Image

ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌ ആചാര്യ അവാര്‍ഡ്‌ സ്വീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 12 October, 2011
ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌ ആചാര്യ അവാര്‍ഡ്‌ സ്വീകരിച്ചു
ഡോ. കെ.എം. തരകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആചാര്യ അവാര്‍ഡ്‌ (2010) സാംസ്‌കാരിക നായകനും, എഴുത്തുകാരനുമായ ഡോ. ഡി. ബാബു പോള്‍ ഐ.എ.എസിന്‌ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബാവാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ സമ്മാനിച്ചു.

ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്‌ച കോതമംഗലം മാരിയന്‍ അക്കാഡമി ഓഫ്‌ സ്റ്റഡി സെന്ററില്‍ വെച്ച്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു അവാര്‍ഡ്‌ ദാനം നടത്തിയത്‌.

`അനേകമേക ധര്‍മ്മത്തിലന്വയിപ്പതു ദീപകം' എന്ന കാവ്യാലങ്കാര ശാസ്‌ത്രത്തിന്റെ ജീവിതസാക്ഷാത്‌കാരം, സപ്‌തതിയുടെ നിറവിലും മികവുകളുടെ തികവില്‍ ജീവതത്തിന്റെ അത്യുന്നത ശ്രേണിയിലെത്തിയ ദുര്‍ലഭ വ്യക്തിത്വം, നര്‍മ്മബോധവും, ധര്‍മ്മവിചാരവും സമം ചേരുന്ന രചനകളുടേയും പ്രഭാഷണങ്ങളുടേയും സുഭഗത, ആത്മീയ തടാകങ്ങളെ ആര്‍ദ്രമാക്കുന്ന വേദശബ്‌ദ രത്‌നാകരം, ചെറിയ വലിയ കാര്യങ്ങളുടെ തമ്പുരാന്‍, സര്‍വ്വശ്ശേഷിയായ അറിവിന്റെ ആധാരം, ശാസ്‌ത്ര സാങ്കേതികവിദ്യകളുടെ പരിണയം, സാഹിത്യ സാംസ്‌കാരികസിദ്ധികളുടെ സമന്വയം, മാധ്യമ വിചാരശുദ്ധി, ഭരണ നിര്‍വ്വഹണ ശേഷി ഇവയെല്ലാം പരിഗണിച്ചാണ്‌ ഡോ. ബാബു പോളിനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌.

ടി.യു. കുരുവിള എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങ്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. ശ്രേഷ്‌ഠ കാതോലിക്ക ഡോ. ബസേലിയോസ്‌ തോമസ്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

സാജു പോള്‍ എം.എല്‍.എ, ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ, ഇ.ജെ. പൗലോസ്‌ എക്‌സ്‌ എം.എല്‍.എ, ഡോ. പി.കെ. സുന്ദരേശന്‍, കെ.എസ്‌.ഡി.എഫ്‌.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, പ്രഫ. പി.സി. ഏലിയാസ്‌, ഡോ. മേരി തരകന്‍, എം. അലിക്കുഞ്ഞ്‌, ഷമീര്‍ പനയ്‌ക്കല്‍ (മുനിസിപ്പല്‍ കൗണ്‍സിലര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. സാബു, ഡോ. ബാബു പോളിനെ പൊന്നാട അണിയിച്ചു.

മുന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും, എയര്‍ ഇന്ത്യ ചെയര്‍മാനുമായിരുന്ന റോയി പോള്‍ ഐ.എ.എസിന്റെ സാന്നിധ്യം ചടങ്ങിന്‌ കൊഴുപ്പേകി. ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഷെവലിയാര്‍ പ്രഫ. ബേബി എം. വര്‍ഗീസ്‌ നന്ദി രേഖപ്പെടുത്തി.

കോതമംഗലം നഗരത്തിലെ ജനാവലിയെ കൂടാതെ മരിയന്‍ അക്കാഡമി ഫാക്കല്‍റ്റിയിലേയും, എല്‍ദോ മോര്‍ ബസേലിയോസ്‌ കോളജിലേയും, നാടിന്റെ നാനാഭാഗത്തുനിന്നും എത്തിയ ചീരകത്തോട്ടം- മണ്ണാറപ്രായില്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.
ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌ ആചാര്യ അവാര്‍ഡ്‌ സ്വീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക