Image

ഹൃദയത്തില്‍ ഒരു പുല്‍ക്കൂട്‌ (ക്രിസ്‌തുമസ്സ്‌ ആശംസകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 23 December, 2013
ഹൃദയത്തില്‍ ഒരു പുല്‍ക്കൂട്‌ (ക്രിസ്‌തുമസ്സ്‌ ആശംസകള്‍: സുധീര്‍ പണിക്കവീട്ടില്‍)
ദൈവപുത്രന്റെ തിരുപിറവി അറിയിക്കാന്‍ ദൈവദൂതന്മാരും വരവേല്‍പ്പിന്റെ മാലാഖമാരും ആനന്ദ ഗീതങ്ങള്‍ പാടിതകര്‍ത്ത ക്രിസ്‌തുമസ്സ്‌ രാത്രി ഇതാ സമാഗതമാകുന്നു. സര്‍വ്വ ജനത്തിനുമുണ്ടാവാനുള്ളൊരു സന്തോഷവാര്‍ത്തയാണ്‌ ദേവദൂതന്‍ അന്ന്‌ അറിയിച്ചത്‌. അതായിരിക്കണം വിയര്‍ത്തുകൊണ്ട്‌ ഉപജീവനം കഴിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ കേട്ട ആദ്യത്തെ സുവിശേഷം. :കര്‍ത്താവായ ക്രിസ്‌തു എന്ന രക്ഷിതാവ്‌ ഇന്ന്‌ ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.( ലൂക്കോസ്‌ 2:11)

ഭൂമിയില്‍ ഈശ്വരന്‍ അവതരിച്ചപ്പോള്‍ ആകാശത്തില്‍ നക്ഷത്രപംക്‌തികള്‍ മിന്നിത്തിളങ്ങി. പൂര്‍വ്വദേശത്ത്‌ നിന്നും വിദ്വാന്മാര്‍ ആ നക്ഷത്രങ്ങളെ ലക്ഷ്യമാക്കി പുറപ്പെട്ടു. മനുഷ്യരാശിയുടെ രാജകുമാരനെ വന്ദിക്കാന്‍. ദൈവം നമ്മുടെ കൂടെ എന്ന ആശ്വാസത്തിന്റെ അനിര്‍വ്വചനീയമായ ആനന്ദ നിര്‍വൃതിയില്‍ വിദ്വാന്മാര്‍ പൊന്നും, മൂറും, കുന്തി രിക്കവും ദൈവപുത്രനു കാണിക്കവക്ലു. യെശ്‌യ്യാവിന്റെ പ്രവചനം ഇവിടെ നിവര്‍ത്തിയാകുന്നു. ഒട്ടകങ്ങളുടെ കൂട്ടവും, മിദ്യാനിലെയും, ഏഫയിലേയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും. ഹേബയില്‍ നിന്ന്‌ അവരൊക്കെയും വരും, പൊന്നും, കുന്തിരിക്കവും അവര്‍ കൊണ്ട്‌ വന്ന്‌ യഹോവയുടെ സ്‌തുതിയെ ഘോഷിക്കും. തിരുപിറവിയെപ്പറ്റിയുള്ള വിവരം വിദ്വാന്മാരില്‍ നിന്നും ഗ്രഹിച്ച ഹെരോദ രാജാവ്‌ അത്‌ വിശ്വസിച്ചതായി കാണുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ അത്‌ വിശ്വസിച്ചില്ല. ആധുനിക മനുഷ്യന്‍ `ദൈവം ഇല്ല എന്ന്‌ അവന്റെ ഹ്രുദയത്തില്‍ പറയുന്നു. അവര്‍ വഷളന്മാരായി, മ്ലേച്‌ഛമായ നീതികേട്‌ പ്രവര്‍ത്തിക്കുന്നു.(സ്‌ങ്കീര്‍ത്തനം: 53:1) ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ അവനെ എവിടേയും കാണുന്നു. അവന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.

വിശ്വാസികളുടെ ഹൃയങ്ങളെ ആഹ്ലാദഭരിതമാക്കികൊണ്ട്‌ ക്രിസ്‌തുമസ്സ്‌ വന്നെത്തുമ്പോള്‍ തിരുപിറവിയെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഭക്‌തന്മാര്‍ പാടുന്നു. ലോകത്തിനു സന്തോഷം രക്ഷിതാവായ ദൈവം ഭൂമിയില്‍ വന്നു. ഭൂമി അവളുടെ രക്ഷാധികാരിയെ സ്വീകരിക്കട്ടെ. എല്ലാ ഹൃദയത്തിലും അവനെ സ്വീകരിക്കാന്‍ മുറിയൊരുങ്ങട്ടെ. ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നുകൊണ്ട്‌ പ്രക്രുതിയും പലപ്പോഴും തൂമഞ്ഞ്‌ തൂവ്വി നില്‍ക്കുന്നു. മഞ്ഞിന്റെ വെള്ളനീരാളം പുതച്ചു കിടക്കുന്ന ഭൂമി എത്ര മനോഹരി. പ്രക്രുതിയുടെ മൗന ഗീതം പോലെ ഉതിരുന്ന മഞ്ഞുകണങ്ങള്‍. നമുക്ക്‌ ചുറ്റും ശുഭ്രമായ വെണ്മ നമ്മളെ നമ്മുടെ ഹൃദയം ശുദ്ധീകരിക്കാനും അവിടെ ഈശ്വരനെ പാര്‍പ്പിക്കാനും ഓര്‍മ്മിപ്പിക്കുന്നു.

ഇസ്രായേലിന്റെ മധുര ഗായകന്‍ എന്നറിയപ്പെടുന്ന ദാവീദ്‌ ഇങ്ങനെ പാടുന്നതായി നമ്മള്‍ വായിക്കുന്നു. `ഞാന്‍ നിര്‍മ്മലനാകേണ്ടതിനു ഈസ്സോപ്പ്‌ കൊണ്ട്‌ എന്നെ ശുദ്ധീകരിക്കേണമേ, ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിനു എന്നെ കഴുകണമേ..(സങ്കീര്‍ത്തനം 5:7) എവിടേയും ഈശ്വരചൈതന്യമുണ്ടെന്ന്‌ പ്രകൃതിയും മനുഷ്യരെ ഓര്‍മ്മപ്പെടുത്തിയും അറിയിച്ചും കൊണ്ടിരിക്കുന്നു. മത്തായിയുടെ സുവിശേഷം പറയുന്നത്‌ ശ്രദ്ധിക്കുക അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു. അവന്റെ വസ്ര്‌തം വെളിച്ചം പോലെ വെള്ളയായിതീര്‍ന്നു. മഞ്ഞിന്റെ ഉടയാടയണിഞ്ഞ്‌നില്‍ക്കുന്ന പ്രക്രുതിയിലും ഈശ്വരന്‍ പ്രതിബിംബിക്കുന്നു. ദൈവ മനുഷ്യനു കൊടുത്ത മഹത്തായ ഉപഹാരമത്രെ ശ്രീയേശുദേവന്‍. അവനെ ഭൂമിയിലേക്ക്‌ അയച്ചപ്പോള്‍ അവനു പിറക്കാന്‍ കൊട്ടാരമല്ല പുല്‍ക്കൂടാണ്‌ ദൈവം ഒരുക്കിയത്‌. ദൈവപുത്രനെ സ്വീകരിക്കാന്‍ വേണ്ടി എല്ലാവരും അവരുടെ ഹുദയങ്ങളെ നിര്‍മ്മലമാക്കുകയും വിനീതമാക്കുകയും ചെയ്യേണ്ടതാണ്‌. സ്‌നേഹവും വിനയവുമുള്ളേടത്ത്‌ ഈശ്വരചൈതന്യം ഉണ്ടാകുന്നു. ഹൃദയത്തില്‍ ഒരു പുല്‍ക്കൂടൊരുക്കുക, സഹനത്തോടെ കാത്തിരിക്കുക.

ദൈവപുത്രന്‍ പിറന്നു എന്ന്‌ ന്വിശ്വസിക്കുന്ന ഈ പുണ്യമാസം തെറ്റുകള്‍ തിരുത്താനും പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും ഈശ്വരവിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം നയിക്കാനും എല്ലാവര്‍ക്കും അവസരം നല്‍കുന്നു.. ശാശ്വതമായ ദൈവരാജ്യം നിങ്ങളില്‍ സ്‌തിഥിചെയ്യുമ്പോള്‍ ക്ഷണികമായ ഈ മായാലോകത്തിന്റെ പരീക്ഷണങ്ങളില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പലരുടേയും കാറിന്റെ ബമ്പറില്‍ ഒട്ടിക്ലിരിക്കുന്ന ഒരു വാചകം ഇത്തരുണത്ത്‌തില്‍ സ്‌മരണീയമാണ്‌. വിദ്വാന്മാര്‍ അവനെ ഇപ്പോഴും അന്വേഷിക്കുന്നു. ശരിയാണ്‌ തിരുപിറവിയറിഞ്ഞ വിദ്വാന്മാര്‍ പൂര്‍വ്വദേശത്ത്‌ നിന്ന്‌ അവനെ അന്വേഷിച്ചു വന്നു. അതേപോലെ അറിവുള്ളവര്‍ ഇന്നും അവനെ അന്വേഷിക്കുന്നു. അനേഷിക്കുന്നവര്‍ കണ്ടെത്തുന്നു.

എല്ലാവര്‍ക്കും ക്രിസ്‌തുമസ്സ്‌ ആശംസകള്‍. അന്ന്‌ ബെത്‌ലഹേമില്‍ മാലാഖമാര്‍ പാടിയ സ്‌തുതി നമുക്ക്‌ ഇപ്പോള്‍ ഏറ്റുപാടാം. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം.


ശുഭം.
ഹൃദയത്തില്‍ ഒരു പുല്‍ക്കൂട്‌ (ക്രിസ്‌തുമസ്സ്‌ ആശംസകള്‍: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക