Image

സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിച്ചു.

Published on 13 August, 2013
സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സമരം പിന്‍വലിച്ചാല്‍ സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസമായി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. രാജിവയ്ക്കുന്നതുവരെ മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും. അദ്ദേഹത്തിന്റെ ചടങ്ങുകളില്‍ കരിങ്കൊടി കാണിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ തുടരും.  മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെതന്നെ രണ്ടാംഘട്ടം തുടങ്ങും. 

സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രിയുടെ  പ്രഖ്യാപനം വന്നയുടന്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിലെത്തി നേതാക്കള്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍,  സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളെല്ലാം ഈ സമയത്ത് സമരപന്തിലിലുണ്ടായിരുന്നു. പ്രഖ്യാപനത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന്റെ ചുറ്റുപാടുമുണ്ടായിരുന്ന നേതാക്കളെല്ലാം വിജയാഹ്ലാദ പ്രകടനമായി  സമരഗേറ്റിലത്തി.
ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട സമരത്തിന് ഫലത്തില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ തന്നെ സമാപനവുമായി. സമാപന സമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് തീരുമാനം. രാവിലെ ചേര്‍ന്ന അടിയന്തര യുഡിഎഫ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ പ്രത്യേക അന്വേഷണ സംഘം കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ അന്വേഷണം പ്രഖ്യാപിക്കൂ. രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശേഷിക്കുന്ന അഞ്ചു കേസുകളില്‍ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ഇതിനു ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന് ചീഫ് ജസ്റ്റീസിനോട് പ്രത്യേകം അഭ്യര്‍ഥിക്കുമെന്നു വ്യക്തമാക്കിയ ഉമ്മന്‍ ചാണ്ടി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സമര പരിപാടികള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

സരിതയ്ക്കും ബിജുവിനുമെതിരേ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 14 കേസുകളുണ്ട്. ആ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിയിരുന്നതിനാലാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഖ്യാപനം വൈകിയത്. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മികച്ച അന്വേഷണമാണ് നടത്തിയത്. പുതിയതായി എന്തെങ്കിലും അന്വേഷിക്കണമെങ്കില്‍ അതിനുള്ള അവസരമാണ് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ലഭിക്കുന്നത്. ഇത് പ്രതിപക്ഷം പ്രയോജനപ്പെടുത്തണം. കാലവര്‍ഷക്കെടുതി, ഓണക്കാലത്തെ വിലക്കയറ്റം, ഓണാഘോഷങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് അടിയന്തരമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതിന് പ്രതിപക്ഷത്തിന്റെ കൂടി സഹകരണം ആവശ്യമുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ ഒറ്റ ആരോപണം പോലും തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1957ല്‍ ജുഡീഷ്യല്‍ അന്വേഷണവും പിന്നീട് റിപ്പോര്‍ട്ടും വന്നിട്ടും അന്നത്തെ കമ്മ്യുണിസ്റ്റ് മന്ത്രിസഭ രാജിവച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.



Join WhatsApp News
PT Kurian 2013-08-13 03:52:15
ഇ  ബുദ്ധി  യെന്ത  നേരത്തെ തോന്നഅഞ്ഞത്



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക