപ്പിന്റെ താരപ്രഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക