Image

പ്രതിപക്ഷത്തിന്റെ നടപടി അപമാനകരം: മുഖ്യമന്ത്രി

Published on 14 October, 2011
പ്രതിപക്ഷത്തിന്റെ നടപടി അപമാനകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ ആക്രമിച്ച പ്രതിപക്ഷ നടപടി നാടിന് അപമാനകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സഭയില്‍ നടന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഇത്രയും കാലം സഭയിലുണ്ടായിരുന്നിട്ടും ഇത്ര മോശമായ രംഗങ്ങളുണ്ടായിട്ടില്ല. ഇത്രയും എത്തിക്കണമായിരുന്നോ എന്ന് അവര്‍ ചിന്തിക്കണം. സഭയില്‍ എന്താണ് നടന്നതെന്ന് അറിയാന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടും. മാധ്യമങ്ങളുടെ മുമ്പാകെയായിരിക്കണം വീഡിയോ രംഗങ്ങള്‍ പരിശോധിക്കേണ്ടത്. നടന്നത് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ. എന്തും നടത്തിയിട്ട് അത് മറ്റുള്ളവരുടെ മേല്‍ പഴിപറയുന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം രീതിയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭയില്‍ കള്ളവോട്ട് നടന്നുവെന്ന് മുമ്പ് ആക്ഷേപിച്ച പ്രതിപക്ഷം വീഡിയോ പരിശോധനയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.

സഭയില്‍ ദിവസവും ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി പ്രതിപക്ഷം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ചിരിച്ചു, ആംഗ്യം കാട്ടി, ഫോണ്‍ വിളിച്ചു എന്നൊക്കെ പറഞ്ഞാണ് പ്രശ്‌നമുണ്ടാക്കുന്നത്. പ്രതിപക്ഷം പറയുന്നതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാനാകില്ല. പ്രതിപക്ഷത്തിന്റെ ഭീഷണി വിലപ്പോകില്ല. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളില്‍ വരുന്നതിനൊക്കെ ഉത്തരാവദിത്വം ഏല്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടുമോ എന്നറിയാന്‍ പോലീസിനെ സമീപിച്ചത് ആരൊക്കെയാണ് തനിക്കറിയാം. കെ.കെ ലതികയെ മര്‍ദിക്കുകയോ അവരുടെ ദേഹത്ത് ആരും തൊടുകപോലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും പറഞ്ഞു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുകയും അവരുടെ തലയില്‍ നിന്ന് തൊപ്പി തെറിച്ച് താഴെ വീഴുന്നതും തങ്ങള്‍ കണ്ടതാണ്. ഏതായാലും ഇതൊക്കെ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക