Image

ലാനാ കണ്‍വെന്‍ഷന്‍: ഷിക്കാഗോ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 12 October, 2011
ലാനാ കണ്‍വെന്‍ഷന്‍: ഷിക്കാഗോ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി
ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) എട്ടാമത്‌ ദേശീയ സമ്മേളനത്തിനുള്ള ഷിക്കാഗോ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി. ഒക്‌ടോബര്‍ ഏഴാംതീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്വീറ്റ്‌സ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഷിക്കാഗോ സാഹിത്യവേദിയുടെ 158-മത്‌ കൂട്ടായ്‌മയില്‍ വെച്ചാണ്‌ കിക്ക്‌ഓഫ്‌ പ്രോഗ്രാം നടത്തുന്നത്‌.

റിജിയന്‍ കോര്‍ഡിനേറ്റര്‍ ചാക്കോ ഇട്ടിച്ചെറിയയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട്‌ ലാനാ ജോയിന്റ്‌ സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം കിക്ക്‌ഓഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

ഒക്‌ടോബര്‍ 21,22 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന ലാനാ നാഷണല്‍ കണ്‍വെന്‍ഷനില്‍ ഷിക്കാഗോയില്‍ നിന്ന്‌ സാധിക്കുന്നിടത്തോളം അക്ഷരസ്‌നേഹികളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

മഹാകവിമാരായ ചങ്ങമ്പുഴ കൃഷ്‌ണപിള്ള, വൈലോപ്പള്ളി ശ്രീധരമേനോന്‍, പാലാ നാരായണന്‍ നായര്‍ എന്നിവരുടെ ജന്മശതാബ്‌ദിയാചരിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസത്തെ സാഹിത്യവേദിയിലെ പ്രധാന ചിന്താവിഷയം പ്രമുഖരായ ഈ കവികളുടെ സര്‍ഗ്ഗസംഭാവനകളെ കുറിച്ചായിരുന്നു.

സാഹിത്യവേദിയംഗവും കവയത്രിയുമായ ഉമാ രാജ മലയാളികളുടെ പ്രിയപ്പെട്ട കവികളെ കുറിച്ചും അവരുടെ കാവ്യസംഭാവനകളെ കുറിച്ചുമുള്ള പ്രബന്ധം അവതരിപ്പിച്ച്‌ സംസാരിച്ചു. ചങ്ങമ്പുഴയുടെ `വാഴക്കുല'യും, വൈലോപ്പള്ളിയുടെ `മാമ്പഴ'വും, പാലായുടെ `കേരളം വളരുന്നു' എന്ന കവിതയും കേരളീയരുടെ രാഷ്‌ട്രീയ-സാംസ്‌കാരിക-ജീവിതത്തില്‍ വരുത്തിയ മുന്നേറ്റങ്ങളെക്കുറിച്ച്‌ നടത്തിയ പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. ഡോ. രാജേന്ദ്ര രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്‌ കവി ചാക്കോ ഇട്ടിച്ചെറിയ സ്വാഗതം ആശംസിച്ചു. നാരായണന്‍ നായര്‍ കൃതജ്ഞതാ പ്രസംഗം നടത്തി. ശ്രീമതി വിജി നാരായണന്‍ നായരുടെ നേതൃത്വത്തില്‍ തയാറാക്കി വിളമ്പിയ സ്‌നേഹവിരുന്ന്‌ എല്ലാവരും ആസ്വദിച്ചു. പ്രബന്ധത്തിന്റെ രണ്ടാം ഭാഗം നവംബര്‍ നാലാംതീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ കൂടുന്ന 159-മത്‌ സാഹിത്യവേദിയില്‍ ശ്രീമതി ഉമാ രാജ അവതരിപ്പിക്കുന്നതാണ്‌.
ലാനാ കണ്‍വെന്‍ഷന്‍: ഷിക്കാഗോ റീജിയന്‍ കിക്ക്‌ഓഫ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക