Image

എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ (കൈരളി ന്യൂയോര്‍ക്ക്‌)

Published on 26 September, 2013
എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ (കൈരളി ന്യൂയോര്‍ക്ക്‌)
മഹാരാജാവിന്റെ എയര്‍ലൈനിന്‌ ശനിദശ മാറാഞ്ഞിട്ടോ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ വിലകല്‍പ്പിക്കാഞ്ഞിട്ടോ എന്തോ അവരുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള ഒരു സര്‍വീസാണ്‌ യാത്രക്കാര്‍ക്ക്‌ നല്‍കുന്നത്‌ എന്ന കാര്യം ഓര്‍മ്മയിലിരിക്കട്ടെ.

ഈ കുറിക്കുന്നത്‌ കേട്ടകാര്യമല്ല. അനുഭവിച്ച കാര്യം തന്നെ. ലേഖകന്‌ ഈയിടെ അത്യാവശ്യമായി ഇന്ത്യയിലേക്ക്‌ പോകേണ്ടിവന്നു. വണ്‍വേ ടിക്കറ്റിലായിരുന്നു യാത്ര. തിരിച്ചുപോരാന്‍ നേരം ഗള്‍ഫ്‌ എയര്‍ലൈനുകളില്‍ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ തിരക്കുമൂലം ആവശ്യപ്പെട്ട സമയത്ത്‌ ടിക്കറ്റ്‌ കിട്ടിയില്ല. അപ്പോള്‍ ട്രാവല്‍ ഏജന്റിന്റെ നിര്‍ദേശ പ്രകാരം എയര്‍ ഇന്ത്യയ്‌ക്ക്‌ ബുക്ക്‌ ചെയ്യാന്‍ സമ്മതിച്ചു.

കൊച്ചിയില്‍ നിന്ന്‌ രാത്രി എട്ടിനു പുറപ്പെട്ട്‌ ഡല്‍ഹി വഴി ന്യൂയോര്‍ക്കില്‍ എത്തുന്ന ഫ്‌ളൈറ്റിലാണ്‌ ബുക്ക്‌ ചെയ്‌തത്‌. പോരുന്ന ദിവസം രാവിലെ പത്തുമണിയായപ്പോള്‍ എയര്‍ ഇന്ത്യയില്‍ നിന്ന്‌ ഒരു ഫോണ്‍ വന്നു. താങ്കള്‍ ബുക്ക്‌ ചെയ്‌ത ഡേറ്റുകള്‍ അനുസരിച്ച്‌ ന്യൂയോര്‍ക്കില്‍ എത്തണമെങ്കില്‍ വേഗം എയര്‍പോര്‍ട്ടില്‍ എത്തി റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌. മഹാരാജാവിന്റെ വിളംബരമല്ലേ- കാരണം എന്താണെന്ന്‌ ചോദിക്കും മുമ്പ്‌ മഹാരാജാവ്‌ ഫോണ്‍ കട്ട്‌ ചെയ്‌തു.

കോട്ടയത്തുനിന്നും നെടുമ്പാശേരിയില്‍ എത്തണമെങ്കില്‍, എങ്ങനെ വണ്ടിയോടിച്ചാലും രണ്ടു മണിക്കൂര്‍ എടുക്കും. വഴി ആണെങ്കില്‍ മുഴുവന്‍ കുഴിയും. എങ്കിലും പുറപ്പെട്ടുകഴിഞ്ഞു എന്നൊന്ന്‌ ധരിപ്പിക്കാന്‍ വിളിച്ച നമ്പരില്‍ തിരിച്ചുവിളിച്ചിട്ട്‌ മഹാരാജാവ്‌ ഫോണ്‍ എടുക്കുന്നുമില്ല. എന്തായാലും അന്ന്‌ തിരിച്ചുപോരേണ്ട ദിവസമായതിനാല്‍ രാത്രി എട്ടുമണിക്കുള്ള ഫ്‌ളൈറ്റ്‌ പിടിക്കാന്‍ രാവിലെ പതിനൊന്നുമണിക്കേ യാത്ര പുറപ്പെട്ടു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കാര്യം പിടികിട്ടി. എട്ടുമണിക്ക്‌ പോകേണ്ട ഫ്‌ളൈറ്റിന്റെ ടയറിനു പ്രശ്‌നം. മഹാരാജാവിന്റെ ഹൈഡ്രോളിക്‌ പ്രഷര്‍ എവിടെയോ നഷ്‌ടപ്പെട്ടു. അന്താരാഷ്‌ട്ര റൂട്ടില്‍ പറക്കുന്ന ഒരു എയര്‍ലൈനിന്റെ കെടുകാര്യസ്ഥതയാണ്‌ നിങ്ങള്‍ വായിച്ചത്‌!!

അങ്ങനെയാണെങ്കില്‍ വേറൊരു ഫ്‌ളൈറ്റിലേക്ക്‌ എന്റെ ടിക്കറ്റ്‌ എന്‍ഡോഴ്‌സ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ആ കുട്ടി പറഞ്ഞു- ഞങ്ങള്‍ നിങ്ങളെ ന്യൂവാര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടാലോ? കുഴപ്പമില്ല. ന്യൂവാര്‍ക്കില്‍ നിന്ന്‌ വീട്ടിലെത്താനുള്ള ടാക്‌സി ചാര്‍ജ്‌ തരുമോ?. അതു പറ്റില്ല. കാരണം? കാരണമൊന്നുമില്ല. ഒടുവില്‍ ന്യൂവാര്‍ക്കിനു പോകാമെന്നു സമ്മതിച്ചു. പത്തുമണിക്കുള്ള എയര്‍ഇന്ത്യാ ഫ്‌ളൈറ്റിനു ബോംബെയില്‍ എത്തി. ഒരു വിധത്തിന്‌ വെളുപ്പിന്‌ ഒന്നരയുടെ മറ്റൊരു ഫ്‌ളൈറ്റില്‍ കയറിപ്പറ്റി ന്യൂവാര്‍ക്കിലെത്തി. എങ്ങനെയുണ്ട്‌ മഹാരാജാവിന്റെ സര്‍വീസ്‌?

ഒരിക്കില്‍ ഒരു ന്യൂസ്‌ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയില്‍ കയറിയാല്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ എത്തിക്കില്ല. അതിനടുത്ത്‌ എവിടെയെങ്കിലും കൊണ്ടുവിടുമെന്ന്‌. ആ വാര്‍ത്ത അക്ഷരംപ്രതി ശരിയായി. ജെ.എഫ്‌.കെയ്‌ക്ക്‌ ടിക്കറ്റ്‌ എടുത്ത എന്നെ ന്യൂവാര്‍ക്കില്‍ കൊണ്ടുവിട്ടു. അന്ന്‌ അതൊരു തമാശയായി എടുത്തെങ്കിലും അനുഭവത്തില്‍ മനസിലായി. ആരും കെട്ടുകഥ ഉണ്ടാക്കിയതല്ല, സംഭവിച്ചുതന്നെയായിരുന്നുവെന്ന്‌.

ഇവിടെ യാത്രക്കാര്‍ മനസിലാക്കേണ്ട സംഗതി- സമയത്തിന്റെ വില അറിയില്ലാത്ത ഒരുപറ്റം ഉദ്യോഗസ്ഥരാണ്‌ ഒച്ചിന്റെ വേഗതയില്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നതെന്ന്‌ ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. മറ്റ്‌ പ്രൈവറ്റ്‌ എയര്‍ലൈനുകള്‍ക്ക്‌ ബിസിനസ്‌ നല്‍കുന്നതുവഴി അവിടെയിരിക്കുന്ന ഡ്യൂട്ടി ഓഫീസര്‍മാര്‍ മുതല്‍ എല്ലാവരുടേയും കീശ നിറയ്‌ക്കുന്ന കുതികാല്‍വെട്ടിത്തരമാണ്‌ ഇവര്‍ ചെയ്യുന്നത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ `പള്ളിക്കകത്തൊരു കുരിശുപള്ളി'.

യാത്രക്കാരുടെ സമയ നഷ്‌ടവും പണനഷ്‌ടവും അവര്‍ക്ക്‌ ഒരു വിഷയമല്ല. കാരണം രാവിലെ എട്ടുമണിക്ക്‌ മഹാരാജാവിന്‌ പ്രഷര്‍ ഇല്ലെന്ന്‌ അറിഞ്ഞ ഉടന്‍ മറ്റൊരു സ്‌പെഷല്‍ പ്ലെയിനില്‍ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ വേണമെങ്കില്‍ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാമായിരുന്നു. പക്ഷെ അതല്ലല്ലോ ഉദ്ദേശം.

എന്തായാലും ഒരു പാഠം പഠിച്ചു. സമയം ധാരാളം ഉള്ളപ്പോള്‍ മാത്രമേ ഇനിയും എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കൂ. കാരണം എപ്പോഴെങ്കിലും ഉദ്ദേശിച്ച സ്ഥലത്ത്‌ എത്തിയാല്‍ മതിയല്ലോ?

മറ്റു യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌: കൃത്യസമയത്ത്‌ തന്നെ ബുക്ക്‌ ചെയ്‌ത സ്ഥലത്ത്‌ എത്തണമെങ്കില്‍ മറ്റ്‌ എയര്‍ലൈനുകളെ സമീപിക്കുന്നതായിരിക്കും യുക്തം. അല്ലെങ്കില്‍ യാത്ര തുടങ്ങുന്നതിനു ഒരു ദിവസം മുമ്പേ എയര്‍ ഇന്ത്യാ യാത്രയോര്‍ത്ത്‌ തേങ്ങേണ്ടിവരും. മഹാരാജാവിന്റെ ഒരു തട്ടിപ്പേ!!!
Join WhatsApp News
josecheripuram 2013-09-27 09:06:06
Why you have to travel in a "Kalavadi".When you have a Benez.Let me tell you one thing the Indians does not know how to respect people.
@josecheraiapuram 2013-09-27 14:04:59
malayalam para chotta...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക