Image

താങ്ക്‌സ്‌ ഗിവിങ്ങ്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)

Published on 28 November, 2013
താങ്ക്‌സ്‌ ഗിവിങ്ങ്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
നന്ദി ഞാന്‍ ചൊല്ലുന്നെന്‍ ലോകപിതാവിനു
നന്ദി ഞാന്‍ ചൊല്ലുന്നെന്‍ മാതാപിതാക്കള്‍ക്കു
നന്ദി ഞാന്‍ ചൊല്ലുന്നെന്‍ പൂര്‍വ്വ പിതാക്കള്‍ക്കു
നന്ദി ഞാന്‍ ചൊല്ലുന്നെന്‍ പ്രിയ കുടുംബത്തിന്‌

വാത്സല്യമോടെന്നും തണലേകി മറഞ്ഞൊരെന്‍
അച്ഛന്റെ ഓര്‍മ്മയ്‌ക്കെന്‍ സ്‌നേഹ ബാഷ്‌പാഞ്‌ജലി
അച്ഛനുമൊത്തുള്ള നാളുകള്‍ സ്‌മരണയില്‍
മങ്ങാതെ മായാതെ തെളിയുന്നു ജ്വാലയായ്‌

യാതനയേറിയ ജീവിതപന്ഥാവില്‍ മക്കള്‍ക്ക്‌
തുണയായി, പിന്നീട്‌ നിഴലായൊതുങ്ങിയ
വീടിന്റെ വിളക്കായി നിത്യം വിളങ്ങുമെന്‍
അമ്മയ്‌ക്കു നല്‍കുന്നെന്‍ സ്‌നേഹ പ്രണാമം

ഇരവിനെ പകലാക്കി ജോലികള്‍ ചെയ്‌തിട്ടും
പിരിമുറുക്കങ്ങളില്‍ ഇടറാതെ പതറാതെ
അമ്മകൊളുത്തിയ ദീപത്തിന്‍ നെയ്‌ത്തിരി
അണയാതെ കാക്കുന്ന ഭാര്യയ്‌ക്കെന്‍ പ്രണാമം

മാതാപിതാക്കള്‍ക്കു മോദം പകര്‍ന്നിടും
മക്കള്‍ക്കു നല്‍കുന്നു നന്ദിതന്‍ പൂക്കൂട
കേമന്മാരായി പഠിച്ചവര്‍ ഉത്തമരാകുവാന്‍
സര്‍വ്വേശ കൃപകള്‍ക്കായി കേണു നമിക്കുന്നു

ഏതൊരു ദേശത്തു ഞാന്‍ വന്നുചേര്‍ന്നാലും
മകനായെന്നെ പോറ്റുവാന്‍ പലരുമുണ്ടായി
പെറ്റമ്മയെപ്പോല്‍ നിത്യം കാത്തു കരുതിയ
അമ്മാര്‍ക്കേവര്‍ക്കുമെന്‍ വന്ദ്യ പ്രണാമം

ഏറെ മഹത്വങ്ങള്‍ ആരെല്ലാം ചൊന്നാലും
വിദ്യതന്‍ വരദാനം കൂട്ടിനുണ്ടാകണം
അറിവിന്റെ നിറകുടം തുറന്നു പകര്‍ന്നൊരെന്‍
വന്ദ്യ ഗുരുക്കളെ ഓര്‍ത്തു നമിക്കുന്നു

ജീവിതദുഖങ്ങളുണ്ടാകും വേളയില്‍
ആദ്യമോര്‍ക്കുന്നു നാം കൂടെപ്പിറപ്പുകളെ
സന്തോഷ ദുഖങ്ങള്‍ ആദ്യാവസാനവും
പങ്കിട്ട സോദരര്‍ക്കെന്‍ സ്‌നേഹവന്ദനങ്ങള്‍

ബന്ധുക്കള്‍ നല്‍കുന്ന ശക്തമാം പിന്തുണ
ജീവിതമുടനീളം കരുത്തു പകരുന്നു
നേരുന്നു നന്ദിതന്‍ വാടാമലരുകള്‍
മറക്കില്ലയൊരിക്കലും നല്‍കിയ നന്മകള്‍

ഉത്തമ സുഹൃത്തുക്കള്‍ ബന്ധുക്കളെക്കാളും
സ്‌നേഹം ചൊരിഞ്ഞിടും രക്ഷകരായിടും
ആപത്തനര്‍ത്ഥത്തില്‍ വീട്ടുകാരായി മാറുന്ന
കൂട്ടുകാര്‍ക്കേവര്‍ക്കും നന്ദിതന്‍ പൂച്ചെണ്ട്‌

ആര്‍ഷ സംസ്‌കാരത്തിലൂടെന്നെ വളര്‍ത്തിയ
ഭാരതാംബയ്‌ക്കു ഞാനര്‍പ്പിക്കുന്നെന്‍ പ്രണാമം
മരുമകനാമെന്നെ മകനാക്കി മാറ്റിയ
മഹാരാജ്യത്തിനുമെന്റെ കോടി പ്രണാമം.

സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ (sabujacobs@gmail.com)
താങ്ക്‌സ്‌ ഗിവിങ്ങ്‌ (കവിത: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
Join WhatsApp News
Moncy kodumon 2013-11-28 14:53:52
Very nice .  You said thanks to everyone through your poem
Especially this country given a lot of chance to everyone without
religion color  age and treated very good  to get a good job
and education and become a good position.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക